Deshabhimani

print edition പൊൻ സിക്‌സർ

ASian games 2026
വെബ് ഡെസ്ക്

Published on Oct 04, 2026, 01:30 AM | 1 min read

അൽഭുതങ്ങളൊന്നും സംഭവിച്ചില്ല. പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സ്വർണം നിലനിർത്തി. പാകിസ്ഥാന്റെ പുതുനിരയെ 19 റണ്ണിന്‌ തോൽപ്പിച്ചാണ്‌ നേട്ടം. ഏഷ്യൻ ഗെയിംസ്‌ ക്രിക്കറ്റിൽ ഇരട്ട സ്വർണമാണ്‌. നേരത്തെ വനിതകളും ചാമ്പ്യൻമാരായിരുന്നു. ടോസ്‌ നേടി ബാറ്റിങ്‌ തെരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണർ അഭിഷേക്‌ ശർമ (28 പന്തിൽ 61), തിലക്‌ വർമ (22 പന്തിൽ 51*) എന്നിവർ മിന്നി. 212 റൺ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനായി ഹസൻ നവാസ്‌ (51 പന്തിൽ 96) മാത്രം പൊരുതി. സ്‌കോർ: ഇന്ത്യ 211/6, പാകിസ്ഥാൻ 192/6. സ്വർണം നേടിയ ഇന്ത്യൻ നിരയിൽ മലയാളി സാന്നിധ്യമായി സഞ്‌ജു സാംസണുണ്ട്‌.


വേഗത കുറഞ്ഞ പിച്ചിൽ അഭിഷേക്‌ കത്തിക്കയറി. ഏഴ്‌ സിക്‌സറും മൂന്ന്‌ ഫോറുമാണ്‌ ഇടംകൈയൻ പായിച്ചത്‌. സഹഓപ്പണർ വൈഭവ്‌ സൂര്യവംശി (15) വേഗം മടങ്ങി. തുടർച്ചയായ രണ്ടാം മത്സരത്തിലും മൂന്നാമനായെത്തിയ സഞ്‌ജു (2) നിരാശപ്പെടുത്തി. ക്യാപ്‌റ്റൻ ശ്രേയസും (21) ഇഷാൻ കിഷനും (20) വലിയ സ്‌കോർ നേടാനായില്ല. 14.1 ഓവറിൽ അഞ്ച്‌ വിക്കറ്റ്‌ നഷ്ടത്തിൽ 133 റണ്ണെന്ന നിലയിലുണ്ടായിരുന്ന ടീമിനെ തിലകും ദുബെയും ചേർന്ന്‌ ഉയർത്തി. അവസാന ഓവറുകളിൽ കൂറ്റനടിയായിരുന്നു. ആറാം വിക്കറ്റിൽ 62 റൺ പിറന്നു. തിലക്‌ നാല്‌ സിക്‌സറും മൂന്ന്‌ ഫോറും നേടിയപ്പോൾ ദുബെ രണ്ട്‌ വീതം സിക്‌സറും ബ‍ൗണ്ടറിയും കുറിച്ചു. പാകിസ്ഥാന്റെ മറുപടിയിൽ നാലാമനായെത്തിയ ഹസൻ വെടിക്കെട്ട്‌ നടത്തി ഇന്ത്യയെ പരീക്ഷിച്ചെങ്കിലും ജയിക്കാൻ അത്‌ മതിയായിരുന്നില്ല.


സൂര്യവംശിക്ക്‌ റെക്കോഡ്‌



ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി വൈഭവ്‌ സൂര്യവംശി. ക്രിക്കറ്റിൽ ഇന്ത്യ ജേതാക്കളായതോടെയാണ്‌ പതിനഞ്ചുകാരൻ അപൂർവ റെക്കോഡ്‌ പേരിലാക്കിയത്‌. 2018 ജക്കാർത്ത ഗെയിംസിൽ പൊന്നണിഞ്ഞ ഷൂട്ടറായ സ‍ൗരഭ്‌ ച‍ൗധരിയുടെ റെക്കോഡ്‌ മായ്‌ച്ചു. സ്വർണം വെടിവച്ചിടുമ്പോൾ സ‍ൗരഭിന്‌ പതിനാറായിരുന്നു പ്രായം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home