വിമാനങ്ങൾ വിപ്ലവകരമായി മാറും
റൺവേയില്ലാതെ പറന്നിറങ്ങാനും ഉയരാനും കഴിയുന്ന സാങ്കേതികത വികസിപ്പിച്ചതായി മദ്രാസ് ഐഐടി


എൻ എ ബക്കർ
Published on Oct 30, 2025, 05:23 PM | 2 min read
ചെന്നൈ: റൺവേ ഇല്ലാതെ പറന്ന് ഉയരാനും ഇറങ്ങാനും സാധ്യമാവുന്ന വിമാനങ്ങളുടെ കാലത്തേക്ക് നയിക്കുന്ന കണ്ടെത്തലുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഗവേഷകർ. ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററുകൾ ഉപയോഗിച്ച് ലംബമായി പറന്നിറങ്ങാവുന്ന (Vertical Take-Off and Landing – VTOL) വിമാനവും അൺമാൻഡ് എറിയൽ വാഹനമായ (UAV) പ്രോട്ടോട്ടൈപ്പും സാധ്യമാക്കുന്നതിനുള്ള സാങ്കേതികത വികസിപ്പിച്ചതായി അറിയിച്ചു.
ഗവേഷണ ഫലങ്ങൾ ‘ഇന്റർനാഷണൽ ജേർണൽ ഓഫ് എറോനോട്ടിക്കൽ ആൻഡ് സ്പേസ് സയൻസസ്’ എന്ന അന്താരാഷ്ട്ര ശാസ്ത്രീയ ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരീക്ഷണത്തിൽ ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററിനെയും വെർച്വൽ സിമുലേഷനെയും സംയോജിപ്പിച്ച് “സോഫ്റ്റ് ലാൻഡിംഗ്” നടത്താനാവശ്യമായ വേഗത കൈവരിച്ചതായി വ്യക്തമാക്കുന്നു.
ലിക്വിഡ് എഞ്ചിനുകളേക്കാൾ ലളിതവും സുരക്ഷിതവുമായ ഹൈബ്രിഡ് റോക്കറ്റ് മോട്ടോറുകൾ പ്രയോജനപ്പെടുത്താനുള്ള സാധ്യതയാണ് പരീക്ഷിച്ചത്. ലിക്വിഡ്, സോളിഡ് എഞ്ചിനുകളുടെ ഗുണങ്ങൾ ഒരുമിച്ച് കൈവരിക്കാവുന്ന ഹൈബ്രിഡ് സിസ്റ്റങ്ങളായിരിക്കും ഇവ.
നിലവിലെ ലംബമായ ലാൻഡിങ്ങും ടേക് ഓഫും സംവിധാനങ്ങൾ സാങ്കേതികമായി സങ്കീർണ്ണവും പരിപാലനച്ചെലവ് കൂടുതൽ ആവശ്യപ്പെടുന്നതുമാണ്. അതിന് പകരം ഫലപ്രദമായ പ്രൊപ്പൽഷൻ യൂണിറ്റ് വികസിപ്പിക്കുന്നതിനായി ഹൈബ്രിഡ് ത്രസ്റ്റർ അടിസ്ഥാനമാക്കിയ പ്ലാറ്റ്‌ഫോം ആശയ തലത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞതായും വ്യക്തമാക്കുന്നു.

“പുതിയ വി ടി ഒ എൽ സംവിധാനത്തിലൂടെ വിമാനങ്ങൾക്ക് റൺവേകളില്ലാതെ തന്നെ ലംബമായി പറക്കാനും ഇറങ്ങാനും കഴിയും. ഇത് ദൂരെ പ്രദേശങ്ങളിലേക്കും പ്രയാസകരമായ ഭൂപ്രദേശങ്ങളിലേക്കും എളുപ്പത്തിൽ പ്രവേശനം സാധ്യമാക്കും. ഐ ഐ ടി മദ്രാസിലെ എയർസ്പേസ് എഞ്ചിനിയറിംഗ് വിഭാഗം പ്രൊഫസർ പി എ രാമകൃഷ്ണൻ വ്യക്തമാക്കി
നിലവിൽ ഹെലികോപ്റ്ററുകൾ മാത്രമാണ് അത്തരത്തിലുള്ള മേഖലകളിൽ പ്രവർത്തിക്കുന്നത്. പക്ഷേ അവ വേഗത, പറക്കൽ പരിധി, കാര്യക്ഷമത തുടങ്ങിയവയിൽ പരിമിതി നേരിടുന്നു.”
വി ടി ഒ എൽ സാങ്കേതികവിദ്യ വാണിജ്യ ഉപയോഗത്തിനായുള്ള തലത്തിലെത്തിക്കാൻ, ആവശ്യമായ ടെക്നോളജി റെഡിനസ് ലെവലിലെത്തിക്കേണ്ടതുണ്ട്. അതോടെ സിവിൽ, സൈനിക വ്യോമയാനരംഗങ്ങളിലൊക്കെയും വിപ്ലവകരമായ മാറ്റം കൊണ്ടുവരും. വലിയ വിമാനത്താവളങ്ങൾ അപ്രസക്തമാവും. വ്യോമഗതാഗതം വിവിധ ചെറു കേന്ദ്രങ്ങളിലേക്കായി വിഭജിക്കാനും സാധിക്കും- പ്രൊഫസർ രാമകൃഷ്ണൻ വ്യക്തമാക്കി.
പ്ളാറ്റ്ഫോമിൽ വിമാനത്തിന്റെ ദിശയും ഭാവവും നിലനിർത്താൻ കഴിയുന്ന ആറ്റിറ്റ്യൂഡ് സ്റ്റെബിലൈസേഷൻ കൈവരിക്കാനായാൽ ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്റർ ഉപയോഗിച്ചുള്ള യഥാർത്ഥ വി ടി ഒ എൽ സംവിധാനത്തിലേക്കുള്ള പാത എളുപ്പമാവും.
ഹോവർ ചെയ്യുമ്പോഴും പറന്നുയരുമ്പോഴും ലാൻഡിംഗ് ചെയ്യുമ്പോഴും ആവശ്യമുള്ള ദിശയിൽ ഓറിയന്റേഷൻ നിലനിർത്തുന്ന പ്രക്രിയയാണ് VTOL പ്ലാറ്റ്‌ഫോമിന്റെ ആറ്റിറ്റ്യൂഡ് സ്റ്റെബിലൈസേഷൻ.










0 comments