print edition തലമുറയെ പ്രചോദിപ്പിച്ച ഇതിഹാസം ; പി ആർ ശ്രീജേഷ് മാനുവൽ ഫ്രെഡറികിനെ ഓർക്കുന്നു

ഒരുതലമുറയെ പ്രചോദിപ്പിച്ച ഗോൾകീപ്പറാണ് മാനുവൽ ഫ്രെഡറിക്. ഞങ്ങൾ രണ്ടുപേരും രണ്ടുകാലത്ത് ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർമാരായിരുന്നു. രണ്ടുപേരും ഇന്ത്യക്കായി ഒളിമ്പിക്സ് ഹോക്കിയിൽ മെഡൽ നേടിയവരാണ്, അതും വെങ്കലം.
അദ്ദേഹത്തെ ആദ്യമായി കാണുന്നത് വർഷങ്ങൾക്ക് മുന്പാണ്. ഞാനന്ന് തിരുവനന്തപുരം ജിവി രാജയിൽ പഠിക്കുന്ന കാലം. ഒമ്പതിലോ പത്തിലോ ആണെന്ന് തോന്നുന്നു. കണ്ണൂർ സ്‌പോർട്‌സ് സ്‌കൂളിൽവച്ചാണ് കണ്ടതെന്നാണ് ഓർമ. അന്ന് അദ്ദേഹത്തിന്റെ ഒളിമ്പിക്സ് മെഡൽ കണ്ട് ത്രില്ലടിച്ചതാണ്. ആ പരിചയം വിളിക്കാനുള്ള അടുപ്പമായി. വിളിച്ചാൽ ഗോളികൾക്ക് വേണ്ട കാര്യങ്ങൾ പറഞ്ഞുതരും. നല്ല പിന്തുണയും ഉപദേശവും കിട്ടിക്കൊണ്ടിരുന്നു. ഗോൾവലക്ക് മുമ്പിൽ ചടുലനീക്കങ്ങൾ വേണമെന്ന് എപ്പോഴും പറയുമായിരുന്നു.
എനിക്ക് മെഡൽ കിട്ടിയശേഷം അദ്ദേഹത്തെ കണ്ടിരുന്നു. 49 വർഷത്തിനുശേഷം കേരളത്തിന് കിട്ടിയ മെഡൽ കാണിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പല വേദികളിലും പിന്നീട് ഒരുമിച്ച് കണ്ടു. കുറേ സംസാരിച്ചു. പ്രധാനമായും ഹോക്കിയെ കുറിച്ചായിരുന്നു. അദ്ദേഹം എന്റെ പരിശീലകനായില്ലെങ്കിലും ഉപദേശകനായി ഞാനെപ്പോഴും ഓർക്കുന്ന പേരാണ് മാനുവൽ ഫ്രെഡറിക്.










0 comments