Deshabhimani

print edition നിർവചനങ്ങൾ പൊളിച്ചെഴുതി ദിൽഷാദ

ef
avatar
ഹര്‍ഷിദ ബത്താലി

Published on Oct 04, 2026, 02:16 AM | 2 min read

കണ്ണൂർ തോട്ടടയിലെ പുസ്തകമണമുള്ള മുറിയിലിരുന്ന് ആറാം ക്ലാസുകാരി ദിൽഷാദ വായിച്ചുതീർത്തത് രാജ്യത്തിന്റെ കഥകളായിരുന്നു. ഗുജറാത്ത് കലാപത്തിന്റെയും നരോദ പാട്യ കൂട്ടക്കൊലയുടെയും ഉത്തരേന്ത്യൻ തെരുവുകളിൽ ന്യൂനപക്ഷങ്ങൾ അനുഭവിക്കേണ്ടി വന്ന വിവേചനങ്ങളുടെയും നീറുന്ന ഓർമകളായിരുന്നു. “പെൺകുട്ടികൾക്ക് പറ്റിയ മേഖലയല്ല” എന്നുപറഞ്ഞ് ഒരിക്കൽ മാറ്റിനിർത്തപ്പെട്ട എൻജിനിയറിങ് സ്വപ്നത്തിന് അപ്പുറത്തേക്ക്, ചോദ്യങ്ങൾ ചോദിക്കുന്ന സ്വന്തം സ്വഭാവമാണ് പിന്നീട് ദിൽഷാദ റൈഹാൻ എന്ന പെൺകുട്ടിയെ ഫിലോസഫിയിലേക്കും ഗവേഷണത്തിലേക്കും ഒടുവിൽ രാജ്യത്തെ ശ്രദ്ധേയമായ ഒരു കേന്ദ്ര സർവകലാശാലയുടെ യൂണിയൻ നേതൃത്വത്തിലേക്കും എത്തിച്ചത്.


ഇന്ന് ഹൈദരാബാദ് സർവകലാശാലാ വിദ്യാർഥി യൂണിയന്റെ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷയാണ് ദിൽഷാദ. സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി വിദ്യാർഥി യൂണിയനെ നയിക്കാൻ എത്തുന്ന മുസ്ലിം വനിത. പക്ഷേ, ആ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പ്രകാശവലയങ്ങൾക്കപ്പുറം സഞ്ചരിച്ച വഴികളെക്കുറിച്ച് ദിൽഷാദയ്ക്ക് വ്യക്തമായ ബോധ്യമുണ്ട്.

​

തിരിച്ചറിവുകളുടെ ക്യാമ്പസ് രാഷ്ട്രീയം

​

കണ്ണൂർ സിറ്റി ദീനുൽ ഇസ്ലാം സഭ സ്കൂളിലെ പഠനത്തിനുശേഷം തലശേരി ഗവ. ബ്രണ്ണൻ കോളേജിൽനിന്നാണ് ദിൽഷാദ ഫിലോസഫിയിൽ ബിരുദവും ബിരുദാനന്തരബിരുദവും പൂർത്തിയാക്കുന്നത്. ബ്രണ്ണനിലെ എസ്‌എഫ്‌ഐ പ്രവർത്തനത്തിലൂടെയാണ് സ്കൂൾ കാലത്ത് വായിച്ചറിഞ്ഞ രാഷ്ട്രീയബോധം കൂടുതൽ ശക്തമാകുന്നത്. എന്നാൽ, കേരളത്തിന് പുറത്തേയ്ക്ക്, ഹൈദരാബാദ് ക്യാമ്പസിലേക്ക് എത്തിയപ്പോഴാണ് ഒരു സ്ത്രീ എന്ന നിലയിലുള്ള സ്വന്തം രാഷ്ട്രീയ സ്ഥാനം കൂടുതൽ വ്യക്തമായതെന്ന് ദിൽഷാദ പറയുന്നു.


​“കേരളത്തിലെ ഒരു മുസ്ലിം പെൺകുട്ടിയുടെ അനുഭവമല്ല, മറ്റ്‌ സംസ്ഥാനങ്ങളിൽ. നമ്മൾ എത്രത്തോളം പ്രിവിലേജ്ഡ് ആണെന്ന് പുറത്തുവരുമ്പോഴാണ് മനസ്സിലാകുന്നത്. കേരളത്തിന് പുറത്ത് ന്യൂനപക്ഷങ്ങൾ നേരിടുന്ന വേട്ടയാടലുകൾക്ക് വേറൊരു വ്യാപ്തിയുണ്ട്.”

​സമൂഹത്തിന്റെ കാണാച്ചരടുകൾ ഒരു സ്ത്രീയുടെ സ്വകാര്യ തെരഞ്ഞെടുപ്പുകളെപ്പോലും എങ്ങനെ നിർവചിക്കുന്നുവെന്ന അനുഭവവും ദിൽഷാദ പങ്കുവയ്ക്കുന്നു. തട്ടമിട്ടാൽ ‘കൺസർവേറ്റീവ്’ എന്ന് ചാപ്പ കുത്തുക, തട്ടമിടാതിരുന്നാൽ ‘മതം ഉപേക്ഷിച്ചവൾ’ എന്ന് ലേബൽ ഒട്ടിക്കുക.

