ലോക അണ്ടർ20 അത്‌ലറ്റിക്‌സ്: ബസന്ത് കുമാറിന് വെള്ളി ഷാനവാസിന് വെങ്കലം

ബസന്ത് കുമാർ മേഘ്‌വാൾ| Photo:X
ന്യൂയോർക്ക് : അമേരിക്കയിൽ നടക്കുന്ന ലോക അണ്ടർ20 അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടം മൂന്നായി. പുരുഷന്മാരുടെ ഹൈജമ്പിൽ ബസന്ത് കുമാർ മേഘ്‌വാൾ വെള്ളിയും ലോങ് ജമ്പിൽ ഷാനവാസ് ഖാൻ വെങ്കലവും നേടി. ഹൈജമ്പിൽ 2.21 മീറ്റർ ഉയരം താണ്ടിയാണ് 19കാരനായ ബസന്ത് കുമാർ വെള്ളി മെഡൽ സ്വന്തമാക്കിയത്. ലോക അണ്ടർ20 ചാമ്പ്യൻഷിപ്പ് ഹൈജമ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ബസന്ത്.
ആൾജീരിയയുടെ യൂനസ് അയാച്ചി സ്വർണവും ഗ്രേറ്റ് ബ്രിട്ടന്റെ ഓട്ടിസ് പൂൾ വെങ്കലവും നേടി. ലോങ് ജമ്പിൽ മൂന്നാം ശ്രമത്തിൽ 7.84 മീറ്റർ ദൂരം പിന്നിട്ടാണ് 18കാരനായ ഷാനവാസ് ഖാൻ വെങ്കലം അണിഞ്ഞത്. ഇറ്റലിയുടെ ഡാനിയൽ ഇൻസോളി സ്വർണവും (7.97 മീറ്റർ) ആസ്‌ട്രേലിയയുടെ മേസൺ മഗ്രോഡർ വെള്ളിയും (7.96 മീറ്റർ) നേടി.
കഴിഞ്ഞ ദിവസം നടന്ന ജാവലിൻ ത്രോയിൽ ആശിഷ് യാദവ് ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടി. 74.09 മീറ്റർ ദൂരം എറിഞ്ഞാണ് ആശിഷ് ഈ നേട്ടം കൈവരിച്ചത്. നീരജ് ചോപ്രയ്ക്ക് ശേഷം ഈ വിഭാഗത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ആശിഷ് യാദവ്.










0 comments