ഫോൺ നമ്പർ വേണ്ട, പകരം മറ്റൊന്ന്; സുരക്ഷാ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്‌സ്ആപ്പ് ലോഗോ
കാലിഫോർണിയ : ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് മാറ്റങ്ങൾ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ആപ്പിളിന്റെ പുതിയ മെസേജിങ് ആപ്പിൽ നിന്നുള്ള വെല്ലുവിളിയെ തുടർന്നാണ് വാട്‌സ്ആപ്പ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇനി മുതൽ മറ്റൊരാൾക്ക് മെസേജ് അയക്കാൻ ഫോൺ നമ്പർ കൈമാറേണ്ടി വരില്ല എന്നതാണ് പ്രധാന മാറ്റം.
ടെലിഗ്രാം, സിഗ്നൽ എന്നീ ആപ്പുകളിലെ പോലെ ഓരോ ഉപയോക്താവിനും യൂസർനെയിം ക്രിയേറ്റ് ചെയ്യാൻ ഇതിലൂടെ സാധിക്കും. അപരിചിതർക്ക് ഫോൺ നമ്പർ നൽകാതെ തന്നെ വാട്‌സ്ആപ്പിലൂടെ ബന്ധപ്പെടാൻ സഹായിക്കുന്ന ഈ ഫീച്ചർ സുരക്ഷയെ കരുതി നമ്പർ മറച്ചുവെക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമാകും. ചിത്രങ്ങൾക്കും വീഡിയോകൾക്കും നിലവിലുള്ള വ്യൂ വൺസ് സൗകര്യം ഇനി സാധാരണ ടെക്സ്റ്റ് മെസേജുകൾക്കും ലഭ്യമാകും. ഈ ബട്ടൺ ഉപയോഗിച്ച് അയക്കുന്ന മെസേജുകൾ വായിച്ചു കഴിഞ്ഞാലുടൻ തനിയെ ഡിലീറ്റായി പോകും.
സംഭാഷണങ്ങൾ സ്ഥിരമായി ചാറ്റിൽ സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്ക് ഈ സൗകര്യം ഏറെ ഉപകാരപ്പെടും. അതേസമയം, വാട്‌സ്ആപ്പ് സന്ദേശങ്ങൾ സുരക്ഷിതമാണെന്ന് കമ്പനി അവകാശപ്പെടുമ്പോഴും ഗൂഗിൾ ഡ്രൈവ്, ക്ലൗഡ് എന്നിവയിൽ സൂക്ഷിക്കുന്ന ബാക്കപ്പുകളെക്കുറിച്ച് വിമർശനം ശക്തമാണ്.
ഭൂരിഭാഗം ആളുകളും ബാക്കപ്പ് എൻക്രിപ്ഷൻ ഫീച്ചർ ഉപയോഗിക്കാത്തത് വലിയ സുരക്ഷാ ഭീഷണിയാണ്. ഐഫോൺ ഉപയോക്താക്കൾക്കായി ആപ്പിൾ പുതിയ സുരക്ഷാ ക്രമീകരണങ്ങൾ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് വാട്‌സ്ആപ്പിന്റെ ഈ നീക്കം.









0 comments