റംസാൻ നോമ്പും ഭക്ഷണവും; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

എ ഐ പ്രതീകാത്മക ചിത്രം

അനു മാത്യു
Published on Feb 20, 2026, 03:42 PM | 2 min read
ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികള്‍ക്ക് ഇനി പ്രാര്‍ത്ഥനയുടെയും ആത്മസമര്‍പ്പണത്തിന്റെയും റംസാൻ നാളുകൾ.. ഉപവാസവും സല്‍ക്കാരവും പരസ്പരം കൈകോര്‍ത്ത് നില്‍ക്കുന്ന കാലയളവാണ് നോമ്പുകാലം. റംസാൻ മാസത്തിൽ നാം കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചാണ് നമ്മുടെ ഊർജ്ജനിലയും ഉന്മേഷവും. കൂടാതെ വേനൽക്കാലം, ജോലി തിരക്കുകൾ, ജീവിതശൈലീരോഗങ്ങൾ എന്നിവയും നോമ്പിന്റെ കാഠിന്യം കൂട്ടുന്ന ഘടകങ്ങൾ ആണ്.
റംസാൻ മാസത്തിൽ ആരോഗ്യകരമായ നോമ്പനുഷ്ഠാനത്തിനായി സഹർ, ഇഫ്താർ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ആഹാരങ്ങൾ, പഴവർഗങ്ങൾ, വെള്ളം എന്നിവ ഉൾപ്പെടുത്തണം വിവിധ തരത്തിലുള്ള ആഹാരത്തെക്കാൾ ആരോഗ്യകരമായ വിഭവങ്ങൾക്ക് മുൻതൂക്കം കൊടുക്കണം.
ഇടയത്താഴത്തിന് നാരുകൾ കൂടുതൽ അടങ്ങിയ മുഴു ധാന്യങ്ങളായ തവിടുള്ള അരി, ഗോതമ്പ്, മില്ലറ്റുകൾ, റാഗി, ഓട്‌സ് എന്നിവയാണ് ഉത്തമം. സാവധാനത്തിനുള്ള ദഹനം സാധ്യമാക്കുകയും വിശപ്പ് പെട്ടെന്ന് അനുഭവപ്പെടാതെ ദിവസം മുഴുവൻ ഊര്‍ജ്ജം പകരാൻ ഈ ധാന്യങ്ങൾ സഹായിക്കും.
പയർ, പരിപ്പു വര്‍ഗ്ഗങ്ങൾ, മുട്ട, കൊഴുപ്പു കുറഞ്ഞ പാൽ, പാൽ ഉല്‍പ്പന്നങ്ങൾ, മീൻ, തൊലി മാറ്റിയ ചിക്കൻ, നട്‌സ്, സ്മൂത്തി, സൂപ്പുകൾ എന്നിവ ദിവസം മുഴുവൻ ശരീരത്തിന് ബലം പകരാനും സഹായിക്കുന്നു.
ഫ്രഷ് പച്ചക്കറികളും പഴങ്ങളും ആഹാരത്തിൽ ഉള്‍പ്പെടുത്തുന്നതു വഴി അനിവാര്യമായ വിറ്റാമിനുകളും മിനറലുകളും ലഭിക്കുന്നു. കഫീൻ കൂടുതൽ അടങ്ങിയ പാനീയങ്ങളായ ചായ, കാപ്പി, സോഡ, കോള, ചോക്ലേറ്റ് എന്നിവ ശരീരത്തിൽ നിന്ന് കൂടുതൽ ജലം നഷ്ടപ്പെടുത്തും. ആയതിനാൽ അവയുടെ ഉപയോഗം കുറയ്ക്കുക. പകരമായി ഫ്രഷ് ജ്യൂസുകൾ, നാരങ്ങാവെള്ളം, ഇളനീർ, ഷേക്കുകൾ, പല നിറങ്ങളിലുള്ള പച്ചക്കറികൾ അടങ്ങിയ സാലഡുകൾ, തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴങ്ങൾ എന്നിവ ഉള്‍പ്പെടുത്താം. മധുരം, ഉപ്പ്, എരിവ് എന്നിവ അമിത അളവിൽ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ കൂടുതൽ ദാഹം അനുഭവപ്പെടാം.
നോമ്പു തുറക്കുന്നത് ഇപ്രകാരമായാൽ ഉത്തമം
തുടക്കത്തിൽ 2 - 3 ഈന്തപ്പഴങ്ങൾ (ശരീരത്തിലെ താഴ്ന്ന പഞ്ചസാര നില ക്രമീകരിക്കാൻ), ശേഷം ഒരു ഗ്ലാസ് വെള്ളം (ശരീര ഊഷ്മാവ് ക്രമപ്പെടുത്തി തണുപ്പിക്കാൻ), തുടര്‍ന്ന് ഇളം ചൂടുള്ള ഒരു ബൗൾ സൂപ്പ്, സാലഡ്, ഫ്രൂട്ട്‌സ് (ശരീരത്തിന് ഉണര്‍വ് നല്‍കി ദഹന വ്യവസ്ഥയെ സാധാരണ ഗതിയിലാക്കാൻ), പിന്നീട് പ്രധാന ഭക്ഷണത്തിലേക്കും കടക്കാം.
ദിനചര്യയും വിശ്രമവും
നോമ്പ് സമയത്തെ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മതിയായ വിശ്രമവും ഉറക്കവും ലഭിക്കണം. 6 മണിക്കൂർ എങ്കിലും ഉറക്കം ലഭിക്കുന്ന രീതിയിൽ ദിനചര്യ ക്രമപ്പെടുത്തുക.
കഠിനമായ വെയിൽ, വിയര്‍പ്പൊഴുക്കിയുള്ള അധ്വാനം എന്നിവയിൽ നിന്ന് വിട്ടുനില്‍ക്കാൻ ശ്രമിക്കുക.
പുറത്തു പോകുന്നവർ കഠിനമായ ചൂടിൽ നിന്ന് രക്ഷ നേടുന്ന രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുക.
ദിനവും ഏതെങ്കിലും ലഘുവ്യായാമത്തിൽ ഏര്‍പ്പെട്ട് കഠിനമായ വ്യായാമ മുറകൾ ഒഴിവാക്കുക.
നോമ്പ് തുറന്ന ശേഷം ലഘുവായ വ്യായാമം ശീലമാക്കുന്നത് ദഹനം സുഗമമാക്കാനും ആരോഗ്യം നിലനിർത്താനും സഹായിക്കും.
നോമ്പ് ആചരിക്കുന്ന വ്യക്തികൾ പ്രത്യേകിച്ച് ഡയബറ്റിസ്, ഹൃദ്രോഗം, വൃക്കരോഗം, അമിത രക്തസമ്മര്‍ദ്ദം മുതലായ അസുഖങ്ങൾ ഉള്ളവർ ഡോക്ടറെ കണ്ട് മതിയായ ചെക്കപ്പുകൾ നടത്തി ആരോഗ്യനിലയെക്കുറിച്ചുള്ള വിദഗ്ധ ഉപദേശം തേടുന്നത് നല്ലതായിരിക്കും.
(തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ഡയറ്റീഷ്യനാണ് ലേഖിക)











0 comments