പതിറ്റാണ്ട് മായ്‌ച്ച് കിരൺ

സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റിൽ അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ കിരൺ റെക്കോഡോടെ സ്വർണം നേടുന്നു /ഫോട്ടോ: എ ആർ അരുൺരാജ്

Sports Desk
Published on Aug 19, 2025, 03:19 AM | 1 min read
തിരുവനന്തപുരം
പത്ത് വർഷം പഴക്കമുള്ള റെക്കോഡ് മായ്‌ച്ച് പാലക്കാടിന്റെ കെ കിരൺ. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിൽ അണ്ടർ 20 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ 13.84 സെക്കൻഡിൽ പുതിയ സമയം കുറിച്ചു. പാലക്കാട് ഒളിമ്പിക് അത്‌ലറ്റിക് ക്ലബ്ബിൽ സി ഹരിദാസിനു കീഴിൽ പരിശീലിക്കുന്ന കിരൺ വിക്‌ടോറിയ കോളേജ് രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിയാണ്. 2015ൽ മെയ്‌മോൻ പൗലോസ് സ്ഥാപിച്ച 13.94 സെക്കൻഡാണ് മറികടന്നത്. മൂന്നാം ദിനം ഇതടക്കം നാല് റെക്കോഡുണ്ടായി.
ഡിസ്‌കസ് ത്രോയില്‍ കാസര്‍കോടിന്റെ കെ സി സര്‍വാന്‍ 51.11 മീറ്റര്‍ മറികടന്ന് സ്വന്തം റെക്കോഡ് പുതുക്കി. ആൺകുട്ടികളുടെ 4-x100 മീറ്റര്‍ റിലേയില്‍ തിരുവനന്തപുരം ടീം 42.57 സെക്കന്‍ഡില്‍ കുതിച്ചെത്തി റെക്കോഡിട്ടു. ആറ് വർഷം മുമ്പത്തെ സ്വന്തം റെക്കോഡാണ് തിരുത്തിയത്. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ആലപ്പുഴയുടെ ടി എം അതുല്‍ 21.77 സെക്കന്‍ഡില്‍ പുതിയ സമയം കുറിച്ചു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് അവസാനിക്കുന്ന മീറ്റില്‍ 25 സ്വര്‍ണവും 16 വെള്ളിയും 26 വെങ്കലവുമായി 477 പോയിന്റോടെ പാലക്കാട് ലീഡ് തുടരുന്നു. മലപ്പുറത്തിന് 19 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവുമടക്കം 428.5 പോയിന്റുണ്ട്. ആതിഥേയരായ തിരുവനന്തപുരം 16 സ്വര്‍ണവും 15 വെള്ളിയും 12 വെങ്കലവുമായി 311 പോയിന്റോടെ മൂന്നാമതുണ്ട്. ഇന്ന് 21 ഇനങ്ങളിൽ ഫൈനലുണ്ട്.









0 comments