ad
Deshabhimani

'ലാറ്റം-ജിപിടി' സെപ്റ്റംബറിൽ എത്തും; പ്രാദേശിക സംസ്കാരവും ഭാഷകളും ഉൾപ്പെടുത്തിയുള്ള ആദ്യ എഐ മോഡൽ

Latam GPT.jpg
വെബ് ഡെസ്ക്

Published on Feb 02, 2026, 01:30 PM | 1 min read

സാന്റിയാഗോ: ആഗോള തലത്തിൽ നിർമ്മിതബുദ്ധി മേഖലയിലുള്ള ഇംഗ്ലീഷ് ആധിപത്യത്തിന് ബദലായി ലാറ്റിനമേരിക്കൻ രാജ്യങ്ങൾ തങ്ങളുടെ സ്വന്തം ലാർജ് ലാംഗ്വേജ് മോഡൽ പുറത്തിറക്കുന്നു.


'ലാറ്റം-ജിപിടി' എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ എഐ മോഡൽ ഈ സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിക്കും. ലാറ്റിനമേരിക്കയിലെ വൈവിധ്യമാർന്ന സംസ്കാരങ്ങളും പ്രാദേശിക ഭാഷാശൈലികളും കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.


ചിലിയുടെ സർക്കാർ നിയന്ത്രണത്തിലുള്ള നാഷണൽ സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേതൃത്വം നൽകുന്ന ഈ പദ്ധതിയിൽ മേഖലയിലെ പന്ത്രണ്ടോളം രാജ്യങ്ങളും മുപ്പതിലധികം സ്ഥാപനങ്ങളും സഹകരിക്കുന്നുണ്ട്. നിലവിലുള്ള ചാറ്റ്ജിപിറ്റി പോലുള്ള മോഡലുകൾ പ്രധാനമായും ഇംഗ്ലീഷിലാണ് പരിശീലനം നേടിയിട്ടുള്ളത്.


എന്നാൽ ലാറ്റം-ജിപിടി സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിലെ പ്രാദേശിക വ്യത്യാസങ്ങളും ലാറ്റിനമേരിക്കൻ സാംസ്കാരിക പശ്ചാത്തലവും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുക. വംശനാശഭീഷണി നേരിടുന്ന പ്രാദേശിക ഗോത്രഭാഷകളെ സംരക്ഷിക്കുക എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു ലക്ഷ്യം.


ഇതിന്റെ ഭാഗമായി ഈസ്റ്റർ ഐലൻഡിലെ 'റാപ നുയി' ഭാഷയ്ക്കുള്ള വിവർത്തന സംവിധാനം ഇതിനകം വികസിപ്പിച്ചുകഴിഞ്ഞു. ഇതൊരു ഓപ്പൺ സോഴ്സ് പദ്ധതിയായതിനാൽ മേഖലയിലെ ഗവേഷകർക്കും സ്ഥാപനങ്ങൾക്കും ഇത് സൗജന്യമായി ഉപയോഗിക്കാനും വികസിപ്പിക്കാനും സാധിക്കും.


സ്കൂളുകളിലും ആശുപത്രികളിലും പൊതുസേവന കേന്ദ്രങ്ങളിലും പ്രാദേശിക ഭാഷകളിൽ സേവനം നൽകുന്ന ചാറ്റ്ബോട്ടുകൾ നിർമ്മിക്കാൻ ഈ മോഡൽ സഹായിക്കുമെന്ന് ചിലി സയൻസ് മന്ത്രി ഐസൻ എച്ചെവേരി പറഞ്ഞു.


മെറ്റയുടെ ലാമ 3 സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഈ മോഡൽ നിർമ്മിച്ചിരിക്കുന്നത്. റീജിയണൽ ഡെവലപ്‌മെന്റ് ബാങ്ക്, ആമസോൺ വെബ് സർവീസസ് എന്നിവയുടെ പിന്തുണയും ഈ പദ്ധതിക്കുണ്ട്. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സാങ്കേതിക പരമാധികാരം ഉറപ്പാക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായാണ് ലാറ്റം-ജിപിടി വിലയിരുത്തപ്പെടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home