Deshabhimani

print edition പരിക്കില്ലാതെ വെള്ളി

Srishankar.jpg

ഏഷ്യൻ ഗെയിംസ് പുരുഷ ലോങ്ജമ്പിൽ വെള്ളി നേടിയശേഷം ഇന്ത്യയുടെ 
മലയാളി താരം എം ശ്രീശങ്കർ 
ദേശീയ പതാകയുമായി ആഹ്ലാദത്തിൽ

വെബ് ഡെസ്ക്

Published on Sep 29, 2026, 01:01 AM | 2 min read

നഗാേയ: പരിക്കേറ്റ്‌ പിടഞ്ഞെങ്കിലും എം ശ്രീശങ്കർ വെള്ളി കൈവിട്ടില്ല. മുസുഹോ പാർക്ക്‌ സ്‌റ്റേഡിയത്തിൽ പുരുഷന്മാരുടെ ലോങ്ജമ്പ്‌ ഫൈനൽ നടക്കുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. 12 പേർ അണിനിരന്ന മത്സരത്തിൽ ഇന്ത്യ–ചൈന–ഉസ്‌ബെക്‌ പോരായിരുന്നു പ്രവചിക്കപ്പെട്ടത്‌. അതുപോലെ സംഭവിച്ചു.


കഴിഞ്ഞ തവണ വെങ്കലമുണ്ടായിരുന്ന ഷി യുഹായോ ആദ്യ ചാട്ടത്തിൽ 7.91 മീറ്റർ താണ്ടി വരവറിയിച്ചു. ഉസ്‌ബെക്‌താരം അൻവറോവ്‌ അൻവർ 7.94 മീറ്ററോടെ ഒന്നാമതെത്തി. ശ്രീശങ്കറിന്റെ ചാട്ടം 7.66 മീറ്ററായിരുന്നു. രണ്ടാമത്തെ അവസരത്തിലാണ്‌ മത്സരം മുറുകിയത്‌. യുഹായോ 8.17 മീറ്റർ ചാടി ഒന്നാമതെത്തി. ശ്രീശങ്കറും വിട്ടുകൊടുത്തില്ല. –8.07 മീറ്റർ.


ഇരുവരുടെയും മെഡൽ നിർണയിച്ച ചാട്ടങ്ങളായിരുന്നു അത്‌. അൻവറോവ്‌ 8.03 മീറ്ററുമായി ഭീഷണി ഉയർത്തി. മൂന്നാം ചാട്ടത്തിൽ ശ്രീശങ്കർ 7.56 മീറ്ററിലേക്ക്‌ താണു. യുഹായോവിനും കുതിപ്പ്‌ സാധ്യമായില്ല–7.71 മീറ്റർ. ഉസ്‌ബെക്‌ താരം ഫോം തുടർന്നെങ്കിലും മറികടക്കാനായില്ല.


നാലാം ചാട്ടത്തിൽ ഉയർന്നുപൊങ്ങിയ ശ്രീശങ്കർ വേദനയോടെ പിറ്റിലേക്ക്‌ വീണു. കുറച്ചുനേരം അവിടെ കിടന്നു. എണീക്കാൻ ശ്രമിച്ചപ്പോൾ ഇടത്തേകാലിന്‌ കടുത്ത വേദന. മെഡിക്കൽ സംഘമെത്തി. അവരുടെ സഹായത്തോടെ കളത്തിന്‌ പുറത്തേക്ക്‌ മാറി. വേദിയിലുണ്ടായിരുന്ന അച്ഛനും പരിശീലകനുമായ എസ്‌ മുരളി പരിഭ്രാന്തിയോടെ നോക്കി.


മത്സരം തുടരാനാകില്ലെന്ന്‌ ശ്രീങ്കർ അറിയിച്ചു. പിന്നെ കാത്തിരിപ്പായി. ആരെങ്കിലും മുന്നിൽ കയറുമോയെന്ന ആശങ്ക ബാക്കി. ഉസ്‌ബെക്‌ താരം 8.06 മീറ്ററിൽ തൊട്ടതോടെ ഇന്ത്യൻ സംഘം നടുങ്ങി. നാലാം സ്ഥാനത്തെത്തിയ ചൈനീസ്‌ തായ്‌പേയിയുടെ ലിൻ യു ടാങ് 8.04 മീറ്ററും 8.05 മീറ്ററും താണ്ടിയപ്പോൾ ശ്രീയുടെ 8.07 മീറ്റർ വിറച്ചു.


