ഐഫോൺ ഉപയോഗിക്കുന്നവർ ജാഗ്രത; ആപ്പിൾ ഉപകരണങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഐഫോൺ ഉൾപ്പെടെയുള്ള ആപ്പിൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പ് നൽകി. ആപ്പിൾ സിസ്റ്റങ്ങളിൽ കണ്ടെത്തിയ സുരക്ഷാ പിഴവുകൾ ഹാക്കർമാർ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് 2026 മാർച്ച് 19-ന് പുറത്തിറക്കിയ ജാഗ്രതാ നിർദ്ദേശത്തിൽ ഏജൻസി വ്യക്തമാക്കി.
ഐഫോൺ, ഐപാഡ്, മാക് ബുക്കുകൾ എന്നിവയുടെ പഴയ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവരാണ് പ്രധാനമായും ഭീഷണി നേരിടുന്നത്. മാക് ഒഎസ് (macOS) 13.5, 14.2, 14.3 പതിപ്പുകളും ഐഒഎസ് (iOS), ഐപാഡ് ഒഎസ് (iPadOS) 16.7.15, 15.8.7, 17.3, 16.7.5 പതിപ്പുകളും ഉപയോഗിക്കുന്നവർ ഉടൻ തന്നെ ഏറ്റവും പുതിയ പതിപ്പിലേക്ക് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് സിഇആർടി-ഇൻ നിർദ്ദേശിച്ചു.
ഈ പതിപ്പുകളിലെ പിഴവുകൾ വഴി ഹാക്കർമാർക്ക് ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാനും സ്വകാര്യ വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് കണ്ടെത്തൽ. കമ്പനി പുറത്തിറക്കിയിട്ടുള്ള ഏറ്റവും പുതിയ സുരക്ഷാ പാച്ചുകൾ ഉൾപ്പെട്ട ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്യുന്നത് വഴി ഈ ഭീഷണി ഒഴിവാക്കാം. ഉപയോക്താക്കൾ തങ്ങളുടെ ഹാൻഡ്‌സെറ്റുകളിലെ സെറ്റിങ്‌സ് പരിശോധിച്ചു അപ്ഡേറ്റുകൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു.











0 comments