വാട്സാപ്പിൽ സ്വകാര്യത കൂട്ടാൻ പുതിയ 'ആഫ്റ്റർ റീഡിങ്' ഫീച്ചർ വരുന്നു

ന്യൂഡൽഹി: ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ കരുത്തേകാൻ പുതിയ 'ആഫ്റ്റർ റീഡിങ്' ഫീച്ചറുമായി വാട്സാപ്പ് എത്തുന്നു. സന്ദേശങ്ങൾ സ്വീകർത്താവ് വായിച്ചുകഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ അവ ചാറ്റിൽനിന്ന് തനിയെ അപ്രത്യക്ഷമാകുന്ന സംവിധാനമാണിത്. നിലവിൽ ആൻഡ്രോയിഡ് ബീറ്റ പതിപ്പിൽ പരീക്ഷിക്കുന്ന ഈ ഫീച്ചർ 'വാബീറ്റ ഇൻഫോ' ആണ് കണ്ടെത്തിയത്.
പുതിയ ഫീച്ചർ പ്രകാരം ഒരു സന്ദേശം തുറന്നാലുടൻ 15 മിനിറ്റ് സമയമുള്ള കൗണ്ട്ഡൗൺ ആരംഭിക്കും. ഈ സമയം കഴിയുന്നതോടെ അയച്ചയാളുടെയും സ്വീകരിച്ചയാളുടെയും ഫോണുകളിൽനിന്ന് ആ സന്ദേശം പൂർണ്ണമായും നീക്കം ചെയ്യപ്പെടും. രഹസ്യ വിവരങ്ങൾ, ഒടിപി വെരിഫിക്കേഷൻ കോഡുകൾ എന്നിവ കൈമാറുന്നവർക്ക് ഈ മാറ്റം ഏറെ പ്രയോജനകരമാകും. സന്ദേശം തുറന്നില്ലെങ്കിൽ 24 മണിക്കൂർ വരെ അത് ചാറ്റിൽ തുടരുകയും അതിനുശേഷം തനിയെ അപ്രത്യക്ഷമാവുകയും ചെയ്യും. ബ്ലൂ ടിക്ക് ഓഫ് ചെയ്തിട്ടവർക്കും ഈ ഫീച്ചർ കൃത്യമായി പ്രവർത്തിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
നിലവിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും മാത്രമുള്ള 'വ്യൂ വൺസ്' ഫീച്ചറിന്റെ പരിഷ്കരിച്ച രൂപമായാണ് ഇത് അവതരിപ്പിക്കുന്നത്. സാധാരണ ടെക്സ്റ്റ് മെസേജുകൾക്കും ഇത് ബാധകമാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. നിലവിലുള്ള 24 മണിക്കൂർ, 7 ദിവസം, 90 ദിവസം എന്നിങ്ങനെയുള്ള ഡിസപ്പിയറിങ് ഓപ്ഷനുകൾക്ക് പുറമെയാണിത് വരുന്നത്. വ്യക്തിഗത ചാറ്റുകൾക്കോ അല്ലെങ്കിൽ എല്ലാ ചാറ്റുകൾക്കുമായി പൊതുവായോ ഈ ഫീച്ചർ സജ്ജീകരിക്കാൻ സാധിക്കും.
ഇതോടൊപ്പം തന്നെ സന്ദേശങ്ങൾ നേരിട്ട് വിവർത്തനം ചെയ്യാനുള്ള 'ഇൻ ആപ്പ് മെസേജ് ട്രാൻസലേഷൻ' ഫീച്ചറും വാട്സാപ്പ് ലോകമെമ്പാടും അവതരിപ്പിച്ചു കഴിഞ്ഞു. ഭാഷാ അതിർവരമ്പുകൾ ഇല്ലാതെ ആശയവിനിമയം സുഗമമാക്കാൻ സഹായിക്കുന്ന ഈ സംവിധാനം ഇന്ത്യയുൾപ്പെടെ 180 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പുകളിലും ചാനലുകളിലും സന്ദേശങ്ങൾ തത്സമയം വിവർത്തനം ചെയ്യാൻ ഇതിലൂടെ സാധിക്കും. ആപ്പ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് ഈ പുതിയ സേവനങ്ങൾ പ്രയോജനപ്പെടുത്താം.









0 comments