'വിടപറയുന്നു... പക്ഷേ അവസാനമല്ല' ; ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രോഹൻ ബൊപ്പണ്ണ

ന്യൂഡൽഹി : പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സൂപ്പർ താരം രോഹൻ ബൊപ്പണ്ണ. ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയ നാല് ഇന്ത്യക്കാരിൽ ഒരാളായ ബൊപ്പണ്ണ ശനിയാഴ്ചയാണ് തന്റെ രണ്ട് പതിറ്റാണ്ടോളം നീണ്ട കരിയറിന് വിരാമമിടുന്നതായി പ്രഖ്യാപിച്ചത്. പാരീസ് മാസ്റ്റേഴ്സിലായിരുന്നു 45 കാരനായ ബൊപ്പണ്ണയുടെ അവസാന പ്രകടനം. കസാക്കിസ്ഥാന്റെ അലക്സാണ്ടർ ബുബ്ലിക്കിനൊപ്പമുള്ള ഡബിൾസിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. "എ ഗുഡ്ബൈ... ബട്ട് നോട്ട് ദി എൻഡ്" എന്ന തലക്കെട്ടിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വൈകാരിക കുറിപ്പിൽ തന്റെ ജന്മനാടായ കൂർഗിൽ നിന്ന് ലോക ടെന്നീസിലേക്കുള്ള യാത്രയെപ്പറ്റി ബൊപ്പണ്ണ പറയുന്നു.
കഴിഞ്ഞ വർഷം ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ ഡബിൾസ് ചാംപ്യനായ ബൊപ്പണ്ണ പുരുഷ ഗ്രാൻസ്ലാമിൽ ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറിയിരുന്നു. കഴിഞ്ഞ വർഷം പാരീസ് ഒളിമ്പിക്സിനുശേഷം ബൊപ്പണ്ണ തന്റെ ഇന്ത്യൻ കരിയർ അവസാനിപ്പിച്ചിരുന്നു. 2023 ൽ ലഖ്നൗവിൽ മൊറോക്കോയ്ക്കെതിരായ അവസാന മത്സരം കളിച്ചപ്പോഴാണ് ഡേവിസ് കപ്പിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2000ത്തിൽ പ്രൊഫഷണൽ കരിയർ ആരംഭിച്ച ബൊപ്പണ്ണ കരിയറിൽ, നിരവധി തവണ ഡേവിസ് കപ്പിലും ഗ്രാൻഡ് സ്ലാം ഇവന്റുകളിലും ഒളിമ്പിക്സിലും ഇന്ത്യയിക്കായി കോർട്ടിലിറങ്ങി.
2017-ൽ കനേഡിയൻ താരം ഗബ്രിയേല ഡാബ്രോവ്സ്കിക്കൊപ്പം ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ വിജയിച്ച് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം നേടി. 2024-ൽ ഓസ്ട്രേലിയൻ ഓപ്പണിൽ മാത്യു എബ്ഡനുമായി ചേർന്ന് ആദ്യ പുരുഷ ഡബിൾസ് കിരീടവും നേടി. 2023ൽ എബ്ഡനുമായി ചേർന്ന് ഇന്ത്യൻ വെൽസ് ട്രോഫി നേടി. 2024-ൽ 43 വയസ്സുള്ളപ്പോൾ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയതോടെ അദ്ദേഹം ഡബിൾസിൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഒന്നാം നമ്പർ താരമായി മാറി.









0 comments