എഐ ശൈലിയിലേക്ക് മാറണം, അല്ലെങ്കിൽ പുറത്തേക്ക്; ജീവനക്കാർക്ക് വോളന്ററി എക്സിറ്റ് പാക്കേജുമായി ഗൂഗിൾ

ന്യൂയോർക്ക്: എഐ അടിസ്ഥാനമാക്കിയുള്ള പ്രവർത്തന രീതികളിലേക്ക് പൂർണ്ണമായും മാറുന്നതിന്റെ ഭാഗമായി ജീവനക്കാർക്ക് വോളന്ററി എക്സിറ്റ് പാക്കേജുകൾ വാഗ്ദാനം ചെയ്ത് ഗൂഗിൾ. കമ്പനിയുടെ പുതിയ എഐ ദൗത്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്കും ജോലിയിലെ തീവ്രത കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും മാന്യമായ നഷ്ടപരിഹാരത്തോടെ പിരിഞ്ഞുപോകാമെന്നാണ് ഗൂഗിളിന്റെ വാഗ്ദാനം.
ഗൂഗിളിന്റെ ഗ്ലോബൽ ബിസിനസ് ഓർഗനൈസേഷനിലെ പ്രത്യേക വിഭാഗങ്ങളിലുള്ള ജീവനക്കാർക്കാണ് ഈ അവസരം നൽകിയിരിക്കുന്നത്. കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസറായ ഫിലിപ്പ് ഷിൻഡ്ലർ അയച്ച ആഭ്യന്തര മെമ്മോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025-ൽ മികച്ച സാമ്പത്തിക നേട്ടം കമ്പനി കൈവരിച്ചെങ്കിലും, മാറുന്ന സാങ്കേതിക വിദ്യയ്ക്കൊപ്പം അതിവേഗം നീങ്ങാൻ സന്നദ്ധരായവർ മാത്രം മതി എന്ന നിലപാടിലാണ് ഗൂഗിൾ.
എഐയുടെ സഹായത്തോടെ വലിയ സ്വാധീനം ചെലുത്താനുള്ള ദൗത്യത്തിൽ ഓരോ അംഗവും പൂർണ്ണമായി പങ്കാളികളാകേണ്ടതുണ്ട്. കമ്പനി ആവശ്യപ്പെടുന്ന വേഗതയുമായി പൊരുത്തപ്പെടാൻ കഴിയാത്തവർക്കും ഗൂഗിളിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്കും വോളന്ററി എക്സിറ്റ് തെരഞ്ഞെടുക്കാം എന്നാണ് തീരുമാനം.
അമേരിക്കയിലെ സെയിൽസ്, കോർപ്പറേറ്റ് ഡെവലപ്‌മെന്റ്, സൊല്യൂഷൻ ടീമുകളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിക്കുക. എന്നാൽ കസ്റ്റമർ സർവീസുമായി നേരിട്ട് ബന്ധമുള്ള വിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിർബന്ധിത പിരിച്ചുവിടലുകൾ ഒഴിവാക്കി ജീവനക്കാരെ സ്വയം വിരമിക്കാൻ പ്രേരിപ്പിക്കുന്നത് വഴി കമ്പനിയുടെ പ്രതിച്ഛായ നിലനിർത്താനാണ് ഗൂഗിൾ ശ്രമിക്കുന്നത്.
നേരത്തെ മൈക്രോസോഫ്റ്റ്, മെറ്റാ തുടങ്ങിയ വമ്പൻമാരും സമാനമായ രീതിയിൽ എഐ കേന്ദ്രീകൃതമായ പുനഃസംഘടനകൾ നടത്തിയിരുന്നു. എഐ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വരും വർഷങ്ങളിൽ ടെക് മേഖലയിൽ വലിയ തൊഴിൽ മാറ്റങ്ങൾക്ക് കാരണമാകുമെന്ന സൂചനയാണ് ഗൂഗിളിന്റെ പുതിയ നീക്കവും നൽകുന്നത്.










0 comments