ഭ്രമണപഥത്തിലും സംഘര്ഷ ഭീതി: ഉക്രെയ്ന് സഹായം നൽകുന്ന യുഎസ് ഉപ്രഗ്രഹം ലക്ഷ്യമാക്കി റഷ്യയുടെ കോസ്മോസ്

ആംസ്റ്റര്ഡാം: അമേരിക്ക റഷ്യയ്ക്ക് നേരെ പ്രഖ്യാപിച്ചിട്ടുള്ള കച്ചവട ഇളവുകൾ വാര്ത്തകളിൽ നിറയുമ്പോൾ ഭൂമിക്ക് പുറത്ത് പുതിയ സംഘര്ഷ സാഹചര്യം. ഏകദേശം 550 കിലോമീറ്റര് ഉയരത്തിലായുള്ള ഭ്രമണപഥത്തിൽ ഇരുരാജ്യങ്ങളുടെയും ഉപഗ്രഹങ്ങൾ പരസ്പരം പാഞ്ഞടുക്കുന്നു.
റഷ്യയുടെ കോസ്മോസ്-2612 എന്ന ഉപഗ്രഹം ഉക്രെയ്ന് റഡാര് ഡാറ്റ നൽകുന്ന അമേരിക്കയിൽ രജിസ്റ്റര് ചെയ്തിട്ടുള്ള ICEYE-X36 എന്ന വാണിജ്യ റഡാർ-ഇമേജിംഗ് ഉപഗ്രത്തിന് സമീപത്ത് എത്താൻ നിരന്തരം ഭ്രമണപഥം മാറ്റിക്കൊണ്ടിരിക്കയാണ്. ഓക്ടോബര് 18 രാവിലെ വരെ യാതൊരു ആക്രമണവും റിപ്പോര്ട് ചെയ്തിട്ടില്ല. എന്നാൽ ഇപ്പോൾ രണ്ട് ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം രണ്ട് കിലോമീറ്ററിൽ കുറവാണ്. സംഘര്ഷാവസ്ഥയ്ക്ക് പിന്നിലെ ലക്ഷ്യം വ്യക്തമല്ല. സൈനിക നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങളും അടിസ്ഥാന സൗകര്യങ്ങളും ചിത്രീകരിക്കാൻ ശേഷിയുള്ള സിന്തറ്റിക് അപ്പർച്ചർ റഡാർ ഘടിപ്പിച്ചിട്ടുള്ള ഉപഗ്രഹമാണ് അമേരിക്കയുടേത്. ഇത് റഷ്യ ഉക്രെയ്ൻ യുദ്ധത്തിൽ ഉക്രെയ്ന് ആവശ്യമായ വിവരങ്ങൾ നൽകാൻ ഉപയോഗപ്പെടുത്തുന്നു.
നെതർലാൻഡ്സിലെ പ്രശസ്തമായ 'ഡെൽറ്റ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി'യിലെ എയറോസ്പേസ് എഞ്ചിനീയറിംഗ് ഫാക്കൽറ്റിയിൽ ലെക്ചററും ബഹിരാകാശ നിരീക്ഷകനുമായാ മാർക്കോ ലാംബ്രോക്ക് ആണ് സംഘര്ഷം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങൾ നിരീക്ഷിക്കുന്നതിലും രഹസ്യ സ്വഭാവമുള്ളതോ സൈനികപരമോ ആയ ബഹിരാകാശ നീക്കങ്ങൾ കണ്ടെത്തുന്നതിലും ലോകപ്രശസ്തനായ സ്വതന്ത്ര നിരീക്ഷകനാണ് ഇദ്ദേഹം.
ഈ വര്ഷം ഏപ്രിൽ 16 ന് റഷ്യ വിക്ഷേപിച്ച ഉപഗ്രഹമാണ് കോസ്മോസ്-2612. ഇതിന്റെ ദൗത്യം, ബോർഡിലുള്ള ഉപകരണങ്ങൾ, ഇന്ധനശേഷി എന്നിവ ഇതുവരെ റഷ്യ വെളിപ്പെടുത്തിയിട്ടില്ല. ഉക്രെയിനെ സഹായിക്കുന്ന ICEYE-X36 അമേരിക്കൻ പക്ഷത്തു നിന്നുള്ള ഉപഗ്രഹമാണ്. ഫിന്നിഷ് കമ്പനി നിർമ്മിച്ച് 2024 മാർച്ചിൽ വിക്ഷേപിച്ചതാണ്.
ആര് പി ഓ എന്തിന് വേണ്ടി
ഉക്രെയ്ന്റെ കണ്ണ് തകര്ക്കപ്പെടുമോ
ഒരു ഉപഗ്രഹം മറ്റൊരു ഉപഗ്രഹത്തിന് സമീപത്തേക്ക് അതിന്റെ പാത ക്രമീകരിക്കുന്ന പ്രക്രിയയെ റെഡെവൂസ് ആൻഡ് പ്രോക്സിമിറ്റി ഓപ്പറേഷൻസ് (RPO) എന്നാണ് വിളിക്കുന്നത്. സാധാരണയായി ഉപഗ്രഹങ്ങൾ പരിശോധിക്കുന്നതിനും കേടുപാടുകൾ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്നതാണ്. എന്നാൽ ഇതല്ല ഇപ്പോഴത്തെ സാഹചര്യം എന്നാണ് വിലയിരുത്തുന്നത്.

