വിവോ, ഐക്യൂ ഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്; മാൽവെയർ തട്ടിപ്പുമായി സൈബർ സംഘം

തിരുവനന്തപുരം: വിവോ, ഐക്യൂ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ മാൽവെയർ തട്ടിപ്പ് വ്യാപിക്കുന്നതായി കേരള പൊലീസിന്റെ ജാഗ്രതാ നിർദ്ദേശം. ഫോണുകളിൽ വ്യാജ അപ്‌ഡേറ്റ് സന്ദേശങ്ങൾ അയച്ചും, അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ഫോൺ ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്.
ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്ന് സൈബർ പൊലീസ് മുന്നറിയിപ്പ് നൽകുന്നു. ഫോണിൽ അടിയന്തരമായി സിസ്റ്റം അപ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സന്ദേശങ്ങൾ വരുന്നത്. ഇതിനൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് അടങ്ങിയ എപികെ ഫയലുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടും.
ഈ ആപ്പുകൾ വഴി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്താനും ഫോണിലെ ക്യാമറ, മൈക്രോഫോൺ എന്നിവയുടെ നിയന്ത്രണം കൈക്കലാക്കാനും തട്ടിപ്പുകാർക്ക് സാധിക്കും. ലോൺ ആപ്പ് തട്ടിപ്പുകൾ വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സംസ്ഥാനത്ത് 70 കോടി രൂപയാണ് തട്ടിയെടുത്തത്.
ഇതിൽ ഭൂരിഭാഗവും വീട്ടമ്മമാരാണ് ഇരകളാകുന്നത് എന്നതും ആശങ്ക വർദ്ധിപ്പിക്കുന്നു. ഫോണിലെ 'Install from Unknown Sources' എന്ന ഓപ്ഷൻ എപ്പോഴും ഓഫ് ചെയ്ത് വെക്കുക. അബദ്ധത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഉടൻ ഇന്റർനെറ്റ് ഓഫ് ചെയ്യുക.
സുരക്ഷിതമായ മറ്റൊരു ഉപകരണം വഴി ബാങ്കിംഗ് പാസ്‌വേഡുകൾ എത്രയും വേഗം മാറ്റുക. ഫോൺ റീസെറ്റ് ചെയ്യുന്നതും സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും. ഔദ്യോഗിക പ്ലേ സ്റ്റോർ വഴിയല്ലാതെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യരുത്.










0 comments