print edition അത്ഭുതം ഡുപ്ലന്റിസ്; പതിനഞ്ചാം തവണയും ലോക റെക്കോഡ്

സ്‌റ്റോക്‌ഹോം: പോൾവോൾട്ടിൽ പതിനഞ്ചാം തവണയും ലോക റെക്കോഡിട്ട് അർമാൻഡ് ഡുപ്ലന്റിസ്. സ്വീഡനിലെ ഉപ്-സലയിൽ നടന്ന ഇൻഡോർ ചാന്പ്യൻഷിപ്പിലായിരുന്നു ഇൗ വർഷത്തെ ആദ്യ റെക്കോഡ് പ്രകടനം. 6.31 മീറ്റർ ചാടിയാണ് നേട്ടം. സ്വന്തം കാണികൾക്ക് മുന്നിൽ അത്ഭുതമൊരുക്കുകയായിരുന്നു ഡുപ്ലന്റിസ്. ആദ്യ ശ്രമം 5.65 മീറ്റർ. പിന്നാലെ 5.90. തുടർന്ന് 6.08. ഇതും ആദ്യ ശ്രമത്തിൽതന്നെ മറികടന്നശേഷം 23 സെന്റിമീറ്റർ ഉയർത്താൻ ആവശ്യപ്പെടുകയായിരുന്നു. ഒന്നാമത്തെ ചാട്ടത്തിൽതന്നെ ആ ഉയരവും കാൽക്കീഴിലാക്കി. സ്വീഡനിൽ രണ്ടാംതവണയാണ് റെക്കോഡിടുന്നത്. ആദ്യത്തേത് കഴിഞ്ഞ വർഷം ജൂണിൽ സ്‌റ്റോക്‌ഹോമിലായിരുന്നു. 2025ൽ മാത്രം നാല് തവണ റെക്കോഡ് തിരുത്തി.
ഉപ്‌സലയിൽ നോർവേയുടെ സോൻഡ്രേ ഗുട്ടോർമ്‌സെൻ ആറ് മീറ്ററിൽ രണ്ടാമതായി. ഡുപ്ലെന്റിസ് കഴിഞ്ഞാൽ പുരുഷ പോൾവോട്ടിൽ ഏറ്റവും ഉയരം കുറിച്ച ഗ്രീക്കുകാരൻ ഇമ്മാനുവിൽ കരാലിസിന് ഇവിടെ ആറ് മീറ്റർ മറികടക്കാനായില്ല. ഇൗ മാസം അവസാനം പോളണ്ടിൽ നടക്കുന്ന ലോക ഇൻഡോർ ചാന്പ്യൻഷിപ്പിൽ പുതിയ ഉയരം കുറിക്കാനാണ് ഡുപ്ലന്റിസിന്റെ ലക്ഷ്യം. ‘സ്വന്തം നാട്ടുകാർക്ക് മുന്പിൽ റെക്കോഡ് കുറിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഇതെന്റെ വീടാണ്’– മത്സരശേഷം ഇരുപത്താറുകാരൻ പറഞ്ഞു.
2020 ഫെ-ബ്രുവരിയിലാണ് ഇതിഹാസതാരം സെർജി ബുബ്‌കയുടെ റെക്കോഡ് തിരുത്തി ഡുപ്ലന്റിസ് കടന്നുവരുന്നത്. 6.17 മീറ്ററിലാണ് റെക്കോഡിട്ടത്. പിന്നെ തന്നോടുതന്നെ മത്സരിക്കുകയായിരുന്നു സ്വീഡിഷുകാരൻ. 6.17 മീറ്ററിൽ കരാലിസും 6.16 മീറ്ററിൽ ഫ്രാൻസിന്റെ റെനൗദ് ലാവില്ലെനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
15 റെക്കോഡ് ചാട്ടം
2020 ഫെബ്രുവരി: 6.17 മീറ്റർ
2020 ഫെബ്രുവരി: 6.18
2022 മാർച്ച്: 6.19
2022 മാർച്ച്: 6.20
2022 ജൂലൈ : 6.21
2023 ഫെബ്രുവരി: 6.22
2023 സെപ്‌തംബർ: 6.23
2024 ഏപ്രിൽ: 6.24
2024 ആഗസ്‌ത്: 6.25
2024 ആഗസ്‌ത്: 6.26
2025 ഫെബ്രുവരി: 6.27
2025 ജൂൺ: 6.28
2025 ആഗസ്‌ത്: 6.29
2025 സെപ്‌തംബർ: 6.30
2026 മാർച്ച്: 6.31










0 comments