Deshabhimani

സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റ്‌ ; പാലക്കാടിനെ പിടിക്കാൻ മലപ്പുറം

Junior Athletic Meet

സംസ്ഥാന ജൂനിയർ അത്ലറ്റിക്-സ് അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്റർ മത്സരത്തിൽ 
തിരുവനന്തപുരം ജി വി രാജയുടെ മുഹമ്മദ് അഷ്‌ഫാക്ക് റെക്കോഡോടെ സ്വർണം നേടുന്നു; ; ഫോട്ടോ: എ ആർ അരുൺ രാജ്

avatar
വൈഷ്‌ണവ്‌ ബാബു

Published on Aug 18, 2025, 12:37 AM | 1 min read


​തിരുവനന്തപുരം

​സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ പാലക്കാടും മലപ്പുറവും കിരീടത്തിനായി ഒപ്പത്തിനൊപ്പം മുന്നേറുന്നു. 19 സ്വർണവും 13 വെള്ളിയും 19 വെങ്കലവുമായി 357 പോയിന്റോടെ പാലക്കാടാണ്‌ ഒന്നാമത്‌. 17 സ്വർണവും 16 വെള്ളിയും 14 വെങ്കലവുമുള്ള മലപ്പുറം (329.5) പിന്നാലെയുണ്ട്‌. രണ്ടാം ദിവസം അവസാനിക്കുമ്പോൾ തിരുവനന്തപുരം 268.5 പോയിന്റുമായി മൂന്നാമതാണ്‌.


റിലേയിൽ ഉൾപ്പെടെ ഒമ്പത്‌ റെക്കോഡുകൾ പിറന്നു. ഇതോടെ ആകെ റെക്കോഡിന്റെ എണ്ണം 13 ആയി. 20 വയസ്സിനുതാഴെയുള്ള ആൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരത്തിന്റെ മുഹമ്മദ്‌ അഷ്‌ഫാഖ്‌ (47.34 സെക്കൻഡ്‌) പുതിയ സമയം കുറിച്ചു. 4x400 മീറ്റർ മിക്‌സഡ്‌ റിലേയിൽ പാലക്കാട്‌ (മൂന്ന്‌ മിനിറ്റ്‌ 41.60 സെക്കൻഡ്‌) റെക്കോഡിട്ടു. അണ്ടർ 14 പെൺകുട്ടികളുടെ 60 മീറ്ററിൽ പാലക്കാടിന്റെ എസ്‌ ആൻവി, ട്രയാത്ത്‌ലൺ ‘സി’യിൽ കോഴിക്കോടിന്റെ സൈന, ട്രയാത്ത്‌ലൺ ‘എ’യിൽ തിരുവനന്തപുരത്തിന്റെ ശ്രീനന്ദ എന്നിവർക്കും റെക്കോഡുണ്ട്‌. ആൺകുട്ടികളുടെ കിഡ്‌സ്‌ ജാവലിൻ ത്രോയിൽ തിരുവനന്തപുരത്തിന്റെ ആർ ബി അജോ ജോസഫ്‌ (36.53 മീറ്റർ) പുതിയ ദൂരം കണ്ടെത്തി, അണ്ടർ 16 പെൺകുട്ടികളുടെ ലോങ്‌ജമ്പിൽ ആലപ്പുഴയുടെ അനാമിക അജേഷ്‌ (4.05 മീറ്റർ), ആൺകുട്ടികളുടെ 80 മീറ്റർ ഹർഡിൽസിൽ തിരുവനന്തപുരത്തിന്റെ ഗ‍ൗരേഷ്‌ ബിനോയ്‌ (10.89), അണ്ടർ 18 ആൺകുട്ടികളുടെ ഹെപ്റ്റാത്തലണിൽ ആലപ്പുഴയുടെ അഭിനവ്‌ ശ്രീറാം (4753) എന്നിവരും റെക്കോഡിന്‌ അർഹരായി.


അണ്ടർ 20 ആൺകുട്ടികളുടെ 5000 മീറ്ററിൽ കോട്ടയത്തിന്റെ കെ എം അജിതും പെൺകുട്ടികളിൽ പാലക്കാടിന്റെ നേഹ കെ ദാസും സ്വർണം നേടി. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ പത്തനംതിട്ടയുടെ സ്നേഹ മറിയം വിൽസൺ ഒന്നാമതെത്തി. പോൾവോൾട്ടിൽ എറണാകുളത്തിന്റെ ആൻ മറിയ ബെന്നി സ്വർണം നേടി. മീറ്റ്‌ ഇന്നും നാളെയുമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home