ക്രോണിക് കിഡ്നി ഡിസീസ്; പരിചരണവും പ്രതിരോധവും

ലോകത്ത് വലിയ തോതിൽ വെല്ലുവിളി ഉയർത്തുന്ന രോഗാവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്. വിട്ടുമാറാത്ത വൃക്കരോഗം അല്ലെങ്കിൽ വൃക്കകളുടെ പ്രവർത്തനം കുറയുക, രക്തം ഫിൽട്ടർ ചെയ്യാനുള്ള കഴിവില്ലായ്മ എന്നിവ ആരോഗ്യപ്രശ്നമായി ഉയർന്നുവന്നിട്ടുണ്ട്.
പ്രമേഹം, രക്തസമ്മർദം, ഗ്ലോമെറുലോനെഫ്രൈറ്റിസ്, കല്ലുരോഗം, പൊണ്ണത്തടി, ചില ജനിതക അവസ്ഥകൾ എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ. പ്രാരംഭത്തിൽ ലക്ഷണങ്ങളൊന്നും കാണിക്കണമെന്നില്ല. രോഗം കൂടുതൽ വഷളാകുന്നതോടെ പാദങ്ങളിൽ നീർവീക്കം, രക്തസമ്മർദം കൂടൽ, വിളർച്ച, അസ്ഥികൾ പൊട്ടൽ, വിശപ്പില്ലായ്മ, ഛർദി, ആശയക്കുഴപ്പം, ശ്വാസതടസ്സം എന്നിവ ഉണ്ടാകും. വൃക്കയുടെ പ്രവർത്തന പരാജയത്തിന്റെ അവസാനഘട്ടത്തിൽ ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കൽ തുടങ്ങിയവ വേണ്ടിവരും.
വായുമലിനീകരണം, കടുത്ത ചൂട്, മലിനമായ വെള്ളം എന്നിവ ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങൾ, സ്ട്രെസ്, രക്തപ്രവാഹം കുറയൽ തുടങ്ങിയവ വൃക്കകളെ ബാധിക്കും. കീടനാശിനികളും കളനാശിനികളും, ഉയർന്ന ലവണാംശമുള്ള കുടിവെള്ളവും കാഡ്മിയം, ലെഡ്, മെർക്കുറി എന്നിവയുമായുള്ള സമ്പർക്കവും രോഗസാധ്യത വർധിപ്പിക്കും. മറ്റു കാരണങ്ങളാൽ നടത്തുന്ന രക്ത, മൂത്ര പരിശോധനയിലാണ് പലപ്പോഴും രോഗം കണ്ടെത്തുന്നത്.
ചികിത്സ
ഹീമോ ഡയാലിസിസ്, പെരിറ്റോണിയൽ ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ തുടങ്ങിയവയാണ് ചികിത്സാരീതികൾ. ഡയാലിസിസിന്റെ പുതിയ രീതികൾ സാധാരണ വൃക്കകളുടെ പ്രവർത്തനങ്ങളെ അടുത്ത് അനുകരിക്കും. പ്രോട്ടീൻ നിയന്ത്രണം വൃക്കതകരാറിനുള്ള ചികിത്സയുടെ പ്രധാന ഘടകമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇത് ദീർഘകാലം തുടരുന്നത് പോഷകാഹാരക്കുറവിന് കാരണമായേക്കാം. രക്തസമ്മർദത്തിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും നിയന്ത്രണം പ്രധാനമാണ്. ശരീരഭാരം കുറയ്ക്കൽ, ആരോഗ്യകരമായ ജീവിതശൈലി എന്നിവ രോഗം തടയാൻ സഹായിക്കും.
(കൊച്ചി വിപിഎസ് ലേക്‌ഷോർ നെഫ്രോളജി ആൻഡ് റെനാൾ ട്രാൻസ്‌പ്ലാന്റ് സെർവിസ്സ് തലവനാണ് ലേഖകൻ)









0 comments