print edition ട്രിവാട്ടർപൂരം

നീന്തലിൽ നാല് റെക്കോഡിട്ട തിരുവനന്തപുരം തുണ്ടത്തിൽ എം വിഎച്ച്എസ് എസിലെ ആജുഷി അവന്തിക ഫോട്ടോ: വി കെ അഭിജിത്
എസ് കിരൺബാബു
Published on Oct 26, 2025, 12:15 AM | 1 min read
തിരുവനന്തപുരം
നീന്തലിൽ തിരുവനന്തപുരം തുണ്ടത്തിൽ എംവിഎച്ച്എസ്എസിലെ ആജുഷി അവന്തിക അഞ്ച് സ്വർണം നേടിയപ്പോൾ നാലിലും റെക്കോഡ്. സബ് ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഫ്രീസ്‌റ്റൈൽ, 50 മീറ്റർ ഫ്രീസ്‌റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, ഫ്രീസ്‌റ്റൈൽ റിലേ എന്നിവയിൽ പുതിയ റെക്കോഡ് കുറിച്ചു. മിഡ്‍ലേ റിലേയിലും സ്വർണമുണ്ട്. തിരുവനന്തപുരം പാലോട് ചല്ലിമുക്ക് സജീവിന്റെയും അനുജയുടെയും മകളാണ് എട്ടാംക്ലാസുകാരി. തിരുവനന്തപുരം സായിയുമായി ചേർന്നുള്ള ഗ്ലൻസ്‌മാർക്ക് അക്വാട്ടിക് ഫൗണ്ടേഷന്റെ കീഴിലാണ് പരിശീലനം. ഹൈജമ്പിൽ മത്സരിക്കാൻ അവന്തികയ്‌ക്ക് അവസരം ലഭിച്ചെങ്കിലും നീന്തൽ മത്സരങ്ങളുണ്ടായിരുന്നതിനാൽ പങ്കെടുക്കാനായില്ല.
നീന്തൽക്കുളത്തിൽ തിരുവനന്തപുരം മാത്രം. 73 സ്വർണവും 63 വെള്ളിയും 46 വെങ്കലവും ഉൾപ്പെടെ 649 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരം അക്വാട്ടിക്‌സിൽ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാമതെത്തിയ തൃശൂരിനേക്കാൾ 500 പോയിന്റ് വ്യത്യാസം. വാട്ടർപോളോയിലും തിരുവനന്തപുരമാണ് ജേതാക്കൾ.
തലസ്ഥാന ജില്ലയുടെ നേട്ടത്തിൽ തുണ്ടത്തിൽ എംവിഎച്ച്എസ് (118 പോയിന്റ്) ഗവ. വിഎച്ച്എസ്എസ് പിരപ്പൻകോട് (64), കന്യാകുളങ്ങര ഗവ. ഗേൾസ് എച്ച്‌എസ്‌എസ് (58), വെഞ്ഞാറമൂട് ഗവ. എച്ച്‌എസ്‌എസ് (50), തിരുവല്ലം ബിഎൻവിവിഎച്ച്എസ്എസ് (48) എന്നീ സ്‌കൂളുകൾ പങ്കാളികളായി. 16 സ്വർണവും 10 വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ149 പോയിന്റ് മാത്രമാണ് രണ്ടാം സ്ഥാനത്തുള്ള തൃശൂർ നേടിയത്. എട്ട് സ്വർണവും 18 വെള്ളിയും 16 വെങ്കലവും ഉൾപ്പെടെ 133 പോയിന്റുമായി എറണാകുളമാണ് മൂന്നാംസ്ഥാനത്ത്. അവസാന ദിവസം ആറെണ്ണമടക്കം 16 റെക്കോഡുകളാണ് തകർന്നത്.










0 comments