ഐഫോണുകളിൽ ഇനി സന്ദേശങ്ങൾ കൂടുതൽ സുരക്ഷിതം; ആർസിഎസ് എൻക്രിപ്ഷൻ അവതരിപ്പിക്കാൻ ആപ്പിൾ

കാലിഫോർണിയ: ഐഫോണിലെ മെസേജസ് ആപ്പിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ആർസിഎസ് (Rich Communication Services) എൻക്രിപ്ഷൻ അവതരിപ്പിക്കാനൊരുങ്ങി ആപ്പിൾ. ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുന്ന ഐഒഎസ് 26.5 (iOS 26.5) അപ്ഡേറ്റിലൂടെയാകും ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ലഭ്യമാകുക.
2024-ൽ പുറത്തിറങ്ങിയ ഐഒഎസ് 18 ലൂടെ തന്നെ ആപ്പിൾ ആർസിഎസ് സേവനം ലഭ്യമാക്കിയിരുന്നുവെങ്കിലും സന്ദേശങ്ങൾക്ക് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ (End-to-End Encryption) പിന്തുണ ഉണ്ടായിരുന്നില്ല. എന്നാൽ പുതിയ അപ്ഡേറ്റിലൂടെ ഈ പോരായ്മ പരിഹരിക്കപ്പെടുകയാണ്. മെറ്റയുടെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പോലെ തന്നെ ആർസിഎസ് വഴി അയക്കുന്ന സന്ദേശങ്ങളും ഇനി ഹാക്കർമാർക്കോ മറ്റ് മൂന്നാം കക്ഷികൾക്കോ ചോർത്താൻ സാധിക്കില്ല.
എന്താണ് ആർസിഎസ്?
സാധാരണ എസ്എംഎസ്, എംഎംഎസ് സേവനങ്ങളുടെ ആധുനിക പതിപ്പാണ് ആർസിഎസ്. ഇന്റർനെറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ഉയർന്ന നിലവാരമുള്ള ചിത്രങ്ങൾ, ഫയലുകൾ, വീഡിയോകൾ എന്നിവ പരിധിയില്ലാതെ അയക്കാൻ സാധിക്കും. കൂടാതെ മെസേജ് അയക്കുമ്പോഴുള്ള ടൈപ്പിംഗ് ഇൻഡിക്കേറ്റർ, മെസേജ് വായിച്ചു എന്ന് ഉറപ്പുവരുത്തുന്ന റീഡ് റെസീപ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
ഗൂഗിൾ മെസേജസിൽ 2020 മുതൽ തന്നെ ആർസിഎസ് എൻക്രിപ്ഷൻ ലഭ്യമായിരുന്നുവെങ്കിലും ആപ്പിൾ ഇത് നടപ്പിലാക്കുന്നത് ഇപ്പോഴാണ്. പുതിയ മാറ്റം വരുന്നതോടെ ഐഫോൺ ഉപഭോക്താക്കൾക്കും ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കും പരസ്പരം അയക്കുന്ന സന്ദേശങ്ങൾ കൂടുതൽ സുരക്ഷിതമാകും. എന്നാൽ ഈ സുരക്ഷ ലഭിക്കുന്നതിനായി സന്ദേശം അയക്കുന്നയാളും സ്വീകരിക്കുന്നയാളും തങ്ങളുടെ ഫോണുകളിൽ ആർസിഎസ് ഫീച്ചർ ഓൺ ചെയ്തിരിക്കണം.
നിലവിൽ ഡെവലപ്പർമാർക്ക് ലഭ്യമായ ഐഒഎസ് 26.5 അപ്ഡേറ്റ് ഈ മാസം അവസാനത്തോടെ സാധാരണ ഉപഭോക്താക്കളിലേക്ക് എത്തും.











0 comments