വാട്സാപ്പിൽ നിന്ന് ബ്രേക്ക് എടുക്കണോ? അൺഇൻസ്റ്റാൾ ചെയ്യേണ്ട, പഴയ ചാറ്റുകൾ പോകില്ല; പുതിയ ഫീച്ചർ !

പ്രതീകാത്മക ചിത്രം
സോഷ്യൽ മീഡിയയിൽ നിന്ന് ഒരു താത്കാലിക ബ്രേക്കെടുത്ത് യഥാർത്ഥ ജീവിതത്തിലോ പഠനത്തിലോ ജോലിയിലോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ അക്കൗണ്ടുകൾ താത്കാലികമായി ഡിആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷനുകൾ ലഭ്യമാണെങ്കിലും, വാട്സാപ്പിൽ ഇതിന് ഇതുവരെ കൃത്യമായൊരു സംവിധാനമില്ലായിരുന്നു.
ആപ്പ് പൂർണ്ണമായും അൺഇൻസ്റ്റാൾ ചെയ്യുക മാത്രമായിരുന്നു ഇതിനുള്ള ഏക പോംവഴി. എന്നാൽ നിരന്തരമായ മെസ്സേജുകളിൽ നിന്ന് ചെറിയൊരു ബ്രേക്ക് മാത്രം ആഗ്രഹിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചർ എത്തുന്നത്.
പുതിയ ഫീച്ചർ നിലവിൽ വരുന്നതോടെ വാട്സാപ്പ് അൺഇൻസ്റ്റാൾ ചെയ്യാതെ തന്നെ ഉപയോക്താക്കൾക്ക് തങ്ങളുടെ അക്കൗണ്ടിൽ നിന്ന് താത്കാലികമായി 'സൈൻ ഔട്ട്' ചെയ്യാൻ സാധിക്കും. സൈൻ ഔട്ട് ചെയ്യുന്നത് വഴി നിങ്ങളുടെ പഴയ ചാറ്റുകളോ മറ്റ് പ്രധാന വിവരങ്ങളോ ഒന്നും തന്നെ നഷ്ടപ്പെടുകയില്ല.
വാട്സാപ്പ് സെറ്റിങ്സിനുള്ളിലാണ് പുതിയ സൈൻ ഔട്ട് ഓപ്ഷൻ ക്രമീകരിക്കുക. വാട്സാപ്പ് സെറ്റിങ്സ് ഓപ്പൺ ചെയ്യുക. അതിൽ പുതുതായി വരുന്ന സൈൻ ഔട്ട് ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് സ്ക്രീനിൽ തെളിയുന്ന കൺഫർമേഷൻ മെസ്സേജ് സ്ഥിരീകരിക്കുന്നതോടെ അക്കൗണ്ട് താൽക്കാലികമായി ഓഫാകും. ബ്രേക്കിന് ശേഷം തിരികെ വരാൻ വലിയ പ്രോസസ്സുകൾ ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ വീണ്ടും ലോഗ് ഇൻ ചെയ്യാം.










0 comments