ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പ് ; മെഡൽ ഉറപ്പിച്ച് സാത്വിക്–ചിരാഗ്


Sports Desk
Published on Aug 31, 2025, 03:57 AM | 1 min read
പാരിസ്
ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യൻ സഖ്യം. പുരുഷ ഡബിൾസിൽ സാത്വിക് സായ്‌രാജ് രെങ്കിറെഡ്ഡി– ചിരാഗ് ഷെട്ടി കൂട്ടുകെട്ട് സെമിയിൽ കടന്നതോടെയാണ് വെങ്കല മെഡൽ ഉറപ്പാക്കിയത്. 2022ൽ ഇൗ സഖ്യം വെങ്കലം നേടിയിരുന്നു.
ലോക രണ്ടാം റാങ്കുകാരായ മലേഷ്യയുടെ ആരോൺ ചിയ–റൂയി യിക്‌സോ സഖ്യത്തെയാണ് ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. 43 മിനിറ്റിൽ 21–12, 21–19ന് ജയിച്ചുകയറി. പാരിസ് ഒളിമ്പിക്‌സ് ക്വാർട്ടറിലെ തോൽവിക്കും 2022ലെ ലോക ചാമ്പ്യൻഷിപ്പ് സെമി പരാജയത്തിനും ഇന്ത്യൻ ജോഡി പകരം വീട്ടി. ഇരുടീമുകളും 15 തവണ ഏറ്റുമുട്ടിയതിൽ നാലാം ജയമാണ്.
റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യൻ സഖ്യം ആത്മവിശ്വാസത്തോടെയാണ് മുന്നേറിയത്. ആദ്യ ഗെയിമിൽ കരുത്തുറ്റ ഷോട്ടുകളുമായി 11–6ന് ലീഡ് നേടി. തുടക്കത്തിൽ കിട്ടിയ മുൻതൂക്കം പിന്നീട് വിട്ടുകൊടുത്തില്ല. രണ്ടാം ഗെയിമിലും വ്യക്തമായ ലീഡ് കിട്ടി. എന്നാൽ 17–11 ലീഡിൽ നിൽക്കെ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് മലേഷ്യൻ താരങ്ങൾ തിരിച്ചുവരവിന് ശ്രമിച്ചു. ഇന്ത്യയെ 19–19ന് പിടിച്ചുകെട്ടിയെങ്കിലും ജയിക്കാനുള്ള ഷോട്ടുകൾ മലേഷ്യൻ റാക്കറ്റിൽ ഇല്ലാതെപോയി. രണ്ട് പോയിന്റ് നേടി ഗെയിമും കളിയും ഇന്ത്യ സ്വന്തമാക്കി. 2011 മുതൽ എല്ലാ ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യക്ക് മെഡലുണ്ട്. സെമിയിൽ പതിനൊന്നാം റാങ്കുള്ള ചൈനയുടെ ലിയു ബോ യാങ് ചെൻ കൂട്ടുകെട്ടാണ് എതിരാളി.








0 comments