ലോറസ് പുരസ്കാര തിളക്കത്തിൽ അൽകാരസും സബലെങ്കയും; കായികലോകത്തെ മികച്ച താരങ്ങളായി ടെന്നീസ് പ്രമുഖർ

ലോറസ് വേൾഡ് സ്പോർട്സ് അവാർഡ്സ് 2026-ൽ കാർലോസ് അൽകാരാസ് (വലത്ത്) മികച്ച കായികതാരത്തിനുള്ള പുരസ്കാരവും അര്യന സബലെങ്ക (ഇടത്തു) മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരവും ഏറ്റുവാങ്ങുന്നു. |Photo Credit: AP
മാഡ്രിഡ്: കായികലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറസ് ലോക കായിക പുരസ്കാരങ്ങളിൽ ടെന്നീസ് താരങ്ങളുടെ ആധിപത്യം. മാഡ്രിഡിൽ തിങ്കളാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സ്പെയിനിന്റെ കാർലോസ് അൽകാരാസ് മികച്ച കായികതാരമായും (സ്പോർട്സ്മാൻ ഓഫ് ദി ഇയർ) , ബെലാറസിന്റെ അര്യന സബലെങ്ക മികച്ച വനിതാ കായികതാരമായും (സ്പോർട്സ് വുമൺ ഓഫ് ദി ഇയർ ) തിരഞ്ഞെടുക്കപ്പെട്ടു.
മുൻ ജേതാക്കളായ നോവാക് ജോക്കോവിച്ചും ഐലീൻ ഗുവും ചേർന്ന് ആദ്യമായി ഒരുമിച്ചു അവതാരകരായ ചടങ്ങ് കായിക ലോകത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.2025-ലെ തകർപ്പൻ പ്രകടനങ്ങളാണ് ഇരുവർക്കും പുരസ്കാരം നേടിക്കൊടുത്തത്. ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ ചൂടിയ 22-കാരനായ അൽകാരാസ് ലോക ഒന്നാം നമ്പർ പദവി തിരിച്ചുപിടിച്ചുകൊണ്ടാണ് തന്റെ ആധിപത്യം ഉറപ്പിച്ചത്.
യുഎസ് ഓപ്പൺ കിരീടം നേടുകയും ഓസ്‌ട്രേലിയൻ, ഫ്രഞ്ച് ഓപ്പണുകളിൽ ഫൈനലിൽ എത്തുകയും ചെയ്തതാണ് 27-കാരിയായ സബലെങ്കയെ പുരസ്കാരത്തിന് അർഹയാക്കിയത്. സെറീന വില്യംസ്, നവോമി ഒസാക്ക തുടങ്ങിയ ഇതിഹാസ താരങ്ങൾ മുൻപ് അലങ്കരിച്ച പട്ടികയിലേക്കാണ് സബലെങ്കയും ഇതോടെ എത്തിയത്.
ഗോൾഫ് താരം റോറി മക്കൽറോയി മികച്ച തിരിച്ചുവരവിനുള്ള (വേൾഡ് കം ബാക് ഓഫ് ദി ഇയർ) പുരസ്കാരം സ്വന്തമാക്കി. 11 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ 2025-ൽ മാസ്റ്റേഴ്സ് കിരീടം നേടി കരിയർ ഗ്രാൻഡ്‌സ്ലാം പൂർത്തിയാക്കിയതാണ് മക്കൽറോയിയെ നേട്ടത്തിന് അർഹനാക്കിയത്.
ഫോർമുല വൺ ഡ്രൈവർ ലാൻഡോ നോറിസ് 'ബ്രേക്ക്ത്രൂ ഓഫ് ദി ഇയർ' പുരസ്കാരം നേടിയപ്പോൾ, ഫുട്ബോൾ ലോകത്തെ വിസ്മയം ലമീൻ യമാൽ മികച്ച യുവതാരത്തിനുള്ള (വേൾഡ് യങ് സ്പോർട്സപേഴ്സൺ) പുരസ്കാരം നേടി.ഫ്രഞ്ച് ലീഗിന് പുറമെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കിയ പാരിസ് സെന്റ് ജെർമൻ (പിഎസജി ) ആണ് മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടത്.
ഫുട്ബോൾ ഇതിഹാസം ടോണി ക്രൂസ് 'സ്‌പോർട്ടിംഗ് ഇൻസ്പിരേഷൻ' പുരസ്കാരത്തിന് അർഹനായപ്പോൾ, ജിംനാസ്റ്റിക്സ് ഇതിഹാസം നാദിയ കൊമനേച്ചിക്ക് 'ലൈഫ് ടൈം അച്ചീവ്‌മെന്റ്' പുരസ്കാരം നൽകി ആദരിച്ചു. ഗബ്രിയേൽ അരൗജോ (ഭിന്നശേഷിയുള്ള മികച്ച കായികതാരം), ക്ലോ കിം (ആക്ഷൻ സ്പോർട്സ് പേഴ്സൺ) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ലോകമെമ്പാടുമുള്ള കായിക മാധ്യമപ്രവർത്തകർ നാമനിർദ്ദേശം ചെയ്യുന്നവരിൽ നിന്ന് ലോറസ് വേൾഡ് സ്പോർട്സ് അക്കാദമിയിലെ 69 അംഗങ്ങളാണ് വിജയികളെ കണ്ടെത്തുന്നത്. 2000 മുതൽ മുടങ്ങാതെ നൽകിവരുന്ന ഈ പുരസ്കാരങ്ങൾ കായിക ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്ന നേട്ടങ്ങളിലൊന്നാണ്. കഴിഞ്ഞ വർഷം സിമോൺ ബൈൽസും മോണ്ടോ ഡുപ്ലാന്റിസും ആയിരുന്നു പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയിരുന്നത്.










0 comments