തുഴച്ചിലിൽ പെൺകരുത്ത്; ഒമ്പതാം ദിനം കേരളത്തിന് നാല് മെഡലുകൾ

Coxless Four
ഡെറാഡൂൺ : 38-ാമത് ദേശീയ ഗെയിംസിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് കേരളം. ദേശീയ ഗെയിംസിന്റെ ഒമ്പതാം ദിനമായ ഇന്ന് ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ നാല് മെഡലുകളാണ് കേരളം ഇന്ന് നേടിയത്. വനിതകളുടെ തുഴച്ചിലിൽ നിന്നാണ് കേരളത്തിന്റെ നാല് മെഡലുകളും വന്നത്. കോക്‌സ്‌ലസ് ഫോറിൽ സ്വർണം നേടിയപ്പോൾ കോക്‌സ്‌ലസ് പെയർ, ഡബിൾ സ്‌കൾ വിഭാഗത്തിൽ വെള്ളിയും ക്വാഡ്രപിൾ സ്‌കള്ളിൽ വെങ്കലവും നേടി.
വുമൺസ് കോക്ക്സ് ലെസ് ഫോറിൽ റോസ് മരിയ ജോഷിയും കെ ബി വർഷയും പി ബി അശ്വതും വി എസ് മീനാക്ഷിയും ഉൾപ്പെട്ട നാലംഗ ടീമാണ് സ്വർണം നേടിയത്. വുമൺസ് കോക്‌സ്‌ലസ് ഫോർ പെയറിൽ ബി വിജിന മോളും അലീന ആന്റോയും വെള്ളി മെഡൽ കരസ്ഥമാക്കി. ഗൗരി നന്ദയും സാനിയ ജെ കൃഷ്ണനും ചേർന്ന് ഡബിൾ സ്കളിൽ വെള്ളി നേടി.
ക്വാഡ്രപിൾ സ്‌കള്ളിൽ അന്ന ഹെലൻ ജോസഫ്, ഗൗരി നന്ദ, സാനിയ ജെ കൃഷ്ണൻ, അശ്വനി കുമാരൻ എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം കിട്ടിയത്. ഇതോടെ 24 മെഡലുകളാണ് കേരളം സ്വന്തമാക്കിയത്. ഒമ്പത് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമായി എട്ടാം സ്ഥാനത്താണ് കേരളം.










0 comments