തായ്‌ലൻഡ് ഓപ്പൺ; മലേഷ്യയെ വീഴ്ത്തി സാത്വിക്-ചിരാഗ് സഖ്യം ഫൈനലിൽ

Photo Credit: ANI
ബാങ്കോക്ക്: തായ്‌ലൻഡ് ഓപ്പൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സൂപ്പർ സഖ്യമായ സാത്വിക്സായിരാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും പുരുഷ ഡബിൾസ് ഫൈനലിൽ കടന്നു.
ബാങ്കോക്കിൽ നടന്ന ആവേശകരമായ സെമിഫൈനൽ പോരാട്ടത്തിൽ മലേഷ്യയുടെ ലോക ഒൻപതാം നമ്പർ സഖ്യമായ ഗോ സേ ഫെയ് - നൂർ ഇസുദ്ദീൻ ജോഡിയെയാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്.
ഒരു മണിക്കൂറും 22 മിനിറ്റും നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്കായിരുന്നു ലോക നാലാം നമ്പറായ ഇന്ത്യയുടെ വിജയം. സ്കോർ: 19-21, 22-20, 21-16.
കടുത്ത സമ്മർദ്ദഘട്ടങ്ങളിലും അസാമാന്യമായ ശാന്തതയും ആത്മവിശ്വാസവും നിലനിർത്തിയാണ് സാത്വികും ചിരാഗും ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ മികച്ച ഫോമിലായിരുന്ന മലേഷ്യൻ സഖ്യം ഇന്ത്യൻ താരങ്ങളുടെ പിഴവുകൾ മുതലെടുത്ത് 18-12 എന്ന നിലയിൽ വ്യക്തമായ ലീഡ് ഉയർത്തിയിരുന്നു.
സാത്വികും ചിരാഗും ശക്തമായി പോരാടി സ്കോർ വ്യത്യാസം കുറച്ചെങ്കിലും അവസാന നിമിഷം സാത്വികിന്റെ ഷോട്ട് നെറ്റിൽ തട്ടിയതോടെ 21-19 ന് ആദ്യ ഗെയിം മലേഷ്യൻ സഖ്യം സ്വന്തമാക്കുകയായിരുന്നു.
രണ്ടാം ഗെയിമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം (13-13, 16-16) പോരാടിയതോടെ മത്സരം കടുത്തു. വേഗതയേറിയ സ്മാഷുകളിലൂടെ ഇന്ത്യ മുന്നേറിയെങ്കിലും, മലേഷ്യ രണ്ട് ഗെയിം പോയിന്റുകൾ പ്രതിരോധിച്ചു.
ഒടുവിൽ സ്കോർ 20-20 എന്ന നാടകീയ ഘട്ടത്തിൽ എത്തിയപ്പോൾ, ആവേശം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ കൃത്യമായ ഡിഫെൻസിലൂടെ 22-20 ന് രണ്ടാം ഗെയിം പിടിച്ച് ഇന്ത്യ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ സാത്വികിന്റെ തകർപ്പൻ സ്മാഷുകളാണ് ഇന്ത്യക്ക് തുണയായത്. മലേഷ്യൻ സഖ്യം തുടർച്ചയായി പിഴവുകൾ വരുത്തിയതോടെ തുടർച്ചയായി ആറ് പോയിന്റുകൾ നേടി 11-5 ന്റെ നിർണായക ലീഡ് ഇന്ത്യൻ ജോഡി സ്വന്തമാക്കി.
മലേഷ്യൻ സഖ്യം പിന്നീട് സ്കോർ 17-13 ലേക്ക് കുറച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സാത്വികിന്റെ ക്രോസ്-കോർട്ട് സ്മാഷും ചിരാഗിന്റെ വിന്നിങ് ഷോട്ടും 21-16 ന് ഗെയിമും മത്സരവും ഇന്ത്യക്ക് സമ്മാനിക്കുകയായിരുന്നു.
ഈ സീസണിലെ തങ്ങളുടെ ആദ്യ ഫൈനൽ പ്രവേശനമാണിതെന്ന് മത്സരശേഷം ചിരാഗ് ഷെട്ടി പ്രതികരിച്ചു. വർഷത്തിന്റെ തുടക്കം മാനസികമായി അത്ര മികച്ചതായിരുന്നില്ലെന്നും എന്നാൽ തോമസ് കപ്പിലെ വെങ്കല മെഡൽ വിജയം ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചെന്നും ചിരാഗ് കൂട്ടിച്ചേർത്തു.
2019 ലും 2024 ലും ഇവിടെ കിരീടം ചൂടിയിട്ടുള്ള ഇന്ത്യൻ സഖ്യം ഞായറാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇൻഡോനേഷ്യയുടെ ലിയോ റോളി കർണാണ്ടോ - ഡാനിയൽ മാർട്ടിൻ സഖ്യത്തെ നേരിടും.










0 comments