ഐ ഫോൺ ഉപയോക്താക്കൾക്കായി വോയ്സ് ആക്ടിവേറ്റഡ് എഐ ടൂൾ അവതരിപ്പിച്ച് പെർപ്ലെക്സിറ്റി എഐ

സാൻഫ്രാൻസിസ്കോ : ഐ ഫോൺ ഉപയോക്താക്കൾക്കായി പെർപ്ലെക്സിറ്റി അസിസ്റ്റന്റ് എന്ന പേരിൽ പുതിയ വോയ്സ് ആക്ടിവേറ്റഡ് എഐ ടൂൾ അവതരിപ്പിച്ച് പെർപ്ലെക്സിറ്റി എഐ. ഐഫോണുകളിൽ നേരിട്ട് പ്രവർത്തനങ്ങൾ നടത്താൻ പുതിയ ടൂൾ വഴി കഴിയും.
ഇതോടെ ആപ്പിൽ നിന്ന് പുറത്തുപോകാതെ തന്നെ ബുദ്ധിപരമായ പ്രതികരണങ്ങളും പ്രായോഗിക ടാസ്‌ക് നിർവ്വഹണവും സംയോജിപ്പിക്കുന്ന ആദ്യത്തെ സഹായിയായി പെർപ്ലെക്സിറ്റി മാറി. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതു കൂടാതെ മറ്റു കാര്യങ്ങളും ചെയ്യാൻ പെർപ്ലെക്സിറ്റി അസിസ്റ്റന്റിന് സാധിക്കും. വീഡിയോകളും മീഡിയകളും പ്ലേ ചെയ്യുക, ഇ മെയിലുകൾ ഡ്രാഫ്റ്റ് ചെയ്യുക, ഇവന്റുകൾ കലണ്ടറിൽ ഷെഡ്യൂൾ ചെയ്യുക, റസ്റ്റോറന്റുകളും കഫേകളും ബുക്ക് ചെയ്യുക, റിമൈൻഡൽ സെറ്റ് ചെയ്യുക തുടങ്ങിയവ വോയ്സ് കമാൻഡിലൂടെ പെർപ്ലെക്സിറ്റി അസിസ്റ്റന്റ് വഴി ചെയ്യാൻ സാധിക്കും.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി പെർപ്ലെക്സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസാണ് ഫീച്ചർ അനൗൺസ് ചെയ്തത്. വോയ്‌സ് വഴി അസിസ്റ്റന്റ് പ്രവർത്തിപ്പിക്കാൻ കഴിയും. മൂന്ന് മുതൽ നാല് സെക്കൻഡ് വരെ നേരിയ ആക്ടിവേഷന് സമയമെടുക്കും. പെർപ്ലെക്‌സിറ്റി വോയ്‌സ് മോഡ് തുറക്കാൻ ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ മോഡലുകളിൽ ലഭ്യമായ ആക്ഷൻ ബട്ടൺ ഉപയോഗിക്കാനും കഴിയും. സ്ക്രീൻ ബ്രൈറ്റ്നെസ്, വോളിയം, ഫ്ലാഷ്ലൈറ്റ്, അലാം എന്നിവ സെറ്റ് ചെയ്യാനോ നിയന്ത്രിക്കാനോ നിലവിൽ അസിസ്റ്റന്റ് വഴി സാധിക്കില്ല.
0 comments