print edition കായികതാരങ്ങൾ ആശങ്കയിൽ; ദേശീയ മീറ്റിനൊപ്പം സ്‌കൂൾ ഒളിമ്പിക്‌സ്

കോഴിക്കോട് : സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആശങ്കയിൽ കായികതാരങ്ങൾ. ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റും സംസ്ഥാന സ്‌കൂൾ കായികമേളയും തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്നതാണ് പ്രശ്‌നം. 23 മുതൽ 27 വരെ ചെന്നൈയിലാണ് ജൂനിയർ മീറ്റ്. 25 മുതൽ 31 വരെ കോഴിക്കോട് എൻഐടി ക്യാമ്പസിലാണ് സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സ്.
അത്‌ലറ്റിക്‌സ് മത്സരക്രമം ഇതുവരെ തീരുമാനമായിട്ടില്ലെങ്കിലും 27 മുതൽ തുടങ്ങുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ദേശീയ മീറ്റിൽ മത്സരിക്കുന്ന താരങ്ങൾ തൊട്ടടുത്ത ദിവസം ചെന്നൈയിൽ നിന്ന് കോഴിക്കോട്ടെത്തണം. ഇത്രയും ദൂരം യാത്ര ചെയ്ത് എങ്ങനെ മത്സരത്തിൽ പങ്കെടുക്കുമെന്നാണ് താരങ്ങളും പരിശീലകരും ചോദിക്കുന്നത്.
മതിയായ വിശ്രമത്തിനുള്ള സമയവും ലഭിക്കില്ല. ജൂനിയർ മീറ്റിന്റെ ഷെഡ്യൂൾ നേരത്തെ തീരുമാനിച്ചതാണ്. ഇക്കാര്യം പരിഗണിക്കാതെ സ്‌കൂൾ ഒളിമ്പിക്‌സ് നിശ്‌ചയിച്ചതാണ് ബുദ്ധിമുട്ടായത്.
ഇതിനിടയിൽ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ വന്നതും താരങ്ങൾക്കും അധികൃതർക്കും തിരിച്ചടിയായി. 12 മുതൽ 17 വരെയാണ് പരീക്ഷകൾ നടക്കേണ്ടത്. ഇതിനിടയിൽ സബ് ജില്ലാ, ജില്ലാ കായിക മേളകളുമുണ്ട്. പരീക്ഷയും കായികമേളകളും ഒരുമിച്ച് വരുന്നതും കുട്ടികൾക്ക് പ്രയാസമുണ്ടാക്കുന്നു.
സ്‌കൂൾ ഒളിമ്പിക്‌സ് നടക്കുന്ന കോഴിക്കോട് ജില്ലയിൽ പോലും ഗെയിംസ് മത്സരങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. നേരത്തെ നിശ്ചയിച്ചത് പ്രകാരം ഒക്‌ടോബർ ആറിന് തീരേണ്ടതായിരുന്നു. എന്നാൽ അധ്യാപകരുടെ കുറവും പരീക്ഷകളുടെ വരവുമെല്ലാം സംഘാടനത്തെ ബാധിച്ചു.
ഇനി ഒമ്പത് ഇനങ്ങളാണ് പൂർത്തിയാകാനുള്ളത്. 16,17, 18 തീയതികളിലാണ് റവന്യൂ ജില്ലാ കായികമേള. അതിന് ശേഷം ഒരാഴ്‌ച മാത്രമാണ് സംസ്ഥാന മേളയ്‌ക്ക് ഒരുങ്ങാനുള്ളത്.









0 comments