പ്രശസ്തിയിൽ വഴിതെറ്റരുത്; റെക്കോർഡ് തകർത്ത പതിനെട്ടുകാരന് ഉപദേശവുമായി സാക്ഷാൽ ഉസൈൻ ബോൾട്ട്

Photo Credit: AFP/Reuters
സിഡ്‌നി: തന്റെ റെക്കോർഡ് തകർത്ത ഓസ്‌ട്രേലിയൻ കൗമാര താരം ഗൗട്ട് ഗൗട്ടിന് ഗൗരവമേറിയ ഉപദേശവുമായി സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട്. വലിയ നേട്ടങ്ങൾ ചെറുപ്രായത്തിൽ തേടിയെത്തുമ്പോൾ ശ്രദ്ധ തിരിക്കാൻ നിരവധി കാര്യങ്ങൾ ചുറ്റുമുണ്ടാകുമെന്നും, എന്നാൽ കരിയറിലെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കരുതെന്നും ബോൾട്ട് മുന്നറിയിപ്പ് നൽകി.
200 മീറ്ററിൽ കൗമാരക്കാരനായിരുന്ന ബോൾട്ട് കുറിച്ച സമയത്തേക്കാൾ വേഗത്തിൽ ഗൗട്ട് ഫിനിഷ് ചെയ്തതിന് പിന്നാലെയാണ് ഇതിഹാസ താരത്തിന്റെ പ്രതികരണം.ആ പ്രായത്തിൽ കരിയറിൽ ശ്രദ്ധ കുറയാൻ സാധ്യതയുള്ള സാഹചര്യങ്ങൾ താൻ അനുഭവിച്ചിട്ടുള്ളതാണെന്ന് ബോൾട്ട് സിഎൻഎന്നിനോട് പറഞ്ഞു.
"ആ ചെറിയ പ്രായത്തിൽ ശ്രദ്ധ പല വഴിക്ക് തിരിക്കപ്പെട്ടേക്കാം. അതുവഴി സ്പ്രിന്റിംഗിലെ ലക്ഷ്യങ്ങൾ മറന്നുപോകാൻ സാധ്യതയുണ്ട്. കരിയറിൽ കൃത്യമായ മാർഗനിർദ്ദേശം നൽകാനും ട്രാക്കിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുന്ന ശരിയായ ആളുകൾ അവനൊപ്പം ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ബോൾട്ട് വ്യക്തമാക്കി.
പ്രശസ്തിയുടെയും മറ്റ് പ്രലോഭനങ്ങളുടെയും പിന്നാലെ പോയി ട്രാക്കിലെ പ്രകടനം മോശമായാൽ കൈവന്ന നേട്ടങ്ങളെല്ലാം പെട്ടെന്ന് നഷ്ടമാകുമെന്നും ബോൾട്ട് ഓർമ്മിപ്പിച്ചു. "ട്രാക്കിലെ പ്രകടനത്തിന് പുറത്തുള്ള കാര്യങ്ങൾ എപ്പോഴും അവിടെയുണ്ടാകും. എന്നാൽ ട്രാക്കിൽ ഒരിക്കൽ പിഴവ് സംഭവിച്ചാൽ ബാക്കിയുള്ളതെല്ലാം ഇല്ലാതാകും," ബോൾട്ട് പറഞ്ഞു. തന്റെ ചെറുപ്പകാലത്തെ ഓർമ്മിപ്പിക്കുന്ന താരമാണ് ഗൗട്ട് എന്ന് ബോൾട്ട് നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.










0 comments