Deshabhimani

വിരമിക്കൽ ചട്ടം തിരിച്ചടിയായി; രോഹൻ ബൊപ്പണ്ണ എഐടിഎ പട്ടികയിൽനിന്ന് പുറത്ത്

BOPANA
വെബ് ഡെസ്ക്

Published on Oct 17, 2026, 06:13 PM | 1 min read

ന്യൂഡൽഹി: വിരമിച്ച് ഒരു വർഷം പൂർത്തിയാകാത്തതിനാൽ ഇന്ത്യൻ ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയെ ഓൾ ഇന്ത്യ ടെന്നിസ് അസോസിയേഷന്റെ (എഐടിഎ) സ്‌പോർട്‌സ് പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) പട്ടികയിൽ ഉൾപ്പെടുത്തിയില്ല.


ദേശീയ കായിക ഭരണനിയമങ്ങൾ 2026 പ്രകാരം വിരമിച്ച് ഒരു വർഷം പൂർത്തിയാകണമെന്ന നിബന്ധനയാണ് 46 കാരനായ മുൻ ലോക ഒന്നാം നമ്പർ ഡബിൾസ് താരത്തിന് തിരിച്ചടിയായത്.


2025 നവംബർ ഒന്നിനാണ് ബൊപ്പണ്ണ പ്രൊഫഷണൽ ടെന്നിസിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. എന്നാൽ ഒക്ടോബർ 16 ന് പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഒരു വർഷത്തെ കാലാവധി പൂർത്തിയാകാൻ ആഴ്ചകൾ ശേഷിച്ചിരുന്നു. അപേക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ഒരു വർഷമെങ്കിലും സജീവ കായികമത്സരങ്ങളിൽനിന്ന് വിരമിച്ചിരിക്കണമെന്നാണ് ചട്ടം.


യോഗ്യത സംബന്ധിച്ച് എഐടിഎ അഡ്മിനിസ്‌ട്രേറ്റർ ഗീത മിത്തലിനോട് വ്യക്തത തേടിയശേഷമാണ് ഫെഡറേഷന്റെ ഉറപ്പിൽ ബൊപ്പണ്ണ അപേക്ഷ സമർപ്പിച്ചതെന്നാണ് റിപ്പോർട്ട്. 2024ൽ ഇന്ത്യക്കുവേണ്ടിയുള്ള മത്സരങ്ങളിൽനിന്ന് വിരമിച്ചെങ്കിലും എടിപി ടൂറിൽ കളി തുടർന്നതിനാൽ 2025 നവംബർ വരെ അദ്ദേഹം സജീവ താരമായിരുന്നു.


2017ലെ ഫ്രഞ്ച് ഓപ്പണിലും 2024ലെ ഓസ്‌ട്രേലിയൻ ഓപ്പണിലും കിരീടം നേടിയ ബൊപ്പണ്ണ 43-ാം വയസ്സിൽ പുരുഷ ഡബിൾസിൽ ലോക ഒന്നാം നമ്പർ സ്ഥാനത്തെത്തിയിരുന്നു. എഐടിഎയുടെ 40 അംഗ എസ്ഒഎം പട്ടികയിൽ ഇടം നേടാൻ 42 പുരുഷന്മാരും 28 വനിതകളും അപേക്ഷിച്ചിരുന്നു. ലിയാൻഡർ പേസ് ഒന്നാം നിരയിലും മഹേഷ് ഭൂപതി, സാനിയ മിർസ എന്നിവർ രണ്ടാം നിരയിലുമുണ്ട്.


എഐടിഎ ജനറൽ ബോഡിയിലേക്കും എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുമുള്ള കായികതാര പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനാണ് പട്ടിക തയ്യാറാക്കിയത്. ഒക്ടോബർ 23 മുതൽ 25 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്. നവംബർ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home