2022 മുതൽ ഒരു ICEYE ഉപഗ്രഹ സീരീസുകൾ ഉക്രെയ്ന് ഡാറ്റ നൽകുന്നുണ്ട്. ഈ വർഷം ജനുവരിയിലെ പുതിയ കരാർ പ്രകാരം ഏകദേശം ആറ് ഡസൻ വരുന്ന ഇവയുടെ മുഴുവൻ ഫ്ലീറ്റിലെയും ചിത്രങ്ങളിലേക്ക് ഉക്രെയ്ന് പ്രവേശനം ലഭിച്ചിട്ടുണ്ട്. അത്രയും യുദ്ധ തന്ത്ര പ്രധാനമാണ്. ഫിൻലാൻഡ്, ജർമ്മനി, ഗ്രീസ്, പോളണ്ട്, പോർച്ചുഗൽ, നെതർലാൻഡ്സ്, സ്വീഡൻ എന്നീ രാജ്യങ്ങൾ ഈ ഫ്ലീറ്റിന്റെ പ്രതിരോധ പങ്കാളികളുമാണ്. ഇവയെല്ലാം നാറ്റോ രാജ്യങ്ങളാണ്.
ഭ്രമണപഥ നീക്കങ്ങൾ
നേരത്തെയും ഉണ്ടായി
കഴിഞ്ഞ മെയ് മാസത്തിലും ഏകദേശം ഇതേ സാഹചര്യത്തിലേക്ക് ഉപഗ്ര നീക്കം ഉണ്ടായിരുന്നു. റഷ്യയുടെ ആറ് സൈനിക ഉപഗ്രഹങ്ങളിൽ അഞ്ചെണ്ണം ICEYE-X36-ന്റെ ഭ്രമണപഥത്തോട് അടുക്കാൻ ഭ്രമണപഥ ചരിവ് 97 ഡിഗ്രിയിൽ നിന്ന് 97.8 ഡിഗ്രിയായി മാറ്റിയതായി വാര്ത്തയുണ്ടായി. കഴിഞ്ഞ ആഗസ്തിൽ ഇവ ICEYE-X36-ന് 600 മീറ്റർ മുതൽ 5.2 കിലോമീറ്റർ വരെ ഉയരത്തിൽ ഭ്രമണപഥം മാറ്റം ചെയ്തു. പിന്നീട് പാതകൾ തമ്മിൽ അകന്നു.
സെപ്റ്റംബർ 30-ന് കോസ്മോസ്-2612-ന്റെ ഉയരം 46 കിലോമീറ്ററോളം വർദ്ധിക്കുകയും അത് ICEYE-X36-മായി കൂടുതൽ ക്രമീകരിക്കപ്പെടുകയും ചെയ്തു. തുടർന്ന് ഒക്ടോബർ 12, 15, 16 തീയതികളിലെ തുടർച്ചയായ നീക്കങ്ങളിലൂടെയാണ് ഉപഗ്രഹങ്ങൾ തമ്മിലുള്ള ദൂരം വളരെ കുറഞ്ഞത്. യാദൃശ്ചികമായി സംഭവിക്കാവുന്ന ഒന്നല്ല ഈ മാറ്റങ്ങളെന്ന് മാർക്കോ ലാംബ്രോക്ക് (Marco Langbroek) പറയുന്നു.
ഭൂമിയുടെ ഭ്രമണപഥത്തിലുള്ള രണ്ട് ഉപഗ്രഹങ്ങൾ തമ്മിൽ പാലിക്കേണ്ട കുറഞ്ഞ ദൂരത്തെക്കുറിച്ച് നിലവിൽ അന്താരാഷ്ട്ര നിയമങ്ങളോ ചട്ടങ്ങളോ ഇല്ല. 1967 ലെ ഔട്ടർ സ്പേസ് ട്രെൻഡി (OST) പ്രകാരം രാജ്യങ്ങൾ പരസ്പരം "ഉചിതമായ പരിഗണന" നൽകണമെന്ന് മാത്രമാണ് വ്യവസ്ഥ നിലവിലുള്ളത്. ICEYE-X36-ന്റെ മേൽ അമേരിക്കയ്ക്കാണ് നിയമപരമായ അധികാരം എങ്കിലും ഉപഗ്രഹത്തിന് നേരെയുള്ള ആക്രമണം അമേരിക്കൻ ഭൂപ്രദേശത്തിന് നേരെയുള്ള സായുധ ആക്രമണം പോലെ കാണാൻ നിലവിൽ നിയമമില്ല.








0 comments