സ്തനാർബുദ ചികിത്സ: മാറിയ രീതികളും പുതിയ പ്രതീക്ഷകളും

ഡോ. ഷാജി കെ. അയിലത്ത്
Published on Feb 05, 2026, 07:56 PM | 3 min read
"കാൻസർ" - ലോകമെമ്പാടും മരണകാരണമാകുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെങ്കിലും, കൃത്യസമയത്തുള്ള രോഗനിർണ്ണയവും ആധുനിക ചികിത്സാരീതികളും വഴി ഇന്ന് ക്യാന്സറിനെ വലിയൊരു പരിധിവരെ പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട് . ഒരു കാലത്ത് നിസ്സഹായതയുടെയും ഭയത്തിന്റെയും പേരായിരുന്നു ഇതെങ്കിൽ, ഇന്ന് ചിത്രം മാറിമറിഞ്ഞിരിക്കുന്നു. എങ്കിലും, ഒരു ഡോക്ടർ എന്ന നിലയിൽ കാൻസർ വാർഡുകളിൽ ഞാൻ ഇപ്പോഴും കാണുന്നത് ആധിയേറിയ കണ്ണുകളാണ്. അത് എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയേക്കാൾ ഉപരി, "ഇനി ഞാൻ പഴയതുപോലെയാകുമോ?" എന്ന നീറ്റലിൽ നിന്നുള്ളതാണ്.
ശസ്ത്രക്രിയയെക്കുറിച്ചുള്ള ഭയം, നഷ്ടപ്പെടാൻ പോകുന്ന മുടി, മാറാൻ പോകുന്ന ശരീരം... ഇവയെല്ലാം ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം കേവലം ശാരീരിക മാറ്റങ്ങളല്ല, അത് അവരുടെ സ്വത്വത്തെ ബാധിക്കുന്ന കാര്യങ്ങളാണ്. എന്നാൽ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഒന്നേയുള്ളൂ: വൈദ്യശാസ്ത്രം ഇന്ന് നിങ്ങളുടെ മുറിവ് ഉണക്കാൻ മാത്രമല്ല, നിങ്ങളുടെ ആത്മവിശ്വാസം മുറുകെ പിടിക്കാനും കൂടെയുണ്ട്.
സ്‌തനം നീക്കം ചെയ്യപ്പെടും എന്ന ഭയം ഇനി വേണ്ട
കാൻസർ ചികിത്സ എന്നാൽ സ്‌തനം പൂർണ്ണമായി നീക്കം ചെയ്യുക (Mastectomy) എന്ന പഴയ ചിന്താഗതി ഇന്ന് മാറിയിരിക്കുന്നു. നിങ്ങളുടെ സ്ത്രീത്വത്തെയും ശരീരഭംഗിയെയും ഒട്ടും ചോർത്തിക്കളയാതെ തന്നെ ഈ രോഗത്തെ പൊരുതി തോൽപ്പിക്കാൻ ഇന്ന് നമുക്ക് സാധിക്കും.
ഓങ്കോപ്ലാസ്റ്റിക് സർജറി : മുൻകാലങ്ങളിൽ ട്യൂമർ നീക്കം ചെയ്യുമ്പോൾ സ്‌തനത്തിൽ കുഴികളോ രൂപമാറ്റമോ വരുന്നത് സ്വാഭാവികമായിരുന്നു. എന്നാൽ ഇന്ന്, കാൻസർ കോശങ്ങളെ നീക്കം ചെയ്യുന്നതിനൊപ്പം തന്നെ പ്ലാസ്റ്റിക് സർജറി സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌തനത്തെ പുനർനിർമ്മിക്കുന്നു. രോഗമുക്തിക്കൊപ്പം തന്നെ ആത്മവിശ്വാസം നൽകുന്ന മികച്ച ശാരീരിക രൂപവും (Cosmetic outcome) ഇതിലൂടെ ഉറപ്പാക്കാം.
ഡോ. ഷാജി കെ. അയിലത്ത്
സിലിക്കൺ ഇംപ്ലാന്റുകളും പുനർനിർമ്മാണവും: സ്‌തനം പൂർണ്ണമായി നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങളിൽ പോലും ഇന്ന് വിഷമിക്കേണ്ടതില്ല. സുരക്ഷിതമായ സിലിക്കൺ ഇംപ്ലാന്റുകൾ വഴിയോ അല്ലെങ്കിൽ ശരീരത്തിലെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള കോശങ്ങൾ ഉപയോഗിച്ചോ സ്വാഭാവികമായ രീതിയിൽ സ്‌തനം പുനർനിർമ്മിക്കാൻ ഇന്ന് സാധിക്കും.
റോബോട്ടിക് സർജറി
സ്തനാർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന ഒന്നാണ് റോബോട്ടിക് സർജറി. സാധാരണ ശസ്ത്രക്രിയകളിൽ സർജന്റെ കൈകൾക്ക് എത്താൻ ബുദ്ധിമുട്ടുള്ള ഇടുങ്ങിയ ഭാഗങ്ങളിൽ പോലും 360 ഡിഗ്രിയിൽ തിരിയാൻ സാധിക്കുന്ന റോബോട്ടിക് കൈകൾ അതീവ കൃത്യതയോടെ പ്രവർത്തിക്കുന്നു. ശരീരത്തിനുള്ളിലെ ദൃശ്യങ്ങൾ പത്തിരട്ടി വലിയ 3D ചിത്രങ്ങളായി കാണാൻ സാധിക്കുന്നത് വഴി കാൻസർ കോശങ്ങളെ മാത്രം കൃത്യമായി നീക്കം ചെയ്യാനും ചുറ്റുമുള്ള ആരോഗ്യകരമായ ഞരമ്പുകളെയും രക്തക്കുഴലുകളെയും സുരക്ഷിതമായി സംരക്ഷിക്കാനും സാധിക്കുന്നു. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷവും സ്തനത്തിന്റെ സ്വാഭാവികമായ സെൻസേഷൻ നിലനിർത്താൻ വളരെയധികം സഹായിക്കുന്നുണ്ട്.
