2026-ഓടെ യുപിഐയിൽ വരുന്നത് വൻ മാറ്റങ്ങൾ; അറിഞ്ഞിരിക്കേണ്ട 12 ഫീച്ചറുകൾ

ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ 2026-ഓടെ കൂടുതൽ കരുത്തുറ്റതാകുന്നു. ഉപഭോക്താക്കൾക്ക് ലളിതവും സുരക്ഷിതവുമായ ഇടപാടുകൾ ഉറപ്പാക്കുന്നതിനായി നിരവധി പുതിയ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഓഫ്ലൈൻ പേയ്‌മെന്റുകൾ മുതൽ ക്രെഡിറ്റ് ലൈനുകൾ വരെ നീളുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.
പല ഉപഭോക്താക്കളും ഇപ്പോഴും ഉപയോഗിക്കാത്തതോ ശ്രദ്ധിക്കാത്തതോ ആയ 12 പ്രധാന ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇന്റർനെറ്റ് ഇല്ലാതെയും പണം അയക്കാൻ കഴിയുന്ന 'യുപിഐ ലൈറ്റ്', സ്ഥിരമായി നൽകേണ്ട ബില്ലുകൾക്കായി 'ഓട്ടോ പേ' സൗകര്യം, മുൻകൂട്ടി നിശ്ചയിച്ച തുക കടമായി എടുത്ത് ഉപയോഗിക്കാവുന്ന 'ക്രെഡിറ്റ് ലൈൻ ഓൺ യുപിഐ' എന്നിവ ഇതിൽ പ്രധാനമാണ്.
ഇന്റർനെറ്റ് റേഞ്ച് കുറവായ സ്ഥലങ്ങളിലും കടകളിലും തടസ്സമില്ലാതെ പണം നൽകാൻ ഓഫ്ലൈൻ സൗകര്യം സഹായിക്കും. ബാങ്ക് അക്കൗണ്ടിൽ പണമില്ലെങ്കിലും നിശ്ചിത പരിധി വരെ കടമായി പണമെടുത്ത് യുപിഐ വഴി സാധനങ്ങൾ വാങ്ങാം. ഒടിടി സബ്സ്ക്രിപ്ഷനുകൾ, വൈദ്യുതി ബില്ലുകൾ തുടങ്ങിയവ കൃത്യസമയത്ത് ഓട്ടോമാറ്റിക്കായി അടയ്ക്കാം.
തട്ടിപ്പുകൾ തടയാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും ദ്വിതല പരിശോധനകളും കർശനമാക്കും. കൂടാതെ, ഒരു ദിവസം നടത്താവുന്ന ബാലൻസ് ചെക്കുകൾക്കും അക്കൗണ്ട് ലിങ്കിംഗിനും പരിധി നിശ്ചയിക്കുന്നതടക്കമുള്ള പുതിയ നിയമങ്ങൾ 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.










0 comments