പൊണ്ണത്തടിയുടെ ശാശ്വത പരിഹാരം ശസ്ത്രക്രിയ മാത്രമോ?

ഡോ. മനോജ് അയ്യപ്പത്ത്
Published on Dec 26, 2025, 07:07 PM | 2 min read
പൊണ്ണത്തടിയുടെ ശാശ്വത പരിഹാരം ശസ്ത്രക്രിയ മാത്രമോ? ഒരിക്കലുമല്ല. ഇഷ്ടപ്പെട്ട വസ്ത്രമാണെങ്കിലും ശരീരത്തിന്റെ ആകാരമില്ലായ്മയും തടികൂടിയത് മൂലവും വേണ്ടെന്നുവെയ്ക്കുന്ന ഒത്തിരി ആളുകൾ നമുക്കിടയിലുണ്ട്. പൊണ്ണത്തടി മൂലം മാനസിക സമ്മർദത്തിന് ഇടയാകുന്നവരുടെ എണ്ണവും നമ്മുടെ നാട്ടിൽ കൂടുതലാണ്. വണ്ണം കൂടുന്നതിനാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ കഴിയാതെ വരുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുന്നതും പൊതു ഇടങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നവരെയും നമ്മുക്ക് ചുറ്റിലും കാണാൻ സാധിക്കും. നിത്യജീവിതത്തിലും അമിതവണ്ണം വിനയായി മാറിയേക്കാം. ഭക്ഷണം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും വണ്ണം കുറയാതെ വരുക കൂടി ചെയ്യുന്നതോടെ പലരിലും വിഷാദരോഗം ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. എന്നാൽ ശാസ്ത്രീOBESITY യമായ ചികിത്സകളിലൂടെ പൊണ്ണത്തടി കുറക്കാനുള്ള മാർഗങ്ങൾ ഇന്ന് നിലവിലുണ്ട്. ഇത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് അമിതവണ്ണം ഒരു പ്രധാന റിസ്ക് ഫാക്ടറാണ്.
ഓഫീസ് ജോലികളിൽ ഉൾപെടുന്നവരെല്ലാവരും ഇരുന്നുകൊണ്ടുള്ള ജോലികളാണ് കൂടുതൽ ചെയ്യുന്നത്. ഇതുമൂലം മതിയായ രീതിയിൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാത്തത് കൊഴുപ്പ് അടിഞ്ഞ് കൂടാനും വണ്ണംവെക്കാനും കാരണമാകുന്നുണ്ട്. ഇതോടൊപ്പം ഹോർമോൺ വ്യതിയാനങ്ങളും ജനിതക കാരണങ്ങളും ആരോഗ്യകരമല്ലാത്ത ഭക്ഷണരീതിയും മതിയായ ഉറക്കമില്ലായ്മയുമെല്ലാം പൊണ്ണത്തടിക്ക് കാരണമായേക്കാം. പൊണ്ണത്തടി മൂലം സ്ത്രീകളിൽ പി.സി.ഓ.ഡി അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളും വന്ധ്യത സാധ്യതയും കൂടുതലായി കണ്ടുവരുന്നുണ്ട്.
ബോഡി മാസ് ഇന്റക്സ്:
ഒരു വ്യക്തിയുടെ ഉയരത്തിനനുസരിച്ച് ആരോഗ്യകരമായതിലും കൂടുതൽ ഭാരം വർധിക്കുന്ന അവസ്ഥയാണ് അമിത ഭാരം. അമിതമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞുകൂടുമ്പോഴാണ് ഇത് സംഭവിക്കുന്നത്. കിലോഗ്രാമിലുള്ള ഭാരവും മീറ്ററിലുളള ഉയരവും തമ്മിലുള്ള അനുപാതത്തെ അടിസ്ഥാനമാക്കിയാണ് ബി.എം.ഐ കണ്ടെത്തുന്നത്. ഒരു വ്യക്തിക്ക് അപകടകരമായ രീതിയിൽ അമിത വണ്ണമുണ്ടോ എന്നും മികച്ച ചികിത്സ തിരഞ്ഞെടുക്കുന്നതും ബി.എം.ഐയുടെ അടിസ്ഥാനത്തിലാണ്.
ബോഡി മാസ് ഇൻഡക്സ് (BMI) എന്നത് ഈ അവസ്ഥ വിലയിരുത്താൻ ഉപയോഗിക്കുന്ന ഒരു സൂചികയാണ്. 25-ൽ കൂടുതലുള്ള BMI അമിത ഭാരത്തെയും 30-ൽ കൂടുതലുള്ളത് പൊണ്ണത്തടിയെയും സൂചിപ്പിക്കുന്നു. അമിത ഭാരവും പൊണ്ണത്തടിയും പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം, അതിനാൽ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് പ്രധാനമാണ്.
