ഇനി സബ്സ്ക്രിപ്ഷൻ ഒന്നും വേണ്ട; ചാറ്റ് ജിപിടിയുടെ ഫ്രീ മോഡൽ പുറത്തിറക്കി ഓപ്പൺ എഐ

സാൻഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ പ്രമുഖരായ ഓപ്പൺ എഐയുടെ ചാറ്റ് ബോട്ട് ആയ ചാറ്റ് ജിപിടിയിൽ ഇനി സൗജന്യ ഡീഫോൾട് മോഡൽ. നിലവിലുണ്ടായിരുന്ന ഡിഫോൾട്ട് മോഡലിന് പകരം കൂടുതൽ ബുദ്ധിശക്തിയും വേഗതയുമുള്ള പുതിയ മോഡൽ എല്ലാ ഉപയോക്താക്കൾക്കുമായി സൗജന്യമായി ലഭ്യമാക്കി.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കൃത്യതയുള്ള മറുപടികൾ നൽകാൻ ഈ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. നേരത്തെ പണമടച്ചുള്ള പ്ലാനുകളിൽ മാത്രം ലഭ്യമായിരുന്ന പല അത്യാധുനിക ഫീച്ചറുകളും ഇനി സാധാരണ ഉപയോക്താക്കൾക്കും ഉപയോഗിക്കാൻ സാധിക്കും.
ചാറ്റ് ജിപിടിയുടെ പ്രതികരണങ്ങളിലെ പിഴവുകൾ പകുതിയോളം കുറയ്ക്കാൻ പുതിയ അപ്‌ഡേറ്റിലൂടെ സാധിച്ചതായാണ് റിപ്പോർട്ടുകൾ. പുതിയ ഡിഫോൾട്ട് മോഡലായി 'ജിപിടി-5.5 ഇൻസ്റ്റന്റ്' (GPT-5.5 Instant) അവതരിപ്പിച്ചു. ഇത് പഴയ മോഡലുകളെക്കാൾ 52 ശതമാനം കൂടുതൽ കൃത്യതയുള്ളതാണ്.
കൂടുതൽ വ്യക്തവും ലളിതവുമായ ഭാഷയിൽ മറുപടികൾ നൽകാൻ ഈ മോഡലിന് സാധിക്കും. അനാവശ്യമായ വിശദീകരണങ്ങൾ ഒഴിവാക്കി നേരിട്ടുള്ള ഉത്തരങ്ങൾ നൽകുന്നതരത്തിലാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. ഉപയോക്താക്കളുടെ മുൻകാല സംഭാഷണങ്ങളിൽ നിന്നുള്ള കാര്യങ്ങൾ ഓർത്തിരിക്കാനും അതനുസരിച്ച് മറുപടികൾ നൽകാനുമുള്ള ശേഷി വർദ്ധിപ്പിച്ചു.
സാധാരണയായി പണം നൽകി ഉപയോഗിക്കേണ്ടി വരുന്ന ഉയർന്ന ശേഷിയുള്ള എഐ സേവനങ്ങൾ ഇനി എല്ലാവർക്കും ഒരുപോലെ ലഭ്യമാകും. വിവരസാങ്കേതിക വിദ്യയിൽ, പ്രത്യേകിച്ച് കോഡിംഗ്, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ ചാറ്റ് ജിപിടി ഇനി കൂടുതൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും.
ഗൂഗിളിന്റെ 'ജെമിനി', ആന്ത്രോപ്പിക്കിന്റെ 'ക്ലോഡ്' തുടങ്ങിയ എഐ മോഡലുകൾ തമ്മിലുള്ള മത്സരം മുറുകുന്ന സാഹചര്യത്തിലാണ് ഓപ്പൺ എഐയുടെ ഈ പുതിയ നീക്കം. നിലവിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഈ അപ്‌ഡേറ്റ് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.











0 comments