​“തട്ടമിടുന്നതുംഇടാതിരിക്കുന്നതും എന്റെ ‘ചോയ്സ്’ ആണെന്ന് പറയുന്നതുപോലും എളുപ്പമല്ല. നമ്മൾ എന്തുചെയ്താലും അതിന് മറ്റൊരു അർഥം നൽകാൻ സമൂഹം തയ്യാറായി നിൽപ്പുണ്ടാകും. ഒരു പുരുഷ രാഷ്ട്രീയപ്രവർത്തകൻ നേരിടുന്ന വിമർശമല്ല ഒരു സ്ത്രീക്ക് കിട്ടുന്നത്. നമ്മളെ ഓഡിറ്റ് ചെയ്യുന്നതിന്റെ തോതുതന്നെ വളരെ കൂടുതലാണ്. ‘മുസ്ലിം ആയതുകൊണ്ട് വോട്ട് ചെയ്യില്ല’ എന്ന് മുഖത്തുനോക്കി പറഞ്ഞവരുണ്ട്.

​

‘വൈ നോട്ട്‌ എസ്‌എഫ്‌ഐ?’

​

പൊതുമണ്ഡലത്തിൽ ഉറച്ചുനിൽക്കാനുള്ള ഇടം എസ്‌എഫ്‌ഐയിലാണ് ലഭിച്ചതെന്ന് ദിൽഷാദ പറയുന്നു.

​“വൈ എസ്‌എഫ്‌ഐ എന്ന് ചോദിച്ചാൽ ‘വൈ നോട്ട്‌ എസ്‌എഫ്‌ഐ’ എന്നാണ് ഞാൻ ചോദിക്കുക. സ്ത്രീ പ്രാതിനിധ്യം വെറും പേരിലൊതുങ്ങാതെ മുന്നിൽനിന്ന് പ്രവർത്തിക്കാനും നേതൃത്വം ഏറ്റെടുക്കാനും എനിക്ക് ഇവിടെ ഇടം കിട്ടി.” ക്യാമ്പസ് രാഷ്ട്രീയത്തിലെ സംഘർഷസാധ്യതകൾ വീട്ടിൽ തുടക്കത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ, രാഷ്ട്രീയവും ജീവിതവും തെരഞ്ഞെടുക്കാനുള്ള അവകാശം മകളുടേതാണെന്ന നിലപാടായിരുന്നു ഉപ്പയ്ക്കും ഉമ്മയ്ക്കും. ഉപ്പയ്ക്ക് തോട്ടടയിൽ സ്റ്റേഷനറി കടയാണ്. ഉമ്മ വീട്ടമ്മ. അനിയത്തി ബിഎഡ് ചെയ്യുന്നു.

​

ഗവേഷണവും രാഷ്ട്രീയവും ഒന്നാകുന്ന വഴി

​

പഠനമുറിയും രാഷ്ട്രീയക്കളവും വേറിട്ട ഒന്നല്ല. ഒരാളുടെ ജാതി, മതം, വർഗം, സ്ത്രീത്വം തുടങ്ങിയ കാരണങ്ങളാൽ അയാളുടെ അനുഭവങ്ങളെയും അറിവിനെയും സമൂഹം വിശ്വസിക്കാതിരിക്കുകയും വില കുറച്ചുകാണുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചായിരുന്നു ബിരുദാനന്തരബിരുദ പ്രബന്ധത്തിൽ പഠിച്ചതെങ്കിൽ, നിലവിൽ ഹൈദരാബാദ് സർവകലാശാലയിൽ സാമൂഹ്യ വിജ്ഞാനശാസ്ത്രം (Social Epistemology) എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ഗവേഷണം ചെയ്യുന്നത്. “ആരുടെ അറിവിനാണ് വില? ആരുടെ വാക്കുകളാണ് വിശ്വസിക്കപ്പെടുന്നത്? ആരെയാണ് സ്ഥിരരൂപങ്ങളായി മുദ്രകുത്തുന്നത്? ഇതൊക്കെത്തന്നെയാണ് പഠനവിഷയവും

​

ആഘോഷങ്ങൾക്കപ്പുറം വലിയ ഉത്തരവാദിത്വങ്ങൾ

​

ഇടതു-ബഹുജൻ സഖ്യത്തിന്റെ സ്ഥാനാർഥിയായി 2178 വോട്ടുകൾ നേടി, 451 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിൽഷാദ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. വലതുപക്ഷ വിദ്യാർഥി സംഘടനകളെ കലാലയത്തിൽനിന്ന് മാറ്റിനിർത്തുക എന്നതായിരുന്നു പ്രധാന പ്രചാരണ ലക്ഷ്യം. വിജയം വൻ ആഘോഷമാകുമ്പോഴും വലിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾമാത്രം പ്രസംഗിച്ച് നിൽക്കാൻ ദിൽഷാദ തയ്യാറല്ല. ആർത്തവ അവധി, ഭരണസമിതി ഭക്ഷണശാലകളിലെ നിരക്കിളവുകൾ, ദീർഘകാല രോഗമുള്ള വിദ്യാർഥികൾക്കുള്ള ഹാജർ ഇളവുകൾ, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം, തൃതീയലിംഗ നയം, കൃത്യമായ തൊഴിൽ അവസരങ്ങൾ എന്നതുപോലെയുള്ള വിദ്യാർഥികളുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങൾക്കൊപ്പം നിൽക്കാനാണ് ആഗ്രഹിക്കുന്നത്.

ഒരിക്കൽ “പെൺകുട്ടികൾക്ക് പറ്റിയതല്ല” എന്ന വാക്കിൽ ഒരു സ്വപ്നം മാറ്റിവച്ച ദിൽഷാദ ഇന്ന് സ്വന്തം തെരഞ്ഞെടുപ്പുകളെ മറ്റാരും നിർവചിക്കേണ്ടതില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home