ad
Deshabhimani

ജൂനിയർ ഹോക്കി ലോകകപ്പ്‌

print edition നിസാര പിഴവുകൾ 
വിനയായി : ശ്രീജേഷ്‌

Junior Hockey World Cup 2025
വെബ് ഡെസ്ക്

Published on Dec 09, 2025, 01:00 AM | 1 min read


ചെന്നൈ

ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തായതിൽ മലയാളിയായ പരിശീലകൻ പി ആർ ശ്രീജേഷിന്‌ കടുത്ത നിരാശ. നിസാരമായ പിഴവുകളാണ്‌ ജർമനിയുമായുള്ള സെമിയിൽ കളിക്കാർ വരുത്തിയതെന്ന്‌ ശ്രീജേഷ്‌ പ്രതികരിച്ചു. ജർമനിയോട്‌ 5–1നാണ്‌ തോറ്റത്‌. നാളെ അർജന്റീനയുമായാണ്‌ മൂന്നാംസ്ഥാനക്കാർക്കായുള്ള പോരാട്ടം. ഫൈനലിൽ ജർമനി സ്‌പെയ്‌നുമായി കളിക്കും.


‘നമ്മൾ നന്നായി കളിച്ചില്ല. അതാണ്‌ സത്യം. എതിരാളികൾക്ക്‌ മുന്നേറാൻ അവസരം നൽകി. നിസാരമായ പിഴവുകൾക്ക്‌ വലിയ വിലകൊടുക്കേണ്ടിവന്നു. വ്യക്തമായ പദ്ധതികളോടെയാണ്‌ ജർമനിക്കെതിരെ ഇറങ്ങിയത്‌. പക്ഷേ, കളത്തിൽ അതൊന്നും നടപ്പാക്കാനായില്ല– ശ്രീജേഷ്‌ പറഞ്ഞു.


ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രശ്‌നം. അത്‌ ഒരു ഗോളിനായാലും പത്ത്‌ ഗോളിനായാലും ഒരുപോലെതന്നെ. പക്ഷേ, തോൽക്കുന്ന രീതിയാണ്‌ പ്രശ്‌നം. എങ്ങനെ ഗോൾ വഴങ്ങിയെന്നതും പ്രധാനമാണ്‌. ഇതുപോലുള്ള വേദികളിൽ പിഴവുകൾ വരുത്തിയശേഷം തിരിച്ചുവരാൻ കഴിയില്ലെന്നും ഇന്ത്യൻ ടീം മുൻ ഗോൾ കീപ്പർ വ്യക്തമാക്കി. വെങ്കല മെഡൽ നേടുമെന്ന പ്രതീക്ഷയും ശ്രീജേഷ്‌ പങ്കുവച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home