ad
Deshabhimani

print edition കടൽ കടന്ന്‌ മുത്തുകളെത്തും: ആദ്യമായി ഗൾഫിൽനിന്ന്‌ പെൺകുട്ടികളും

sports meet gulf team

സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തുന്ന ഗൾഫ്‌ ടീം

avatar
ഡി കെ അഭിജിത്‌

Published on Oct 19, 2025, 12:00 AM | 1 min read

കൊച്ചി: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ തുടർച്ചയായ രണ്ടാം വർഷവും ഗൾഫ്‌ ടീം എത്തും. അക്കരെനിന്ന്‌ ആദ്യമായി പെൺകുട്ടികളും മത്സരിക്കാനെത്തുന്നു എന്ന പ്രത്യേകതയാണ്‌ ഇക്കുറി. അഞ്ച്‌ പെൺകുട്ടികളാണ്‌ സംഘത്തിലുള്ളത്‌. ഐഷ നവാബ്‌, സനാ ഫാത്തിമ, ഷൈഖ അലി, തമന്ന, നജ ഫാത്തിമ എന്നീ മിടുക്കികളാണ്‌ കടൽ കടന്നെത്തുന്നത്‌. 39 വിദ്യാർഥികളും എട്ട്‌ അധ്യാപകരുമുൾപ്പെടെ 47 പേരുടെ സംഘമാണ്‌ തലസ്ഥാനത്തെത്തുക. കഴിഞ്ഞ തവണ 50 പേരുണ്ടായിരുന്നു. ഒളിമ്പിക്‌സ്‌ മാതൃകയിൽ സംഘടിപ്പിച്ച കൊച്ചി മേളയിലാണ്‌ ആദ്യമായി ഗൾഫിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന കുട്ടികൾ മത്സരിക്കാനെത്തിയത്‌.


ദുബായ്‌ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ നടന്ന സെലക്ഷൻ ട്രയൽസിൽ അഞ്ച്‌ സ്‌കൂളുകളിൽനിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തിരുന്നു. ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ ദുബായ്‌, ഗൾഫ്‌ മോഡൽ സ്‌കൂൾ ദുബായ്‌, മോഡൽ പ്രൈവറ്റ്‌ സ്‌കൂൾ അബുദാബി, ഇന്ത്യൻ സ്‌കൂൾ ഫുജൈറ, ദി ഇന്ത്യൻ പ്രൈവറ്റ്‌ സ്‌കൂൾ ഉം അൽ ക്വയിൻ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ്‌ സംഘത്തിലുള്ളത്‌.


ഗൾഫ്‌ മോഡൽ സ്‌കൂൾ ദുബായിലെ കായിക വിഭാഗം മേധാവിയായ സുമേഷ്‌ കുമാർ, മോഡൽ പ്രൈവറ്റ്‌ സ്‌കൂൾ അബുദാബിയിലെ കായിക വിഭാഗം മേധാവി ചന്ദ്രൻ, ന്യൂ ഇന്ത്യൻ സ്‌കൂൾ ദുബായിലെ കായിക വിഭാഗം മേധാവി മുഹമ്മദ്‌ ആസിഫ്‌, അഫ്‌സത്ത്‌ എന്നീ അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു തെരഞ്ഞെടുപ്പും പരിശീലനവും. പെൺകുട്ടികൾ അഞ്ചുപേരും അത്‌ലറ്റിക്‌സിലാണ്‌. ആൺകുട്ടികൾ അത്‌ലറ്റിക്‌സിനൊപ്പം ഫുട്‌ബോൾ, ബാസ്‌കറ്റ്‌ബോൾ, ബാഡ്‌മിന്റൺ എന്നിവയിൽ മത്സരിക്കും.


വിവരങ്ങൾ 
വിരൽത്തുമ്പിൽ


തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കും. അക്കോമഡേഷൻ കമ്മിറ്റി തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി വി ശിവൻകുട്ടി പ്രകാശിപ്പിച്ചു. മത്സര ഇനങ്ങളും താമസസ്ഥലങ്ങളും ലൊക്കേഷൻ മാപ്പും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ വാട്‌സാപ്പിലൂടെയും ഇ മെയിലിലൂടെയും എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ഗ്രൂപ്പുകളിലും ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home