60ലും 20ന്റെ തിളക്കം!!! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് ചുവാൻഡോ ടാൻ

ചുവാൻഡോ ടാൻ
സിംഗപ്പൂർ: പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് പറയുമെങ്കിലും സിംഗപ്പൂർ സ്വദേശി ചുവാൻഡോ ടാനിന്റെ കാര്യത്തിൽ സംഗതി സത്യമാണ്. ലോകപ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും മോഡലുമായ ചുവാൻഡോ ടാൻ തന്റെ അറുപതാം പിറന്നാൾ ആഘോഷിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. 60 വയസ്സിലും 20കളിലെ യുവാവിനെപ്പോലെ തോന്നിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം.
മാർച്ച് മൂന്നിനാണ് 60 വയസ്സ് പൂർത്തിയാക്കിയ വിവരം ചുവാണ്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. 60 എന്നെഴുതിയ ബലൂണുകളുമായി നിൽക്കുന്ന പോസ്റ്റ് നിമിഷങ്ങൾക്കുള്ളിൽ വൈറലായി. "സമയം മാത്രമാണ് യഥാർത്ഥ സമ്പത്ത്" എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച പോസ്റ്റിന് ഇതിനോടകം 1.5 ദശലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്. 25കാരന്റെ മുഖം, ഏറ്റവും സുന്ദരനായ മുത്തച്ഛൻ, വാമ്പയർ എന്നിങ്ങനെ നീളുന്നു അദ്ദേഹത്തെക്കുറിച്ചുള്ള സോഷ്യൽ മീഡിയയിലെ കമന്റുകൾ.
2017ലാണ് ചുവാൻഡോ ടാൻ ആദ്യമായി ലോകശ്രദ്ധ നേടുന്നത്. മോഡലിംഗിലൂടെ കരിയര്‍ ആരംഭിച്ച ടാന്‍ പിന്നീട് ഫോട്ടോഗ്രഫിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ജാനറ്റ് ജാക്‌സൺ, റീത്ത ഓറ, ഷു ക്വി തുടങ്ങിയ സെലിബ്രിറ്റികൾക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചുവാന്‍ഡോ ഇപ്പോൾ സിംപ്പൂരിലെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി കൂടിയാണ്. തന്റെ സൗന്ദര്യത്തിന് കാരണം ജീനുകളും വർഷങ്ങളായുള്ള ചിട്ടയായ ജീവിതവുമാണെന്ന് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ഭക്ഷണക്രമം: പ്രഭാതഭക്ഷണത്തിന് മുട്ട, തേൻ, അവോക്കാഡോ എന്നിവ ചേർത്ത പ്രോട്ടീൻ ഷേക്കോ ഓട്‌സോ ആണ് പ്രധാനമായും കഴിക്കുന്നത്. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഗ്രിൽ ചെയ്ത ചിക്കനോ മീനോ കൂടെ ചോറും ഉൾപ്പെടുത്തും.
പൂർണ്ണമായി ഒഴിവാക്കുന്നവ: മദ്യം, പുകവലി, കാപ്പി, മധുരപാനീയങ്ങള്‍ എന്നിവയില്‍ നിന്നും വിട്ടു നില്‍ക്കുന്നു.
വ്യായാമം: ആഴ്ചയിൽ 3 മുതൽ 5 തവണ വരെ സ്ട്രെങ്ത് ട്രെയിനിംഗ്, കാർഡിയോ, നീന്തൽ എന്നിവയ്ക്ക് സമയം കണ്ടെത്തുന്നു.
മാനസികാരോഗ്യം: രാത്രി 11 മണിക്ക് മുൻപായി ഉറങ്ങുന്ന ശീലം ഇദ്ദേഹത്തിനുണ്ട്. പോസിറ്റീവ് ആയ ചിന്താഗതിയും സമ്മർദ്ദരഹിതമായ ജീവിതവുമാണ് ആരോഗ്യകരമായ വാർദ്ധക്യത്തിന് അടിസ്ഥാനമെന്ന് അദ്ദേഹം പറയുന്നു.











0 comments