ad
Deshabhimani

ആർത്തവവേദന നിസാരമല്ല; അവഗണിക്കരുത് ഈ ലക്ഷണങ്ങൾ

Women Health

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 12, 2026, 09:04 PM | 1 min read

തിരുവനന്തപുരം : സ്ത്രീകളിൽ ആർത്തവത്തോടനുബന്ധിച്ചുണ്ടാകുന്ന കഠിനമായ വേദന പലപ്പോഴും സാധാരണമാണെന്ന് കരുതി അവഗണിക്കാറുണ്ട്. എന്നാൽ ഇത് എൻഡോമെട്രിയോസിസ് അല്ലെങ്കിൽ അഡെനോമയോസിസ് തുടങ്ങിയ ഗർഭാശയ സംബന്ധമായ രോഗാവസ്ഥകളുടെ ലക്ഷണമാകാം. ഇവ കൃത്യസമയത്ത് തിരിച്ചറിയേണ്ടത് സ്ത്രീകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.


എന്താണ് എൻഡോമെട്രിയോസിസ്?


ഗർഭാശയത്തിനകത്ത് വളരേണ്ട കോശങ്ങൾ ‌‌ ഗർഭാശയത്തിന് പുറത്ത്‌ അണ്ഡാശയം, അണ്ഡവാഹിനി കുഴലുകൾ, വൻകുടൽ തുടങ്ങിയ ഭാഗങ്ങളിൽ വളരുന്ന അവസ്ഥയാണിത്.


ആർത്തവസമയത്തെ അസഹനീയമായ വേദന, ലൈം​ഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന, മലമൂത്രവിസർജന സമയത്തെ ബുദ്ധിമുട്ടുകൾ, വന്ധ്യത എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.


എന്താണ് അഡെനോമയോസിസ്?


ഗർഭാശയത്തിന്റെ ഉൾഭിത്തിയിലുള്ള കോശങ്ങൾ ഗർഭാശയത്തിന്റെ പേശികൾക്കിടയിലേക്ക് വളരുന്ന അവസ്ഥയാണിത്. ഇത് ഗർഭാശയത്തിന്റെ വലിപ്പം വർധിക്കാനും ഭിത്തി കട്ടിയാകാനും കാരണമാകുന്നു.


കഠിനമായ രക്തസ്രാവം, ആർത്തവകാലം നീണ്ടുനിൽക്കൽ, വയറിന്റെ താഴെ ഭാഗത്ത് ഭാരം അനുഭവപ്പെടുക, വിട്ടുമാറാത്ത നടുവേദന എന്നിവയൊക്കെയാണ് അഡെനോമയോസിസിന്റെ ലക്ഷണങ്ങൾ.


എൻഡോമെട്രിയോസിസിൽ കോശങ്ങൾ ഗർഭാശയത്തിന് പുറത്താണ് വളരുന്നതെങ്കിൽ, അഡെനോമയോസിസിൽ ഇവ ഗർഭാശയത്തിന്റെ പേശികൾക്കുള്ളിലേക്കാണ് വളരുന്നത്. പലരിലും ഈ രണ്ട് അവസ്ഥകളും ഒരേസമയം കണ്ടുവരാറുണ്ട്.


‌രോഗനിർണ്ണയത്തിനായി അൾട്രാസൗണ്ട് സ്കാനിംഗ്, എം.ആർ.ഐ ‌‌ തുടങ്ങിയ പരിശോധനകൾ ആവശ്യമാണ്. വേദന സംഹാരികളും ഹോർമോൺ ഗുളികകളുമാണ് പ്രാഥമിക ഘട്ടത്തിൽ ഉപയോഗിക്കുന്നത്. എൻഡോമെട്രിയോസിസ് ബാധിച്ച കോശങ്ങളെ നീക്കം ചെയ്യാനായി കീഹോൾ സർജറി ഫലപ്രദമാണ്. 


ആർത്തവവേദന ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സ്വയം ചികിത്സക്ക് മുതിരാതെ ഒരു ഗൈനക്കോളജിസ്റ്റിന്റെ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ ശരിയായ ഭക്ഷണക്രമവും വ്യായാമവും വേദന കുറക്കാനും സ്ത്രീകളുടെ ഉദരസംബന്ധമായ അസുഖങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാനും സഹായിക്കും. 



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home