മഞ്ഞാണ്... തണുപ്പാണ് അൽപ്പം ശ്രദ്ധിക്കാം


അനു മാത്യൂസ്
Published on Dec 20, 2025, 11:52 AM | 2 min read
തണുപ്പും മഞ്ഞും നിറഞ്ഞ കാലാവസ്ഥ പലരിലും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇൗ കാലത്ത് ചുമ, പനി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ രോഗങ്ങൾ സാധാരണയും. അതുകൊണ്ടുതന്നെ കൂടുതൽ ജാഗ്രത വേണം. തണുപ്പുകാലഭക്ഷണം ശരീരത്തിന് ചൂട് പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതും ആയിരിക്കണം.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ വിറ്റാമിൻ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങളും, പ്രോട്ടീനും നല്ല കൊഴുപ്പും അടങ്ങിയ ഭക്ഷണം ആരോഗ്യം നിലനിർത്താനും ചർമസംരക്ഷണത്തിനും അനിവാര്യമാണ്. അണുബാധ തടയുകയും ദഹനവ്യവസ്ഥ ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കുകയും വേണം.
ശുദ്ധവും പ്രകൃതിദത്തവും പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, ഉണങ്ങിയ പഴങ്ങൾ, നട്‌സ്, മുഴുധാന്യങ്ങൾ, ചില സുഗന്ധവ്യഞ്‌ജനങ്ങൾ എന്നിവ ഉദാഹരണമാണ്. കടുംനിറത്തിലുള്ള പഴങ്ങൾ, പച്ചക്കറികൾ (പർപ്പിൾ, ചുവപ്പ്, ഓറഞ്ച്) എന്നിവ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ് (തക്കാളി, ചുവന്ന ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ, ഓറഞ്ച്). കടൽവിഭവങ്ങൾ, ചീര, പയർ, നട്‌സ് തുടങ്ങിയവ വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള കഴിവ് വർധിപ്പിക്കും. അയൺ, വിറ്റാമിൻ ബി എന്നിവ അടങ്ങിയ ഇലക്കറികൾ, പാൽ, മുട്ട, ചീസ്, കടല എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ശരീരതാപം ഉയർത്താം
തണുപ്പുകാലത്ത് ശരീര താപനില ഉയർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് കിഴങ്ങുവർഗങ്ങൾ. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, കാരറ്റ്, റാഡിഷ്, സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവയും ധാന്യങ്ങളായ ഗോതമ്പും ബ്രൗൺ റൈസും ഭക്ഷണത്തിന്റെ ഭാഗമാക്കാം. പാചകത്തിന് കുരുമുളക്, ഉലുവ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ചുവന്നുള്ളി എന്നിവ ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. സൂര്യപ്രകാശത്തിന്റെ ലഭ്യത ശരീരത്തിന് വിറ്റാമിൻ ഡി ഉറപ്പുവരുത്തും. അരമണിക്കൂർ ലഘുവ്യായാമവും ഏഴുമണിക്കൂർ ശരിയായ ഉറക്കവും ഉറപ്പുവരുത്തണം. ഒപ്പം രോഗങ്ങളുടെ തുടക്കത്തിൽത്തന്നെ ഡോക്ടറുടെ നിർദേശങ്ങളനുസരിച്ച് ശരിയായ ചികിത്സ ഉറപ്പാക്കണം.
ദാഹമില്ലെങ്കിലും
ദാഹം കൂടുതൽ തോന്നിയില്ലെങ്കിലും ഒന്നരമുതൽ രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ശുദ്ധജലത്തിനൊപ്പം ചുക്കുകാപ്പി, ഗ്രീൻ ടീ, ഇഞ്ചിയും പുതിനയും തേനും ചേർന്ന ചായ, കുരുമുളകും മഞ്ഞൾപ്പൊടിയും ചേർത്ത പാൽ എന്നിവയും കുടിക്കാം. അത്താഴത്തിനുമുമ്പ് വെജിറ്റബിൾ സൂപ്പ്, ചിക്കൻ സൂപ്പ് എന്നിവ കഴിക്കുന്നതും ഉന്മേഷം നൽകും. ഭക്ഷണത്തിന്റെ പോഷകഗുണത്തോടൊപ്പം ശുചിത്വവും ഉറപ്പാക്കണം. വ്യക്തിശുചിത്വം പാലിക്കണം.
(തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ഡയറ്റിഷ്യനാണ് ലേഖിക)










0 comments