Deshabhimani

റോളർ ഹോക്കി ലോക സ്കേറ്റ് ഗെയിംസിൽ തിളങ്ങി തൊടുപുഴക്കാരൻ ക്രിസ്റ്റഫർ സണ്ണി

Christophersunny

ക്രിസ്റ്റഫർ സണ്ണി

വെബ് ഡെസ്ക്

Published on Oct 16, 2026, 05:08 PM | 1 min read

തൊടുപുഴ : റോളർ ഹോക്കി ദേശീയ ടീമിൽ ഇടം നേടി രാജ്യാന്തര തലത്തിൽ മികവ് തെളിയിച്ച് തൊടുപുഴക്കാരൻ ക്രിസ്റ്റഫർ സണ്ണി. പരാഗ്വെ തലസ്ഥാനമായ അസുൻസിയോണിൽ നടന്ന ലോക സ്കേറ്റ് ഗെയിംസിൽ ഇന്ത്യൻ ടീമിനായി കളിച്ച ക്രിസ്റ്റഫർ ശ്രദ്ധേയമായ നേട്ടമാണ് സ്വന്തമാക്കിയത്. ക്വാർട്ടർ ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ട ഇന്ത്യൻ ടീം ബുധനാഴ്ച നാട്ടിൽ മടങ്ങിയെത്തി.


തൊടുപുഴയ്ക്കടുത്ത് ഒളമറ്റം കാവിൽപുരക്കൽ സണ്ണി-റെനി ദമ്പതികളുടെ ഇളയമകനാണ് ക്രിസ്റ്റഫർ. മാതാപിതാക്കൾ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ക്രിസ്റ്റഫറിന് ചെറുപ്പം മുതലേ സ്കേറ്റിങ്ങിനോടായിരുന്നു താല്പര്യം. തുടർന്ന് വെങ്ങല്ലൂർ യുപി സ്കൂളിലെ റോളർ ഹോക്കി അക്കാദമിയിൽ പരിശീലനം ആരംഭിച്ചു.


തൊടുപുഴ ജയറാണി പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പരിശീലനം തുടർന്നു. പ്ലസ് വൺ മുതൽ മാള ഹോളി ഗ്രേസ് അക്കാദമിയിൽ ചേർന്നു. നിലവിൽ ഇവിടെ പ്ലസ് ടു കൊമേഴ്സ് വിദ്യാർഥിയാണ്.


കഴിഞ്ഞ ദേശീയ മത്സരത്തിൽ കേരളത്തിന്റെ ജൂനിയർ റോളർ ഹോക്കി ടീമിനെ നയിച്ച ക്രിസ്റ്റഫർ ക്യാപ്റ്റനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു. ഇതോടെയാണ് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. തുടർന്ന് ലോക സ്കേറ്റ് ഗെയിംസിൽ പങ്കെടുക്കാൻ പരാഗ്വെയിലേക്ക് തിരിച്ചു.


മലയോരമേഖലയിൽനിന്ന് റോളർ ഹോക്കിയിൽ ഉയർന്നുവരുന്ന ക്രിസ്റ്റഫറിന് പിന്തുണയുമായി മാതാപിതാക്കളായ സണ്ണിയും റെനിയും സഹോദരൻ ക്രിസ്റ്റോയും സഹോദരി ക്രിസ്റ്റീനയുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home