ad
Deshabhimani

കഥകളിയിൽ പുതുചരിത്രം

sabri
avatar
അനിൽ മാരാത്ത്


Published on Oct 19, 2025, 12:01 AM | 1 min read

കേരള കലാമണ്ഡലത്തിൽ അരങ്ങേറ്റം കഴിഞ്ഞ പത്താംക്ലാസ് വിദ്യാർഥിനി സാബ്രി, കഥകളി പഠനാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.


കഥകളിയിലേക്ക്


ചെറുപ്പംമുതൽ കഥകളിവേഷങ്ങളോടും ചുട്ടികുത്തലിലെ നിറവിന്യാസങ്ങളോടും ഇഷ്ടമാണ്‌. ഫോട്ടോഗ്രാഫറായ അച്ഛന്റെ കഥകളി ചിത്രങ്ങളാണ്‌ കൂടുതൽ താൽപ്പര്യം ജനിപ്പിച്ചത്‌. ചിത്രങ്ങൾ പകർത്താൻ പോകുമ്പോൾ സ്ഥിരമായി കൂടെ പോകും. ഉറക്കമൊഴിഞ്ഞ് കാണും. അങ്ങനെയാണ്‌ കഥകളിയോടും കഥകളിവേഷത്തോടും ഇഷ്ടം തോന്നുന്നതും കലാമണ്ഡലത്തിൽ ചേർന്ന്‌ പഠിക്കാൻ നിശ്ചയിക്കുന്നതും.


സ്കൂൾ പഠനം


എൽപി, യുപി വിദ്യാഭ്യാസം കൊല്ലം ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലായിരുന്നു. 2022ലാണ് കലാമണ്ഡലത്തിൽ പഠനവിഷയങ്ങളിലെ ലിംഗവിവേചനം എടുത്തുമാറ്റുന്നത്. 2023ൽ എട്ടാംക്ലാസിൽ പ്രവേശനം നേടി. കേരള കലാമണ്ഡലത്തിന്റെ 90 വർഷത്തെ ചരിത്രത്തിൽ ആദ്യമാണ് ഒരു മുസ്ലിം വിദ്യാർഥിനി എത്തുന്നത്. ആചാര്യനായ കലാമണ്ഡലം ഗോപിയാശാന്‌ ദക്ഷിണ നൽകിയാണ് പഠനം ആരംഭിച്ചത്.


കളരിയിൽ


രാവിലെ 4.30ന്‌ കളരിയിൽ എത്തി സാധകം ചെയ്യണം. അതിനുശേഷം ഒന്പതുമുതൽ 11 മണിവരെ കളരിയാണ്. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും അടങ്ങുന്നതാണ് ബാച്ച്. തെക്കൻ കഥകളിയാണ് അഭ്യസിക്കുന്നത്. വടക്കൻ ശാഖയെ അപേക്ഷിച്ച് ലളിതവും സുതാര്യവുമായ അവതരണശൈലിയാണ്. വേഷങ്ങളിലും ലാളിത്യമുണ്ട്. അതിശയോക്തിയില്ലാത്ത മുഖചിത്രീകരണം. അലങ്കാരങ്ങളിൽ പ്രൗഢി കുറച്ച്‌ കഥാപാത്രത്തെ തിരിച്ചറിയാൻ മതിയാകുന്ന രീതിയാണ് തെക്കൻ.


കലയും മതവും


മതപരമായ വിശ്വാസം നിലനിർത്തുന്നു. പക്ഷേ, അന്ധവിശ്വാസമില്ല. കലയെയും മതത്തെയും കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നില്ല. കലയെ അങ്ങനെയാണ് കാണുന്നത്. മതം കലയ്‌ക്ക്‌ ഒരു തടസ്സമാകരുതെന്ന കാഴ്ചപ്പാടാണ്. അതുകൊണ്ടാണ്‌ ക്ഷേത്രാങ്കണത്തിലെ കഥകളി ആസ്വദിക്കാൻ സ്ഥിരമായി പോകാൻ ഇടവന്നത്.


ഗുരുനാഥന്മാർ


കലാമണ്ഡലം അനിൽകുമാറാണ് കളരി അധ്യാപകൻ. ആദ്യകാല ഗുരു കലാമണ്ഡലം ആരോമൽ. കൃഷ്ണവേഷമാണ് ഇഷ്ടം. കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രോത്സാഹനമാണ്‌ കരുത്ത്, എതിർപ്പുകൾ കുറവാണ്. ഉണ്ടെങ്കിൽത്തന്നെ അതൊന്നും കണക്കിലെടുക്കാറില്ല.


കുടുംബം


കൊല്ലം ജില്ലയിലെ ഇടമുളയ്ക്കലാണ് സ്വദേശം. അച്ഛൻ നിസാം അമ്മാസ് പരിസ്ഥിതി ഫോട്ടോഗ്രാഫറാണ്. 2021ലെ കേരള ലളിതകലാ അക്കാദമി ഗ്രാന്റും പബ്ലിക് റിലേഷൻസ് വകുപ്പിന്റെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡും നേടിയിട്ടുണ്ട്. അമ്മ: അനീസ. സഹോദരൻ: മുഹമ്മദ് യാസീർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home