അമിതമായി ഷോർട്‌സ് വീഡിയോ കാണുന്നവർക്ക് പണി; യൂട്യൂബിൽ വരുന്നു 'സീറോ മിനിറ്റ്' മാജിക്!

പ്രതീകാത്മക ചിത്രം
വാഷിങ്ടൺ: യൂട്യൂബ് ഷോർട്‌സ് വീഡിയോകൾ കണ്ട് അമിതമായി സമയം നഷ്ടപ്പെടുത്തുന്നവർക്കായി 'സീറോ മിനിറ്റ്' എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് യൂട്യൂബ്. ആപ്പിലെ ടൈം മാനേജ്‌മെന്റ് സെറ്റിംഗ്‌സിൽ ഷോർട്‌സ് കാണുന്ന സമയം 'പൂജ്യം മിനിറ്റ്' ആയി ക്രമീകരിച്ചാൽ ഹോംപേജിൽ നിന്ന് ഷോർട്‌സ് ഫീഡ് പൂർണ്ണമായും അപ്രത്യക്ഷമാകും.
നിശ്ചിത സമയം കഴിഞ്ഞാൽ "ഇന്നത്തെ പരിധി കഴിഞ്ഞു" എന്ന മുന്നറിയിപ്പ് നൽകുന്ന ഈ സംവിധാനം, നേരത്തെ കുട്ടികൾക്കായി അവതരിപ്പിച്ചതാണെങ്കിലും ഇപ്പോൾ എല്ലാവർക്കും ലഭ്യമാണ്. ഹോം സ്‌ക്രീനിൽ നിന്ന് ഷോർട്‌സ് മറയുമെങ്കിലും സെർച്ച് റിസൾട്ടുകളിലും സബ്‌സ്‌ക്രിപ്‌ഷനുകളിലും ഇവ തുടർന്നും കണ്ടേക്കാം. ഘട്ടംഘട്ടമായി പുറത്തിറക്കുന്ന ഈ ഫീച്ചർ ഉടൻ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും എത്തും.
മുമ്പ് ഷോർട്‌സ് കാണുന്നതിന് ചുരുങ്ങിയത് 15 മിനിറ്റ് വരെയായിരുന്നു പരിധി നിശ്ചയിക്കാൻ കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ അപ്ഡേറ്റിൽ ഇത് 'പൂജ്യം മിനിറ്റ്' ആയി കുറയ്ക്കാം. ഇത്തരത്തിൽ സെറ്റ് ചെയ്താൽ ഹോംപേജിലെ ഷോർട്‌സ് ടാബിൽ വീഡിയോകൾക്ക് പകരം "നിങ്ങളുടെ ഷോർട്‌സ് ഫീഡ് പരിധി അവസാനിച്ചിരിക്കുന്നു" (Reached your Shorts feed limit) എന്ന സന്ദേശമാകും കാണിക്കുക. ഇതോടെ ഉപയോക്താക്കൾക്ക് കൂടുതൽ ദൈർഘ്യമുള്ള വീഡിയോകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
ഓൺലൈൻ സുരക്ഷയുടെയും ഡിജിറ്റൽ വെൽബീയിംഗിന്റെയും ഭാഗമായാണ് ഈ മാറ്റം. 2020-ൽ ആരംഭിച്ച ഷോർട്‌സ് നിലവിൽ പ്രതിദിനം 200 ബില്യൺ വ്യൂസ് നേടുന്നുണ്ടെങ്കിലും, ഉപയോക്താക്കളുടെ മാനസികാരോഗ്യം പരിഗണിച്ചാണ് ഇത്തരമൊരു നിയന്ത്രണം കൊണ്ടുവരുന്നത്.
എങ്ങനെ ഷോർട്‌സ് ഓഫ് ചെയ്യാം?
യൂട്യൂബ് ആപ്പിലെ Settings തുറക്കുക.
Time Management എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
താഴെയുള്ള Daily Limits എന്നതിൽ Shorts Feed Limit ഓൺ ചെയ്യുക.
സമയം 0 minutes എന്ന് ക്രമീകരിക്കുക.










0 comments