ad
Deshabhimani

റീൽസ് ചിത്രീകരണം എളുപ്പമാക്കാൻ 'ടെലിപ്രോംപ്റ്റർ' ഫീച്ചറുമായി ഇൻസ്റ്റഗ്രാം

instagram
വെബ് ഡെസ്ക്

Published on May 28, 2026, 07:23 PM | 1 min read

തിരുവനന്തപുരം : ഇൻസ്റ്റഗ്രാമിൽ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. മുഴുവൻ സമയ ക്രിയേറ്റർമാരായും മറ്റ് ജോലികൾക്കൊപ്പം സമയം കണ്ടെത്തിയും റീൽസുകൾ ചെയ്യുന്നവർ ഏറെയാണ്. കാണുമ്പോൾ വളരെ എളുപ്പമുള്ള ജോലിയാണെന്ന് തോന്നുമെങ്കിലും, ഒരു വീഡിയോ കൃത്യമായി ചിത്രീകരിക്കുന്നതിന് പിന്നിലെ ബുദ്ധിമുട്ട് വലുതാണ്.


ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സ്ക്രിപ്റ്റ് മറന്നുപോകുന്നതും, നിരന്തരം തെറ്റുകൾ സംഭവിക്കുന്നതും, ഒരേ വീഡിയോ തന്നെ ആവർത്തിച്ച് ചിത്രീകരിക്കേണ്ടി വരുന്നതും പലരെയും മടുപ്പിക്കാറുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരമായി ഒരു തകർപ്പൻ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. റീൽസ് കൂടുതൽ എളുപ്പത്തിൽ റെക്കോഡ് ചെയ്യുന്നതിനായി 'ടെലിപ്രോംപ്റ്റർ' ഫീച്ചറാണ് ഇൻസ്റ്റഗ്രാം അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ വഴി ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന വീഡിയോയുടെ സ്ക്രിപ്റ്റ് ഫോൺ സ്‌ക്രീനിൽ തന്നെ തെളിഞ്ഞു വരും. ഇത് നോക്കി തെറ്റുകൂടാതെ ക്രിയേറ്റർമാർക്ക് സംസാരിക്കാൻ സാധിക്കും.


പുതിയ ഫീച്ചർ എത്തുന്നതോടെ തേർഡ് പാർട്ടി ടെലിപ്രോംപ്റ്റർ ആപ്പുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാം. റീൽ ചിത്രീകരിക്കുന്നതിന് തൊട്ടുമുൻപ് സ്ക്രിപ്റ്റ് നേരിട്ട് ഇൻസ്റ്റഗ്രാമിൽ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യാം. വിദ്യാഭ്യാസപരമായ വീഡിയോകൾ ചെയ്യുന്നവർ, ടെക് റിവ്യൂവേഴ്സ്, ഇൻഫ്ലുവൻസേഴ്സ്, ന്യൂസ് ക്രിയേറ്റേഴ്സ്, മാർക്കറ്റിംഗ് പ്രൊഫഷണലുകൾ, ചെറുകിട ബിസിനസ് ഉടമകൾ എന്നിവർക്കെല്ലാം ഈ ഫീച്ചർ ഏറെ ഗുണം ചെയ്യും.


  • ടെലിപ്രോംപ്റ്റർ ഫീച്ചർ എങ്ങനെ ഉപയോഗിക്കാം?


1. ഇൻസ്റ്റാഗ്രാം ആപ്പ് തുറന്ന് “+” ഐക്കണിൽ ടാപ്പ് ചെയ്യുക.


2. ഓപ്ഷനുകളിൽ നിന്ന് “റീലുകൾ” (Reels) തെരഞ്ഞെടുക്കുക.


3. ക്യാമറ സ്ക്രീനിൽ ഇടതുവശത്തായി ഓഡിയോ, ഇഫക്റ്റുകൾ, ഗ്രീൻ സ്ക്രീൻ തുടങ്ങിയ ഓപ്ഷനുകൾ കാണാം.


4. ഇതിൽ “ടെലിപ്രോംപ്റ്റർ” (Teleprompter) കാണുന്നത് വരെ സ്ക്രോൾ ചെയ്ത് അതിൽ ടാപ്പ് ചെയ്യുക.


5. വായിക്കാൻ ഉദ്ദേശിക്കുന്ന സ്ക്രിപ്റ്റ് അവിടെ ടൈപ്പ് ചെയ്യുകയോ പേസ്റ്റ് ചെയ്യുകയോ ചെയ്യുക.


തുടർന്ന് റെക്കോഡിംഗ് ആരംഭിച്ച് സ്ക്രീനിൽ തെളിയുന്ന സ്ക്രിപ്റ്റ് നോക്കി എളുപ്പത്തിൽ വായിക്കാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home