print edition സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ്; പാലക്കാട് മുന്നിൽ, പിന്നാലെ മലപ്പുറം

കൊല്ലത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ വനിതകളുടെ അണ്ടർ 20 പോൾവോൾട്ടിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടിയ എറണാകുളത്തിന്റെ ജീന ബേസിലിന്റെ പ്രകടനം / ഫോട്ടോ: എം എസ് ശ്രീധർലാൽ
അമൽ ഷൈജു
Published on Oct 05, 2026, 02:21 AM | 1 min read
കൊല്ലം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ 200 പോയിന്റുമായി കുതിപ്പ് തുടർന്ന് പാലക്കാട്. 191 പോയിന്റോടെ മലപ്പുറം തൊട്ടുപിന്നിലുണ്ട്. തിരുവനന്തപുരം മൂന്നാമതാണ് (150). പാലക്കാടിന് എട്ട് സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവും ലഭിച്ചു. രണ്ടാം സ്ഥാനത്തുള്ള മലപ്പുറത്തിന് അഞ്ച് സ്വർണവും 13 വെള്ളിയും 10 വെങ്കലവുമുണ്ട്. തിരുവനന്തപുരം എട്ട് സ്വർണവും അഞ്ച് വെള്ളിയും 10 വെങ്കലവും നേടി.
ഞായറാഴ്‌ച അഞ്ചിനങ്ങളിൽ റെക്കോഡുണ്ട്. ഇതടക്കം ആകെ റെക്കോഡ് പത്തായി. മീറ്റ് നാളെ സമാപിക്കും. അണ്ടർ 20 പെൺകുട്ടികളുടെ പോൾവോൾട്ടിൽ എറണാകുളത്തിന്റെ ജീന ബേസിൽ 3.85 മീറ്റർ ഉയരം താണ്ടി റെക്കോഡിട്ടു(3.60 മീറ്റർ). ദേശീയ റെക്കോഡിനേക്കാൾ (3.80 മീറ്റർ) മികച്ച പ്രകടനമാണ്.
അണ്ടർ 16 ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഗൗരേഷ് ബിനോയ് 10.57 സെക്കൻഡിലും അണ്ടർ 20 പുരുഷന്മാരുടെ 110 മീറ്റർ ഹർഡിൽസിൽ മലപ്പുറത്തിന്റെ ഫസലുൽ ഹഖ് 13.82 സെക്കൻഡിലും ഫിനിഷ് ചെയ്‌ത് റെക്കോഡിട്ടു. അണ്ടർ 18 പെൺകുട്ടികളുടെ ഹെപ്റ്റാത്‌ലണിൽ ആലപ്പുഴയുടെ അനാമിക അജേഷാണ് (4601 പോയിന്റ്) റെക്കോഡിന് പുതിയ അവകാശി. അണ്ടർ 18 പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ 51.29 സെക്കൻഡിൽ പറന്നെത്തിയ കണ്ണൂർ ടീമും പുതിയ സമയം കുറിച്ചു.









0 comments