print edition സ്‌കൂൾ കായികമേള: ട്രാക്കുണരാൻ ഇനി രണ്ടാഴ്‌ച

കോഴിക്കോട്: സംസ്ഥാനത്തെ കായികപ്രതിഭകൾ മാറ്റുരയ്‌ക്കുന്ന 68-–ാമത് കേരള സ്‌കൂൾ കായികമേളയ്‌ക്ക് ട്രാക്കുണരാൻ ഇനി രണ്ടാഴ്‌ച. 25 മുതൽ 31 വരെ നടക്കുന്ന മേളയ്‌ക്ക് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) ക്യാമ്പസ് പ്രധാന വേദിയാകും. അത്‌ലറ്റിക്‌സ് മത്സരങ്ങൾ 27 മുതൽ 31 വരെ എൻഐടിയിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 കായികതാരങ്ങൾ ട്രാക്കിലിറങ്ങും.
30-ന് നടക്കുന്ന ക്രോസ് കൺട്രി മത്സരങ്ങൾക്കും ഇൻക്ലൂസീവ് അത്‌ലറ്റിക്സ്, ഇൻക്ലൂസീവ് ഫുട്ബോൾ മത്സരങ്ങൾക്കും എൻഐടി വേദിയാകും. 25-ന് ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച മാർച്ച് പാസ്റ്റിൽ 4,000 താരങ്ങൾ അണിനിരക്കും. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് മത്സരങ്ങളിൽ 2,000-ത്തിലധികം പേരും മാറ്റുരയ്‌ക്കും. ഗൾഫ് മേഖലയിൽ നിന്ന് അത്‌ലറ്റിക്‌സ്, ഗെയിംസ് മത്സരങ്ങളിലായി 48 താരങ്ങളാണ് പങ്കെടുക്കുന്നത്.
ആകെ 10 മത്സരവേദികളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബാഡ്മിന്റൺ, ഇൻക്ലൂസീവ് ബാഡ്മിന്റൺ മത്സരങ്ങൾ ദേവഗിരി സെന്റ് ജോസഫ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. പെൺകുട്ടികളുടെ ബാസ്‌കറ്റ്ബോൾ ചേവായൂർ പ്രസന്റേഷൻ എച്ച്എസ്എസിലും ആൺകുട്ടികളുടെ ബാസ്‌കറ്റ്ബോൾ സിൽവർ ഹിൽസ് പബ്ലിക് സ്‌കൂളിലുമാണ് നടക്കുക. വടംവലി, ഇൻക്ലൂസീവ് ക്രിക്കറ്റ് മത്സരങ്ങൾക്ക് കുന്നമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ വേദിയാകും. കൊടിയത്തൂർ പിടിഎംഎച്ച്എസ്എസ്, വാദി റഹ്മ ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിലായി കരാട്ടെ, വുഷു, സോഫ്റ്റ്ബോൾ, ബേസ്ബോൾ, ബോൾ ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും. യോഗ മത്സരങ്ങൾ ചാത്തമംഗലം ആർഇസി ജിവിഎച്ച്എസ്എസിലും നെറ്റ്ബോൾ, ത്രോബോൾ മത്സരങ്ങൾ പെരുവയൽ സെന്റ് സേവ്യേഴ്സ് യു പി സ്‌കൂളിലുമാണ് നടത്തുക.









0 comments