വലിയ മുറിവുകൾക്ക് പകരം കക്ഷത്തിനടിയിലോ മറ്റോ ഉണ്ടാക്കുന്ന വളരെ ചെറിയ സുഷിരങ്ങളിലൂടെ ശസ്ത്രക്രിയ നടത്തുന്നതിനാൽ ശരീരത്തിൽ പ്രകടമായ പാടുകൾ അവശേഷിക്കില്ല. രക്തനഷ്ടം കുറവായതിനാലും മുറിവുകൾ വേഗത്തിൽ ഉണങ്ങുന്നതിനാലും രോഗിക്ക് പെട്ടന്ന് തന്നെ ആശുപത്രി വിടാനും സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ മടങ്ങാനും സാധിക്കും. ചുരുക്കത്തിൽ, വേദനയും പാടുകളും കുറഞ്ഞതും എന്നാൽ ഏറ്റവും സുരക്ഷിതവുമായ ആധുനിക ചികിത്സാ രീതിയാണ് റോബോട്ടിക് സർജറി
റോബോട്ടിക് സർജറി ഉൾപ്പടെയുള്ള മോഡേൺ ചികിത്സാ രീതികൾക്ക് ഇപ്പോൾ ഭൂരിഭാഗം ഇൻഷുറൻസ് പരിരക്ഷകളും (Insurance Coverage) ലഭ്യമാണ്, ഇത് രോഗികൾക്ക് സാമ്പത്തിക ആശ്വാസം നൽകുകായും ചെയുന്നു
മുടി കൊഴിച്ചിലിനെ പേടിക്കണോ?
കീമോതെറാപ്പിയെക്കുറിച്ച് ഓർക്കുമ്പോൾ പലരെയും തളർത്തുന്നത് മുടി കൊഴിയുന്നതാണ്. എന്നാൽ 'കോൾഡ് ഹെൽമറ്റ്' (Scalp Cooling) എന്ന സാങ്കേതികവിദ്യ ഇതിനൊരു മികച്ച പരിഹാരമാണ്. കീമോ സമയത്ത് തലയോട്ടിയിലെ താപനില കുറയ്ക്കുന്നതിലൂടെ മരുന്ന് രോമകൂപങ്ങളിലേക്ക് എത്തുന്നത് തടയാനും മുടി കൊഴിച്ചിൽ ഗണ്യമായി കുറയ്ക്കാനും ഇത് സഹായിക്കുന്നു.
പൊരുതി ജയിക്കാം, പഴയതിനേക്കാൾ കരുത്തോടെ!
രോഗം നിങ്ങളുടെ ശരീരത്തെ ബാധിച്ചേക്കാം, പക്ഷേ നിങ്ങളുടെ മനസ്സിനെ തോൽപ്പിക്കാൻ അതിനെ അനുവദിക്കരുത്. കൃത്യമായ അറിവും ആധുനിക ചികിത്സയും ഉണ്ടെങ്കിൽ കാൻസർ എന്നത് ജീവിതത്തിന്റെ അവസാനമല്ല, മറിച്ച് കൂടുതൽ കരുത്തോടെയുള്ള ഒരു രണ്ടാം ജന്മത്തിന്റെ തുടക്കമാണ്. കാൻസറിനെ തോൽപ്പിക്കുന്നത് വെറും അതിജീവനമല്ല; പഴയതിലും വലിയ ആത്മവിശ്വാസത്തോടെ, തലയുയർത്തി ജീവിതത്തിലേക്ക് മടങ്ങി വരിക എന്നതാണ്.
എപ്പോഴും കേൾക്കുന്ന പോലെ "ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ്" എന്നത് ക്യാൻസറിന്റെ കാര്യത്തിലും ഏറെ പ്രസക്തമാണ്, അതിനായുള്ള മുൻകരുതലുകൾ എടുക്കുക :
· ശരീരഭാരം നിയന്ത്രിക്കുക: അമിതവണ്ണം ഒഴിവാക്കുന്നത് ഹോർമോൺ വ്യതിയാനങ്ങൾ തടയാൻ സഹായിക്കും.
· ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുക.
· മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കുക.
· പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ വർദ്ധിപ്പിക്കുക; സംസ്കരിച്ച ഭക്ഷണങ്ങൾ കുറയ്ക്കുക.
· കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകുന്നത് സ്തനാർബുദ സാധ്യത കുറയ്ക്കുന്നു.
· മാസത്തിലൊരിക്കൽ സ്വന്തമായി സ്തനപരിശോധന നടത്തി മുഴകളോ മാറ്റങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക.
· 40 വയസ്സിന് മുകളിലുള്ളവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൃത്യമായ ഇടവേളകളിൽ മാമോഗ്രാം പരിശോധന നടത്തുക.
· ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഹോർമോൺ ഗുളികകൾ ദീർഘകാലം ഉപയോഗിക്കതെ ഇരിക്കുക
ഡോ. ഷാജി കെ. അയിലത്ത്
സീനിയർ കൺസൾട്ടന്റ് - വിസിറ്റിംഗ്
സർജിക്കൽ ഓങ്കോളജി











0 comments