print edition മിന്നി സോന

ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിൽ കാസർകോട് കുട്ടമത്ത് ജിഎച്ച്എസ്എസ് സ്‌കൂളിലെ സോനാ മോഹൻ റെക്കോഡോടെ സ്വർണം നേടുന്നു / ഫോട്ടോ: വി കെ അഭിജിത്

ഡി കെ അഭിജിത്
Published on Oct 25, 2025, 04:12 AM | 1 min read
തിരുവനന്തപുരം
മഴയിലും തോൽക്കാത്ത ആവേശമായിരുന്നു സോന മോഹന്റെ കൈമുതൽ. സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സ് ഡിസ്‌കസ് ത്രോയിൽ പുതിയ ദൂരം കുറിച്ചാണ് സോന മഴയിൽ മിന്നിയത്. ജൂനിയർ പെൺകുട്ടികളുടെ ഡിസ്‌കസിൽ ഏഴ് വർഷം പഴക്കമുള്ള റെക്കോഡ് കാസർകോടുകാരി മറികടന്നു. 38.64 മീറ്ററാണ് റെക്കോഡ് ദൂരം. 2017ൽ തൃശൂരിന്റെ പി എ അതുല്യയുടെ 37.49 മീറ്റർ പുതുക്കി. കാസർകോട് ചെറുവത്തൂർ കെ സി ത്രോസ് അക്കാദമിയുടെ താരമാണ് ടി സോനാ മോഹൻ. കെ സി ഗിരീഷാണ് പരിശീലകൻ.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നാം ശ്രമത്തിലായിരുന്നു റെക്കോഡ് ദൂരം. മലപ്പുറം കാവനൂർ സിഎച്ച്‌എംകെഎംഎച്ച്‌എസിലെ ഇ കെ ദിവ്യ കൃഷ്‌ണ (31.49 മീറ്റർ) വെള്ളിയും മലപ്പുറം മൂക്കുതല പി സിഎൻജിഎച്ച്‌എസ്‌എസിലെ ടി വി തുഷാര (30.90 മീറ്റർ) വെങ്കലവും നേടി.
ചെറുവത്തൂരിൽ ഓട്ടോ ഡ്രൈവറായ കാരിയിൽ പി പി മോഹനന്റെയും ടി സൗമ്യയുടെയും മകളാണ്. കുട്ടമത്ത് ജിഎച്ച്എസ്എസിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിനി. എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണ് അക്കാദമിയിൽ എത്തുന്നത്.
കെ സി സെർവാൻ, പാർവണ ജിതേഷ്, വി എസ് അനുപ്രിയ, യു അഖില രാജു എന്നിവർക്ക് പിന്നാലെ കെ സി ത്രോസ് അക്കാദമിയിൽനിന്ന് റെക്കോഡ് ബുക്കിൽ ഇടംപിടിക്കുന്ന മറ്റൊരു മിന്നുംതാരമാണ് സോന.










0 comments