എന്നാൽ പിന്നീടാർക്കും ആ ദൂരം മറികടക്കാനായില്ല. യുഹായോ 8.17 മീറ്റർ ദൂരത്തോടെ സ്വർണം ഉറപ്പിച്ചു. ശ്രീശങ്കറിന്‌ 8.07 മീറ്ററിൽ അഭിമാന വെള്ളി. ഉസ്‌ബെക്‌ താരം അൻവറോവ്‌ 8.06 മീറ്റർ വെങ്കലത്തിൽ ആശ്വസിച്ചു. നാല്‌ താരങ്ങൾ മാത്രമാണ്‌ എട്ട്‌ മീറ്റർ കടമ്പ താണ്ടിയത്‌.


മധുരനൊമ്പരം


വെള്ളിയുടെ മധുരത്തിലും പരിക്കിന്റെ നൊമ്പരമുണ്ട്‌ ശ്രീശങ്കറിന്‌. സ്വർണത്തിലേക്ക്‌ കുതിക്കാൻ കഴിയാത്തതിന്റെ നിരാശയും. തുടർച്ചയായി രണ്ടാം ഏഷ്യൻ ഗെയിംസ്‌ വെള്ളിയുമായാണ്‌ മടക്കം. കഴിഞ്ഞ തവണ ഹാങ്ഷു ഗെയിംസിൽ 8.19 മീറ്റർ ചാടിയാണ്‌ വെള്ളി നേടിയത്‌. ഇത്തവണ ആ പ്രകടനം ആവർത്തിക്കാനായില്ലെങ്കിലും മെഡലിൽ മാറ്റമുണ്ടായില്ല. പരിശീലകനായ അച്ഛൻ എസ്‌ മുരളിക്ക്‌ കീഴിൽ മൂന്നാഴ്‌ച ജപ്പാനിൽ പരിശീലനം നടത്തിയശേഷമാണ്‌ ലോങ്ജമ്പ്‌ മത്സരത്തിനിറങ്ങിയത്‌. പരിക്കേറ്റത്‌ തിരിച്ചടിയായി.


രണ്ടുവർഷം മുമ്പ്‌ പാരിസ്‌ ഒളിമ്പിക്‌സിനുള്ള പരിശീലനത്തിനിടെ കാൽമുട്ടിന്‌ ഗുരുതര പരിക്കേറ്റിരുന്നു. തിരിച്ചുവരവ്‌ അസാധ്യമെന്ന്‌ കരുതിയതാണ്‌. എന്നാൽ ശസ്‌ത്രക്രിയക്കും വിശ്രമത്തിനും പരിശീലനത്തിനും ശേഷം കൂടുതൽ കരുത്തോടെ തിരിച്ചുവരുന്ന ശ്രീശങ്കറിനെയാണ്‌ കണ്ടത്‌. 650 ദിവസമാണ്‌ കളത്തിൽനിന്നും മാറിനിന്നത്‌. രണ്ട്‌ സുപ്രധാന ഗെയിംസുകളിൽ വെള്ളി മെഡൽ നേട്ടത്തോടെ തിരിച്ചുവരവ്‌ ആഘോഷിക്കുകയാണ്‌ ഇരുപത്തേഴുകാരൻ.


ജൂലൈയിൽ നടന്ന കോമൺവെൽത്ത്‌ ഗെയിംസിലും ഇപ്പോൾ ഏഷ്യൻ ഗെയിംസിലും. ഗ്ലാസ്‌കോ കോമൺവെൽത്ത്‌ ഗെയിംസിൽ 8.09 മീറ്റർ ദൂരം താണ്ടിയാണ്‌ വെള്ളി. ഇനി അടുത്തവർഷത്തെ ലോകചാമ്പ്യൻഷിപ്പും തൊട്ടടുത്ത വർഷം ഒളിമ്പിക്‌സും.


പാലക്കാട്‌ യാക്കരയിലെ ‘ശ്രീപാർവതി’ വീട്ടിൽ മത്സരം കാണാൻ ബന്ധുക്കളും അയൽവാസികളും കൂട്ടുകാരുമുണ്ടായിരുന്നു. മത്സരത്തിനിടെ പരിക്കേറ്റത്‌ അമ്മ കെ എസ്‌ ബിജിമോൾ ഉൾപ്പെടെയുള്ളവരെ ആശങ്കയിലാഴ്‌ത്തി. പരിക്ക്‌ ഗുരുതരമല്ലെന്നും വെള്ളി നേടിയെന്നുമുള്ള വിവരം ആശ്വാസമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home