Deshabhimani

print edition ജൂനിയർ അത്‍ലറ്റിക്സ്‌ ചാമ്പ്യൻഷിപ്; അവസാനദിനം വേഗപ്പോര്

Athletic.jpg

അണ്ടർ 20 പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ അനന്യ സുരേഷ് (സായി തിരുവനന്തപുരം)

വെബ് ഡെസ്ക്

Published on Oct 06, 2026, 01:32 AM | 1 min read

കൊല്ലം: സംസ്ഥാന ജൂനിയർ അത്‍ലറ്റിക്സ്‌ ചാമ്പ്യൻഷിപ്പിന്റെ മൂന്നാംദിനത്തിൽ വേഗപ്പൂരത്തിന്‌ സാക്ഷിയായി കൊല്ലം ലാൽ ബഹാദൂർ സ്റ്റേഡിയം. അഞ്ച്‌ പുതിയ മീറ്റ്‌ റെക്കോഡ് പിറന്നു. പ്രതിസന്ധികളോട് മല്ലിട്ട് ട്രാക്കിലിറങ്ങിയ പാലക്കാടിന്റെ ആർ ഋതുപർണ അണ്ടർ 18പെൺകുട്ടികളുടെ 100 മീറ്ററിൽ കരിയറിലെ ആദ്യ സ്വർണം സ്വന്തമാക്കിയപ്പോൾ അണ്ടർ 18 ആൺകുട്ടികളുടെ 100മീറ്ററിൽ പത്തനംതിട്ടയ്ക്കുവേണ്ടി ട്രാക്കിലിറങ്ങിയ ജെ നിവേദ് കൃഷ്ണ 10.72 സെക്കൻഡിൽ പുതിയ വേഗരാജാവായി.


അണ്ടർ18 ആൺകുട്ടികളുടെ 5000മീറ്റർ നടത്തത്തിൽ എറണാകുളത്തിന്റെ ലാൽകൃഷ്ണ ഷിബു 23 മിനിറ്റ് 55.84 സെക്കൻഡിൽ പുതിയ മീറ്റ് റെക്കോഡ് കുറിച്ചു. ടീം ഇനങ്ങളിൽ റിലേ മത്സരങ്ങളാണ് മൂന്നാംദിനത്തെ ആവേശഭരിതമാക്കിയത്. അണ്ടർ 16 പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ പാലക്കാട് (51. 42 സെക്കൻഡ്), അണ്ടർ 16 ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം (43.59 സെക്കൻഡ്), അണ്ടർ 18 ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ തൃശൂർ (42.93 സെക്കൻഡ്)എന്നിവർ പുതിയ മീറ്റ് റെക്കോഡോടെ സ്വർണംകൊയ്തു.


മൂന്നാംദിനവും കനത്ത പോരാട്ടത്തിനൊടുവിൽ പാലക്കാട് ആധിപത്യം നിലനിർത്തി. 307പോയിന്റുമായി ഒന്നാംസ്ഥാനത്ത് തുടരുമ്പോൾ തൊട്ടുപിന്നിലുള്ള മലപ്പുറം 305 പോയിന്റുമായി വെല്ലുവിളി ഉയർത്തുന്നുണ്ട്‌. 246 പോയിന്റോടെ തിരുവനന്തപുരം മൂന്നാമതും 203.5 പോയിന്റുമായി തൃശൂർ, 172.5 പോയിന്റുമായി കോട്ടയം എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലുമുണ്ട്. 11സ്വർണവും 18വെള്ളിയും 14 വെങ്കലവുമാണ്‌ പാലക്കാടിന്റെ സമ്പാദ്യം. മലപ്പുറത്തിന്‌ ഒമ്പത്‌ സ്വർണവും 17 വെള്ളിയും 19 വെങ്കലവുമുണ്ട്‌. തിരുവനന്തപുരത്തിന്‌ 13 സ്വർണവും 11വെള്ളിയും 13 വെങ്കലവുമുണ്ട്‌. അവസാനദിനമായ ചൊവ്വാഴ്ച 43 ഇനങ്ങളിൽ ഫൈനൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home