ആ ഫ്ലാറ്റ് വയറിന് പിന്നിൽ കഠിനമായ വർക്കൗട്ട്; സ്വന്തം ശരീരത്തെ പീഡിപ്പിക്കരുത്: തപ്സി പന്നു

തപ്സി പാനു (Photo Credit: Taapsee Pannu's Facebook)
ഇൻസ്റ്റാഗ്രാം പോലുള്ള സോഷ്യൽ മീഡിയ ചിത്രങ്ങളിൽ കാണുന്ന യാഥാർഥ്യബോധമില്ലാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് പിന്നാലെ പോയി സ്ത്രീകൾ സ്വയം പീഡിപ്പിക്കരുതെന്ന് നടി തപ്സി പന്നു. ഫ്ലാറ്റ് മിഡ്രിഫ് അഥവാ പരന്ന വയർ സ്വന്തമാക്കുന്നതിനായി മുൻപ് താൻ ശരീരത്തെ അമിതമായി കഠിന വ്യായാമങ്ങൾക്കും പരിശീലനങ്ങൾക്കും ഇരയാക്കിയിരുന്നതായി തപ്സി ഓർമ്മിക്കുന്നു.
ശരീരം പരിധിയിലധികം കഠിനമായി വ്യായാമം ചെയ്യുമ്പോൾ, സ്വയം സംരക്ഷിക്കാനായി തലച്ചോർ നൽകുന്ന നിർദ്ദേശപ്രകാരം ശരീരം ജലാംശം പുറന്തള്ളുന്നതിന് പകരം അത് നിലനിർത്താൻ (Water Retention) തുടങ്ങും. അടിവയറ്റിൽ കാണുന്നത് വെറും കൊഴുപ്പ് മാത്രമല്ലെന്നും, അമിത വ്യായാമം കാരണം ശരീരം നിലനിർത്തുന്ന ജലാംശം കൂടിയാണെന്നും നടി പറഞ്ഞു. വീണ്ടും അമിതമായി പ്രയത്നിക്കുമ്പോൾ ഈ അവസ്ഥ വർദ്ധിക്കുകയേ ഉള്ളൂ എന്നും തപ്സി ഓർമപ്പെടുത്തി.
സ്ത്രീകളുടെ പ്രധാന പ്രത്യുത്പാദന അവയവങ്ങൾ അടിവയറ്റിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവയുടെ സംരക്ഷണത്തിന് ആ ഭാഗത്ത് കുറഞ്ഞ അളവിൽ കൊഴുപ്പും ജലാംശവും ഉണ്ടാകേണ്ടത് പൂർണ്ണമായും ആരോഗ്യകരമായ കാര്യമാണ്. തന്റെ പോഷകാഹാര വിദഗ്ദ്ധയാണ് ഈ ശാസ്ത്രീയ വശം തനിക്ക് വിശദീകരിച്ചു തന്നതെന്ന് തപ്സി പറഞ്ഞു.
വയറ് അല്പം വീർത്തിരിക്കുന്നത് സ്വാഭാവികമാണെന്നും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിലെ പോലെ കൃത്രിമമായി ശരീരം രൂപപ്പെടുത്താൻ വേണ്ടി സ്ത്രീകൾ സ്വന്തം ശരീരത്തോട് കഠിനമായി പെരുമാറരുതെന്നും തപ്സി കൂട്ടിച്ചേർത്തു.









0 comments