അഞ്ച് സ്വർണം, മൂന്ന് മീറ്റ് റെക്കോഡ്; ഇത് പിരപ്പൻകോടിന്റെ ഗോൾഡൻ ബോയി

തിരുവനന്തപുരം: ആദ്യമായി നീന്തൽ പഠിച്ച സ്ഥലത്ത് തന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ശ്രീഹരി പി. സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ബോയ്സ് സ്വിമ്മിംഗ് വിഭാഗത്തിൽ അഞ്ച് സ്വർണം നേടിയ ശ്രീഹരി അതിൽ മൂന്നെണ്ണത്തിലും മീറ്റ് റെക്കോഡ് കുറിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശിയാണ്.
100 മീറ്റർ ഫ്രീ സ്റ്റൈലിൽ 53.29 സെക്കൻഡിലും, 200 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.56.78 മിനിറ്റിലും 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ 2.12.55 മിനിറ്റിൽ പൂർത്തിയാക്കിയുമാണ് ഹാട്രിക്ക് മീറ്റ് റെക്കോർഡോടെ ശ്രീഹരി സ്വർണം നെഞ്ചിലണിഞ്ഞത്. ഇത് കൂടാതെ 4x100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലും, 4x100 മെഡ്‌ലെ റിലേയിലും സ്വർണം നേടി സീനിയർ ആൺകുട്ടികളുടെ നീന്തലിൽ തന്റെ ആധിപത്യം അരക്കെട്ടുറപ്പിച്ചു.
ദിവസവും പുലർച്ചെയും വൈകിട്ടും മുടങ്ങാതെ നീന്തൽ പരിശീലനം നടത്തുന്ന ശ്രീഹരി, ദൃഢനിശ്ചയവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയുന്നു. വെമ്പായം കൊപ്പം വിജുഭവനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ വിജുകുമാറിന്റെയും അധ്യാപികയായ സുജയുടെയും ഏക മകനാണ്. ശ്രീഹരിയുടെ വിജയത്തിന് പിന്നിൽ കഠിനാധ്വാനവും ലക്ഷ്യബോധവുമാണെന്ന് പരിശീലകൻ ലിജു കൂട്ടിച്ചേർത്തു.










0 comments