വണ്ണം കുറയ്ക്കാം
ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ആദ്യം ചെയ്യേണ്ടത് ജീവിതശൈലിയിൽ മാറ്റം വരുത്തുകയാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത്, വ്യായാമം ചെയ്യുന്നത്, നല്ല ഉറക്കം ലഭിക്കുന്നത് എന്നിവയെലാം ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്നാൽ, ജീവിതശൈലി മാറ്റങ്ങൾ മാത്രം പോരാതെ വരുമ്പോൾ, മരുന്നുകൾ അല്ലെങ്കിൽ ശസ്ത്രക്രിയ പോലുള്ള മറ്റ് ചികിത്സാരീതികളും ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വഴി ശരീരഭാരം കുറയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ലിപ്പോസക്ഷൻ, ടമ്മി ടക്ക്, അബ്ഡോമിനോ പ്ലാസ്റ്റി, ബാരിയാട്രിക് ശസ്ത്രക്രിയ തുടങ്ങിയ ശസ്ത്രക്രിയ രീതികൾ വേണ്ടിവരും.
പൊണ്ണത്തടിക്ക് പരിഹാരം: ബാരിയാട്രിക് ശസ്ത്രക്രിയ
പൊണ്ണത്തടി മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്ന് മുക്തി നേടാൻ ആഗ്രഹിക്കുന്നവർക്ക് ബാരിയാട്രിക് ശസ്ത്രക്രിയ ഒരു പ്രധാന പരിഹാരമാണ്. ഈ ശസ്ത്രക്രിയയിലൂടെ, ആമാശയത്തിന്റെ വലിപ്പം കുറച്ചുകൊണ്ട് ഭക്ഷണം കഴിക്കുന്ന അളവ് കുറയ്ക്കുകയും, ദഹനപ്രക്രിയയിൽ മാറ്റം വരുത്തി ഭക്ഷണത്തിൽ നിന്നുള്ള കലോറി കുറയ്ക്കുകയും ചെയ്യുന്നു. സ്ലീവ് ഗ്യാസ്ട്രക്ടമി, ഗ്യാസ്ട്രിക് ബൈപാസ് എന്നിവയാണ് പ്രധാനപ്പെട്ട ശസ്ത്രക്രിയകൾ
ആർക്കാണ് ബാരിയാട്രിക് ശസ്ത്രക്രിയ ആവശ്യം?
1. ഉയർന്ന ബി.എം.ഐ/ബോഡി മാസ് ഇൻഡക്സ് (BMI) 35-45 ആയിരിക്കുന്നവർക്ക് അമിതവണ്ണം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ ഈ ശസ്ത്രക്രിയ പരിഗണിക്കാം.
2. മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ: പൊണ്ണത്തടി മൂലം രക്തസമ്മർദ്ദം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവർക്കും ഈ ശസ്ത്രക്രിയ ഉപകാരപ്രദമാകും.
3. മറ്റ് ചികിത്സകൾ പരാജയപ്പെട്ടാൽ: ഭക്ഷണക്രമം, വ്യായാമം തുടങ്ങിയ മറ്റ് ചികിത്സകൾ ഫലം കാണാത്തവർക്ക് ബാരിയാട്രിക് ശസ്ത്രക്രിയ ഒരു ഓപ്ഷനായിരിക്കാം.
ശസ്ത്രക്രിയയ്ക്ക് ശേഷവും ശ്രദ്ധിക്കാം :
ലിപ്പോസക്ഷനും ബാരിയാട്രിക് ശസ്ത്രക്രിയയുമെല്ലാം ഒരു പരിഹാരമല്ല, ഒരു തുടക്കം മാത്രമാണ്. ഫലം ലഭിക്കണമെങ്കിൽ രോഗിയുടെ സഹകരണം കൂടി അത്യാവശ്യമാണ്. ജീവിതശൈലിയിൽ മാറ്റം കൊണ്ടുവരികയും ഭക്ഷണക്രമം, വ്യായാമം, വർഷത്തിലൊരിക്കൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക എന്നത് പ്രധാനമാണ്.. ഈ ശീലങ്ങൾ പാലിക്കാതെ വന്നാൽ ഭാവിയിൽ വീണ്ടും പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഡോ. മനോജ് അയ്യപ്പത്ത്
സീനിയർ കൺസൾട്ടൻ്റ് & HOD, സർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ, അങ്കമാലി










0 comments