'ഡെക്കാൻ പ്രിൻസായി' വിജയ്, 'ലക്ഷ്മി'യായി രശ്മിക; വൈറലായി മെഹന്ദി ചിത്രങ്ങൾ

രശ്മിക മന്ദാനയുടെയും വിജയ് ദേവരകൊണ്ടയുടെയും മെഹന്ദി ചടങ്ങില്‍ നിന്ന്
ഉദയ്പൂർ: ആരാധകർ കാത്തിരുന്ന വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹത്തിന്റെ മെഹന്ദി ചിത്രങ്ങൾ പുറത്ത്. ഫെബ്രുവരി 25-ന് നടന്ന 'പ്രധാനം', മെഹന്ദി ചടങ്ങുകളിൽ തനതായ സ്റ്റൈലിൽ എത്തിയ ദമ്പതികളുടെ ചിത്രങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചയാവുകയാണ്. മൈസൂരിന്റെയും ഹൈദരാബാദിന്റെയും സംസ്കാരം വിളിച്ചോതുന്ന വസ്ത്രങ്ങളാണ് പ്രശസ്ത ഡിസൈനർ കരൺ തൊറാണി ഇവർക്കായി ഒരുക്കിയത്.
രശ്മികയുടെ മെഹന്ദി വേഷം ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല, അത് ഒരു കലാരൂപം കൂടിയാണ്. 1825-ൽ തൃച്ചിനാപ്പള്ളിയിൽ ഗുവാഷ് ശൈലിയിൽ നിർമ്മിക്കപ്പെട്ട പ്രശസ്തമായ തഞ്ചാവൂർ പെയിന്റിംഗാണ് രശ്മികയുടെ വസ്ത്രത്തിന് പ്രചോദനമായത്.

വിവാഹശേഷം വധു ഒരു വീട്ടിലേക്ക് ഐശ്വര്യത്തിന്റെ ലക്ഷ്മി ദേവിയായി വരുന്നു എന്ന സങ്കൽപ്പമാണ് രശ്മികയുടെ വസ്ത്രത്തിന് പിന്നിലെ പ്രചോദനം. 'ദേവി' എന്ന സങ്കൽപ്പത്തെ മുൻനിർത്തി നിർമ്മിച്ച ഈ വേഷത്തിൽ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദേവിയായി കരുതുന്ന ലക്ഷ്മിയെ തഞ്ചാവൂർ ശൈലിയിൽ എംബ്രോയ്ഡറി ചെയ്തിരിക്കുന്നു.
തഞ്ചാവൂർ ചിത്രകലയിലെ പ്രധാന നിറങ്ങളായ കടും നീല, മെറൂൺ, മഞ്ഞ എന്നീ നിറങ്ങളാണ് വസ്ത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്. കോർസെറ്റ് ടോപ്പും ഡിസൈനർ ധോത്തി സ്കർട്ടുമായിരുന്നു രശ്മികയുടെ വേഷം. കോർസെറ്റ് ധോത്തി സ്കർട്ടിനൊപ്പം ലക്ഷ്മി ദേവിയുടെ ചിത്രം എംബ്രോയ്ഡറി ചെയ്ത 'ഓഡ്ന' (ദുപ്പട്ട) രശ്മികയെ അതിസുന്ദരിയാക്കി. മിനിമൽ സ്റ്റൈലിലായിരുന്നു മെഹന്ദി ചെയ്തിരുന്നത്.

ഹൈദരാബാദിലെ നിസാം സംസ്കാരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ലുക്കിലാണ് വിജയ് എത്തിയത്. രശ്മികയുടെ ലുക്കിനോട് ചേരുന്ന വിധത്തിൽ തന്നെ വിജയ്‍യെ ഒരു രാജകുമാരനായിട്ടാണ് കരൺ തൊറാണി അവതരിപ്പിച്ചത്. പച്ച കുർത്തയും ഇൻഡിഗോ വേഷ്ടിയും അതിന് മുകളിൽ അതിമനോഹരമായി എംബ്രോയ്ഡറി ചെയ്ത ജാക്കറ്റും വിജയ്‍യെ ഒരു 'ഡെക്കാൻ പ്രിൻസ്' ആക്കി മാറ്റി. മഹാരാജാക്കന്മാരുടെ മുദ്രകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ടൂർമലൈൻ നെക്ലേസ് വിജയ്‍യുടെ വേഷത്തിന് മാറ്റുകൂട്ടി.

ഫെബ്രുവരി 26-ന് ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ വെച്ച് നടന്ന ചടങ്ങിൽ തെലുഗു, കൊടവ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. 2018-ൽ 'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഇവരുടെ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തി നിൽക്കുന്നത്. 'റാണാബലി' എന്ന പുതിയ ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നുണ്ട്.











0 comments